ADVERTISEMENT

സ്വന്തമായി ആറ് ആണ്‍മക്കളുണ്ടായിട്ടും ഒരു പെണ്‍കുട്ടിക്കുവേണ്ടി കൊതിച്ച ദമ്പതികള്‍ ദത്തെടുത്തത് രോഗബാധിതയായ കുട്ടിയെ. രോഗം വഷളാകുകയും വൃക്ക മാറ്റിവയ്ക്കാതെ മുന്നോട്ടുപോകാനാവില്ല എന്ന അവസ്ഥ വരുകയും ചെയ്തപ്പോള്‍ ദത്തെടുത്ത പെണ്‍കുട്ടിക്ക് വൃക്ക ദാനം ചെയ്ത് അമ്മ മറ്റൊരു മഹത്തായ മാതൃകയ്ക്ക് കൂടി കാരണമായി. രോഗത്തെ അതിജീവിച്ച് സ്നേഹത്തിന്റെ ശക്തിയില്‍ ഇനിയും സന്തോഷകരമായി ജീവിക്കാനൊരുങ്ങുകയാണ് ദമ്പതികളും ആറ് ആണ്‍മക്കളും പെണ്‍കുട്ടിയും. 

മനുഷ്യത്വത്തിനും സഹജീവി സ്നേഹത്തിനും അതിര്‍ത്തികളില്ലെന്നു തെളിയിച്ച സംഭവം നടന്നത് പൂനെയില്‍. സാറ എന്നാണ് ദത്തെടുക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര്. ആണ്‍മക്കളുണ്ടായിരുന്ന ദമ്പതികള്‍ 15 വര്‍ഷം മുമ്പാണ് ഒരു പെണ്‍കുട്ടിക്കുവേണ്ടി കൊതിച്ച് സന്നദ്ധസംഘടനയില്‍നിന്ന് സാറയെ ദത്തെടുക്കുന്നത്. രോഗബാധിതയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ദത്തെടുക്കല്‍. 

രണ്ടുവര്‍ഷം മുമ്പ് സാറയുടെ രോഗം വഷളായി. ഡയാലിസിസ് ചെയ്താണ് കുട്ടി അതിജീവിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ വൃക്ക മാറ്റിവയ്ക്കാതെ ജീവിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വിരുന്നുകാരിയായി വന്ന് വീടിന്റെയും ജീവിതത്തിന്റെയും ഭാഗമായ സാറയ്ക്ക് വൃക്ക നല്‍കാന്‍ തയാറായിരുന്നു കുടുംബത്തിലുള്ള എല്ലാവരും. അച്ഛനും അമ്മയും ആറ് ആണ്‍മക്കളും സന്നദ്ധത അറിയിച്ചെങ്കിലും അമ്മയുടെ വൃക്കയാണ് മകള്‍ക്ക് ചേരുകയെന്ന് ആശുപത്രിയില്‍ കണ്ടെത്തി. അതിനെത്തുടര്‍ന്നായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പൂനെ ജഹാംഗീര്‍ ആശുപത്രിയില്‍ കഴിഞ്ഞമാസം 20 നായിരുന്നു ശസ്ത്രക്രിയ. വിജയകരമായ ആശുപത്രിവാസത്തിനുശേഷം ഇരുവരും ആശുപത്രി വിട്ട് ഇപ്പോള്‍ സുഖമായി വീട്ടില്‍ കഴിയുന്നു. ശസ്ത്രക്രിയയ്ക്കുവേണ്ടി എട്ട് ദിവസമാണ് അവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. 

നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതുരമായ അസുഖമായിരുന്നു സാറയ്ക്ക്. ക്രമേണ രോഗം ശ്വാസകോശത്തെയും വൃക്കകളെയും മറ്റും ബാധിക്കുകയായിരുന്നു. ബെംഗളൂരുവിലായിരുന്നു കുടുംബം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി താസമിച്ചിരുന്നത്. സാറയ്ക്ക് മികച്ച ചികില്‍സ ലഭ്യമാക്കാന്‍വേണ്ടി കുടുംബം ഗോവയ്ക്ക് താമസം മാറി. തുടര്‍ന്നായിരുന്നു വിദഗ്ധ ഡോക്ടര്‍മാരെ കണ്ടതും വൃക്ക മാറ്റിവച്ചതും. 

വൃക്ക മാറ്റിവയ്ക്കല്‍ പ്രക്രിയയുടെ കോ ഓര്‍ഡിനേറ്ററായ വൃന്ദ പുസല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബം സാറയോടു കാണിച്ച സ്നേഹത്തിലും പരിഗണനയിലും ഇപ്പോഴും അദ്ഭുതം പ്രകടിപ്പിക്കുകയാണ്. ജന്മം നല്‍കിയ കുട്ടിക്കു നല്‍കുന്നതിനേക്കാള്‍ വലിയ സ്നേഹവും വാത്സല്യവുമാണ് കുടുംബം സാറയ്ക്ക് നല്‍കിയത്. വേറെ ഏതോ വീട്ടില്‍ ജനിച്ചുവെന്നോ വളര്‍ന്നുവെന്നോ തോന്നാത്തരീതിയില്‍ സാറ ആ കുടുംബത്തിന്റെ ഭാഗമാണ്. അവളുടെ സുഖദുഃഖങ്ങളും അവരുടേതുമാണ്. അവള്‍ക്കുവേണ്ടി സ്വന്തം ജീവിതം തന്നെ ത്യജിക്കാന്‍ തയാറാണ് അവരോരുത്തരും. വീട്ടില്‍ ഒരു പെണ്‍കുട്ടിയില്ലാതെ കുടുംബം പൂര്‍ണമാകില്ലെന്ന അവരുടെ വിശ്വാസമാണ് ദത്തെടുക്കലിലേക്കും തുടര്‍ന്നുള്ള സ്നേഹസമ്പന്നമായ ജീവിതത്തിലേക്കും നയിച്ചത്. ഇപ്പോഴിതാ ഗുരുതരമായ രോഗത്തെയും അതിജീവിച്ച് അവര്‍ സ്വപ്നം സാക്ഷാത്കരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com