ADVERTISEMENT

സൈനികനായ ഭർത്താവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു നീരജ. എന്നാൽ സംഭാഷണം അവസാനിക്കുന്നതിനു മുമ്പു തന്നെ ഫോണ്‍ കട്ടായി. വീണ്ടും വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്. കുറച്ചുകഴിയുമ്പോള്‍ വീണ്ടും വിളിക്കും എന്ന പ്രതീക്ഷയില്‍ നീരജ കാത്തിരുന്നു. പക്ഷേ, ഭര്‍ത്താവ് പ്രദീപ് കുമാര്‍ പിന്നീട് വിളിച്ചതേയില്ല. 

ഉത്തര്‍പ്രദേശില്‍നിന്നുള്ള മുപ്പതുവയസ്സുകാരനായ പ്രദീപ് കുമാര്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരസൈനികരില്‍ ഒരാളാണ്. ഉത്തര്‍പ്രദേശില്‍നിന്നുതന്നെയുള്ള മറ്റു 11 സൈനികര്‍ക്കും അപ്രതീക്ഷിത ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. കാണ്‍പൂര്‍ ജില്ലയില്‍നിന്നുള്ള നീരജ, പ്രദീപ് കുമാര്‍ വീണ്ടും വിളിക്കുമെന്നുള്ള പ്രതീക്ഷയില്‍ കാത്തിരുന്നപ്പോഴാണ് ടെലിവിഷന്‍ ദുരന്തവാര്‍ത്ത ഫ്ലാഷ് ചെയ്യാന്‍ തുടങ്ങിയത്. ഭര്‍ത്താവിനെക്കുറിച്ചറിയാന്‍ ആരെ എങ്ങനെ വിളിക്കുമെന്ന ആശങ്കയിലായിരുന്നു നീരജയും കുടുംബവും.

വൈകുന്നേരമായപ്പോഴേക്കും നീരജയുടെ ഫോണില്‍ വിളിയെത്തി; ആര്‍മി കണ്‍ട്രോള്‍ റൂമില്‍നിന്ന്. പ്രദീപ് കുമാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയുമായി. നീരജ ഭര്‍ത്താവുമായി സംസാരിച്ച് രണ്ടു മിനിറ്റു കഴിഞ്ഞപ്പോഴായിരുന്നു രാജ്യത്തെയും ലോകത്തെയും നടുക്കിയ ദുരന്തമുണ്ടായത്. ഭര്‍ത്താവിന്റെ മരണം ഉള്‍ക്കൊള്ളാനോ ആ വാര്‍ത്തയുമായി പൊരുത്തപ്പെടാനോ ഇപ്പോഴും അവര്‍ക്കു കഴിയുന്നില്ല. രണ്ടു പെണ്‍കുട്ടികളുടെ പിതാവായ പ്രദീപ് കുമാര്‍ അവധി കഴിഞ്ഞ് ഫെബ്രുവരി 10 നാണ് ജോലിസ്ഥലത്തേക്ക് മടങ്ങിയത്. പിറ്റേന്ന് ജമ്മുവില്‍ എത്തിച്ചേര്‍ത്തു. ഇളയമകള്‍ മന്യയുടെ വിശേഷങ്ങളറിയാന്‍ പ്രദീപ് എപ്പോഴും വിളിക്കുമായിരുന്നു. അവസാനദിവസവും മന്യയെക്കുറിച്ചു ചോദിച്ചു. മകളുടെ വിശേഷം പറയാന്‍ തുടങ്ങിയപ്പോഴേക്കും ഫോണ്‍ കട്ടായി. പിന്നെ...

ബിഹാറിലെ പാറ്റ്നയില്‍നിന്നുള്ള രാജ്‍നന്ദിനിയും പൈശാചികമായ ആക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതിയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി രക്തസാക്ഷിയായ ധീരദേശാഭിമാനിയുടെ ഭാര്യ. ശ്രീനഗറിലേക്കുള്ള യാത്രയിലാണെന്നും അവിടെയെത്തിയാലുടന്‍ വിളിക്കാമെന്നുമാണ് ഭര്‍ത്താവ് രത്തന്‍കുമാര്‍ താക്കൂര്‍ അവസാനമായി രാജ്നന്ദിനിയോടു പറഞ്ഞത്.

