ADVERTISEMENT

മൂത്തമകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ ദുഃഖം ചിക്കൊലമ്മയുടെ മുഖത്തില്ല. എല്ലാം നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ നിസ്സഹായതയുമില്ല. വിലാപത്തിനും ആർത്തനാദത്തിനും പകരം ഉറച്ച സ്വരത്തിൽ അവർ പറയുന്നു: എനിക്കൊരു മകൻ കൂടിയുണ്ട്. ദയവുചെയ്ത് അവനെക്കൂടി സൈന്യത്തിലെടുക്കുക. കേന്ദ്രസർക്കാരിനോട് എനിക്കുള്ള അപേക്ഷ ഇതുമാത്രമാണ്. രാജ്യത്തിനുവേണ്ടി രണ്ടാമത്തെ മകനെയും ഞാനിതാ സമർപ്പിക്കുന്നു. 

പുൽവാമ ഭീകരാക്രമണത്തിൽ മൂത്തമകനെ നഷ്ടപ്പെട്ട അമ്മയാണ് ചിക്കൊലമ്മ. കർണാകടയിൽ മണ്ഡ്യയ്ക്കടുത്ത് മെല്ലഹള്ളി സ്വദേശി. എച്ച് ഗുരു എന്നായിരുന്നു ചിക്കൊലമ്മയുടെയും ഹൊന്നയ്യയുടെയും മകന്റെ പേര്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരിൽ ഒരാളാണ് ഗുരു. ജന്മനാട്ടിൽ നിന്ന് ഒരുകീലോമീറ്റർ അകലെ ഒരിടത്താണ് ഗുരുവിന് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. മൃതദേഹം എത്താൻ വൈകിയതതിനെത്തുടർന്ന് ശനിയാഴ്ച ഗുരുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നില്ല. 

പിറ്റേന്നു രാവിലെ മുതൽ സമീപഗ്രാമങ്ങളിൽനിന്ന് നൂറുകണക്കിനുപേരാണ് ഗുരുവിന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സമാധിസ്ഥലത്തെത്തുന്നവർ പ്രാർഥിക്കുന്നതിനുപുറമെ ചിതാഭസ്മവും ശേഖരിക്കുന്നുണ്ട്. കാവേരിയിൽ നിമജ്ജനം ചെയ്യാനാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. നാടിന്റെ നനവ് നിലനിർത്തുന്ന കാവേരിയിലൂടെ ഗുരുവിന്റെ ഓർമകളെ ജീവിതത്തിലേക്ക് ആവാഹിക്കുകയാണ് നിഷ്കളങ്കരായ ഗ്രാമീണർ. കർണാടകയുടെ വിവിധയിടങ്ങങ്ങളിൽ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിർത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാർക്കൊപ്പം പ്രാർഥനകളിൽ പങ്കെടുത്തു. 

രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച മകനെയോർത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളൂ...മാധ്യമപ്രവർത്തകരോട് ഗുരുവിന്റെ അമ്മ ചിക്കൊലമ്മ പറഞ്ഞു. ഇപ്പോൾ ഹോം ഗാർഡായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകൻ ആനന്ദിനെയും ഉടനെ സൈന്യത്തിൽ ചേർക്കാൻ ഞാൻ തയാറാണ്..ഇടറാത്ത വാക്കുകളിൽ ആ അമ്മ പറയുന്നു. സിആർപിഎഫിൽ ചേർന്ന കാര്യം ഗുരു തുടക്കത്തിൽ കുടുംബത്തിൽ അറിയിച്ചിരുന്നില്ലെന്നു പറയുന്നു ചിക്കൊലമ്മ. പൊലീസിൽ ചേരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മാസങ്ങൾ പലതു കഴിഞ്ഞതിനുശേഷം മാത്രമാണ് മകൻ അതിർത്തി രക്ഷാ സേനയിലാണ് ചേർന്നതെന്ന് കുടുംബം അറിയുന്നത്. 

അതിനിടെ, ഗുരുവിന്റെ കുടുംബത്തിന് അരയേക്കർ ഭൂമി ദാനം ചെയ്യുകയാണെന്ന് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത അറിയിച്ചു.മണ്ഡ്യയിൽനിന്നാണ് അംബരീഷ് ജനപ്രതിനിധിയാകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവർക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞപ്പോഴാണ് രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച സൈനികന്റെ കുടുംബത്തിന് ഭൂമി നൽകാൻ തയാറായതെന്ന് സുമലത അറിയിച്ചത്.

 മകൻ അഭിഷേകിനൊപ്പം ഇപ്പോൾ മലേഷ്യയിലാണ് സുമലത. അവിടെനിന്ന് ഒരു വിഡിയോസന്ദേശത്തിലൂടെയാണ് തീരുമാനം അവർ അറിയിച്ചതും. കർണാടകയുടെ മകൾ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകൾ എന്ന നിലയിലുമാണ് താൻ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. സന്നദ്ധപ്രവർത്തകരും സിനിമാ പ്രവർത്തകരും രാഷ്ട്രീയക്കാരുമൊക്കെ മെല്ലഹള്ളിയിലെത്തി ചിക്കൊലമ്മയെക്കണ്ട് സാമ്പത്തിക സഹായവും നൽകുന്നുണ്ട്. മകനുവേണ്ടി പ്രാർഥിക്കാൻ വരുന്നവർക്കുമുന്നിൽ ദുഃഖത്താൽ തകർന്നല്ല ചിക്കൊലമ്മ നിൽക്കുന്നത്, രാജ്യത്തിനുവേണ്ടി തുടിക്കുന്ന നെഞ്ചും ദേശാഭിമാനത്തിൽ പ്രകാശം പരത്തുന്ന കണ്ണുകളുമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com