ADVERTISEMENT

സൈന്യം എന്താണെന്നും എന്തിനാണെന്നും ചോദിച്ചാല്‍ പലരും പല മറുപടികളും പറഞ്ഞേക്കും. പക്ഷേ, സൈനികനായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഒരു കൊച്ചുപെണ്‍കുട്ടിയുടെ വാക്കുകളില്‍ സൈന്യത്തിന്റെ ഏറ്റവും അര്‍ഥവത്തായ നിര്‍വചനമുണ്ട്. വിശ്വാസവും നഷ്കളങ്കതയുമുണ്ട്. പപ്പ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്പോള്‍ ഓര്‍ത്തെടുത്ത കുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

രാജ്യസ്നേഹവും ദേശാഭിമാനവും ഉണര്‍ത്തുന്ന വിഡിയോ. രക്തസാക്ഷികളുടെ ഓര്‍മയില്‍ നീറുന്നവരെക്കൊണ്ടുപോലും ജയ് ഹിന്ദ് വിളിപ്പിക്കുന്ന വിഡിയോ. മേജര്‍ അക്ഷയ് ഗിരീഷിന്റെ മകള്‍ നൈനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന വിഡിയോയിലെ താരം. 2016 നവംബര്‍ 29 ന് നഗ്രോതയില്‍വച്ച്  ശത്രുക്കളെ തുരത്തുന്നതിനിടെയാണ് മേജര്‍ രക്തസാക്ഷിയായത്. 

സ്നേഹം ഒരു വികാരമാണ്. അഭിമാനവും. പപ്പയുടെ സൈന്യത്തോടുള്ള ആദരവും രാജ്യത്തോടുള്ള സ്നേഹവും ഇന്നും മകളില്‍ നിലനില്‍ക്കുന്നതു കാണുമ്പോള്‍ സന്തോഷം- അക്ഷയ് ഗരീഷിന്റെ മാതാവ് മേഘ്ന ഗിരീഷ് പറയുന്നു. നൈനയെക്കുറിച്ചുള്ള പോസ്റ്റിനൊപ്പം അവര്‍ ഒരു വിഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ജോലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പപ്പ പറഞ്ഞ മറുപടി നൈന ഓര്‍ത്തെടുക്കുന്നതാണ് വിഡിയോയിലുള്ളത്. 

സ്നേഹം വളര്‍ത്താന്‍ വേണ്ടിയാണ് സൈന്യം. ചീത്ത അങ്കിള്‍മാരെ തുരത്താനും. നമുക്ക് ഒരു പേടിയും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനാണ് സൈനികര്‍ ജോലി ചെയ്യുന്നത്. ജയ് ഹിന്ദ് എന്ന് അഭിമാനത്തോടെ പറയാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാക്കുകയാണ് സൈന്യം- നൈന പറയുന്നു. പപ്പ പറഞ്ഞുകൊടുത്ത വാക്കുകളാണ് കുട്ടി വിഡിയോയില്‍ പറയുന്നത്. 

പോസ്റ്റും അതിനൊപ്പമുള്ള വിഡിയോയും പെട്ടെന്നുതന്നെ വൈറലായി. നൈനയുടെ നിഷ്കളങ്കമായ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ഒരുനിമിഷമെങ്കിലും  രാജ്യത്തെക്കുറിച്ചു ചിന്തിക്കും. രാജ്യത്തെ സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ചും പോരാടുന്ന സൈനികരെക്കുറിച്ചും. നൂറുകണക്കിനുപേര്‍ പോസ്റ്റിനു കമന്റ് എഴുതിയിട്ടുണ്ട്. എല്ലാ കമന്റുകളും ആവേശത്തോടെ ആവര്‍ത്തിക്കുന്നു: ജയ് ഹിന്ദ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com