അഞ്ചുമാസം ഗര്‍ഭിണിയായ രാജ്നന്ദിനി ആ നിമിഷം മുതല്‍ ഫോണില്‍ ഭര്‍ത്താവിന്റെ വിളിക്കുവേണ്ടി കാത്തിരുന്നു. ഹോളി ആഘോഷിക്കാന്‍ ഉടന്‍തന്നെ വീട്ടിലെത്താനിരിക്കുകയായിരുന്നു രത്തന്‍കുമാര്‍. മാതാപിതാക്കളുടെ ഒറ്റമകനാണ് അദ്ദേഹം. ഭഗല്‍പ്പൂരാണ് സ്വദേശം. താക്കൂറിന്റെ വീട്ടില്‍ മാത്രമല്ല ഗ്രാമത്തിലാകെ അദ്ദേഹത്തിന്റെ മരണം വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. വാര്‍ത്ത അറിഞ്ഞതും ഗ്രാമവാസികളോരോരുത്തായി വീട്ടിലേക്ക് എത്തിത്തുടങ്ങി. അവരുടെയൊക്കെ മുഖങ്ങളില്‍ ദുഖവും അമര്‍ഷവും തളംകെട്ടിനിന്നിരുന്നു.

എന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരെ കൊന്ന ഭീകരരോട് ദൈവം ഒരിക്കലും ക്ഷമിക്കില്ല.ഇടറുന്ന വാക്കുകളില്‍ രത്തന്‍ താക്കൂറിന്റെ പിതാവ് രാം നിരഞ്ജന്‍ താക്കൂര്‍ പറഞ്ഞു. അപ്പോഴദ്ദേഹത്തിന്റെ കൈയില്‍ നാലുവയസ്സുകാരന്‍ കൊച്ചുമകന്‍ കൃഷ്ണയുമുണ്ടായിരുന്നു. കൃഷ്ണ ഇപ്പോഴും അച്ഛന്റെ മരണം അറിഞ്ഞിട്ടില്ല. കുട്ടിയോട് ഹൃദയഭേദകമായ വാര്‍ത്ത എങ്ങനെ പറയണമെന്ന് ആര്‍ക്കുമറിയില്ല. മൃതദേഹം എത്തുമ്പോള്‍ കുട്ടിയെ എന്തു പറഞ്ഞ് സമാധാനിപ്പിക്കണം എന്നുമവര്‍ക്കറിയില്ല. പുല്‍വാമ ആക്രമണത്തിന് ചുട്ടമറുപടി കൊടുക്കണമെന്നാണ് രത്തന്‍ താക്കൂറിന്റെ ഇളയ സഹോദരി നീതുകുമാരിയുടെ ശക്തമായ അഭിപ്രായം. ലോക്സഭ തിരഞ്ഞെടുപ്പും മറ്റും പിന്നെയാകാം. ഇപ്പോള്‍ പെട്ടെന്നു വേണ്ടത് പ്രത്യാക്രമണമാണ്. ഇനിയൊരിക്കലും രാജ്യത്തിന്റെ ധീരന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല.നീതു കുമാരിയുടെ അഭിപ്രായം തന്നെയാണ് ഗ്രാമവാസികളും പങ്കുവയ്ക്കുന്നത്.

ഇതേസമയം, പാറ്റ്ന ജില്ലയിലെ കാഷിദ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍നിന്നും കരച്ചിലുകളുയര്‍ന്നു. സഞ്ജയ് കുമാര്‍ സിന്‍ഹയെയാണ് ഗ്രാമത്തിനു നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുമാസമായി ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു- മൂത്ത മകള്‍ റുഹി കുമാരിയുടെ വിവാഹത്തിനുവേണ്ടി. വിവാഹത്തിനുവേണ്ടി ഒരുങ്ങിയ, കളിചിരികള്‍ നിറഞ്ഞ വീട്ടിലിപ്പോള്‍ ശ്മശാന മൂകത. രണ്ടുമാസത്തെ അവധിക്കുശേഷം സിന്‍ഹ ജോലിസ്ഥലത്തേക്കു തിരിച്ചുപോയത് ഫെബ്രുവരി എട്ടിന്. 15 ദിവസത്തിനകം അദ്ദേഹം വീണ്ടും തിരിച്ചുവരാനുള്ള ഒരുക്കത്തിലുമായിരുന്നു. 

മകനെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ. ഇനി എനിക്കും കുടുംബത്തിനും ഈ ഗ്രാമത്തിനും ഒന്നേ അറിയേണ്ടൂ.. പ്രതികാരം. അതെപ്പോഴാണ്. രാജ്യത്തിന്റെ ശത്രുക്കളോട് കണക്കുചോദിക്കുന്നതെപ്പോള്‍... ? തേങ്ങലിനിടയിലും സിന്‍ഹയുടെ പിതാവ് മഹേന്ദ്ര പ്രസാദിന്റെ വാക്കുകളില്‍ അമര്‍ഷം, കണ്ണുകളില്‍ പ്രതികാരവാഞ്ഛ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com