ADVERTISEMENT

രണ്ടു തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അബനി ആദിയുടെ അമ്മയും എഴുത്തുകാരിയുമായ അരുണ എഴുതുന്നു; പെൺകുഞ്ഞെന്ന സ്വപ്നത്തിന്റെ, അതു ചിറകു നിവർത്തുന്നതിന്റെ, പറക്കാനൊരുങ്ങുന്നതിന്റെ ആഹ്ലാദത്തെയും അനുഭവത്തെയും പറ്റി.

പ്രാർഥിച്ചു കിട്ടിയ പെൺകുട്ടി എന്നാണ് അബനി എന്ന വാക്കിന്റെ അർഥം. യോറൂബ എന്ന ആഫ്രിക്കൻ ഗോത്രഭാഷയിലെ വാക്കാണത്. ആഗ്രഹത്തിന്റെ അതിതീവ്ര നിമിഷമാണല്ലോ പ്രാർഥനയാകുന്നത്. അവൾ ഞങ്ങൾക്കും അങ്ങനെയാണ്; ആഗ്രഹിച്ച്, പ്രാർഥിച്ച് കിട്ടിയ പെൺകുട്ടി. അവൾ എനിക്കു ചിലനേരം അമ്മയാണ്, ആദിക്കു ചെല്ലപ്പേരു വിളിക്കുന്ന അടുത്ത ചങ്ങാതിയും. ഞങ്ങളെ ശാസിക്കുന്ന, പ്രചോദിപ്പിക്കുന്ന, ലാളിക്കുന്ന ഒരാൾ.

abani-with-her-mother-aruna-01
അബനി ആദി അമ്മ അരുണയ്ക്കൊപ്പം

രണ്ടു തവണ മികച്ച ബാലതാരത്തിനുള്ള സിനിമാ പുരസ്കാരം നേടിയ പെൺകുട്ടി എന്ന നിലയിൽ പലരും അബനിയെന്ന ഞങ്ങളുടെ കുഞ്ഞിയെ ആശംസിക്കാറുണ്ട്. വളർന്നു വലുതാവുമ്പോൾ വലിയ താരമാകട്ടെ എന്നൊക്കെയാണ് സ്നേഹം നിറഞ്ഞ അത്തരം ആശംസകൾ. അവളതു കേട്ട് ചിരിച്ചുനിൽക്കുകയും ചെയ്യും. ഞങ്ങൾക്കും അതു കേൾക്കുമ്പോൾ സന്തോഷമൊക്കെ തോന്നിയിരുന്നു. പക്ഷേ ഒരു ദിവസം ആ കുഞ്ഞുസന്തോഷങ്ങളെയെല്ലാം ഊതിപ്പറപ്പിച്ച് അതിലും വലിയൊരു സന്തോഷം ഞങ്ങൾ കേട്ടു. അബനിയുടെ സ്കൂളിൽ എല്ലാ കുട്ടികളും ബർത്ഡേയ്ക്ക് അവരുടെ വിഷ് പറയണം, വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന്. ഒരു ബർത്ഡേ കഴിഞ്ഞ് അവളുടെ ടീച്ചർ പറഞ്ഞു, അവളുടെ ഉത്തരം ‘ഒരു ഗുഡ് ഗേളാവണം’ എന്നായിരുന്നെന്ന്. നല്ല പെൺകുട്ടിക്ക് അവളുടെ ഭാവനയിൽ ഏതു മുഖമാണെന്നറിയില്ല, പക്ഷേ ആ ആഗ്രഹമാവട്ടെ അവളുടെ ജീവിതത്തിലെ വിളക്ക്.

ഒരു മേയ് മാസപ്പകലിലാണ് അവൾ ജനിച്ചത്. ഗർഭിണിയായിരിക്കെ പലരും എന്നോടു ചോദിച്ചിട്ടുണ്ട് ഏതു കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്ന്. ഗർഭലക്ഷണങ്ങൾ കണ്ട് വരാനിരിക്കുന്നത് ആൺകുഞ്ഞാണെന്നു ചിലരൊക്കെ പ്രവചിക്കുകയും ചെയ്തു. എനിക്കും ആദിക്കും പക്ഷേ ഒരു പെൺകുഞ്ഞു വേണമായിരുന്നു. കൊതിച്ചുകൊതിച്ച് അവളെ കിട്ടുകയും ചെയ്തു. (പൗലോ കൊയ്‍ലോ ശരിയാണെന്നു തോന്നുന്ന ചില സന്ദർഭങ്ങൾ ഇങ്ങനെ ജീവിതത്തിലുണ്ടാവുന്നുണ്ട്). അവൾക്കൊരു പേരു തിരഞ്ഞപ്പോഴും ഞങ്ങൾക്കൊരു ആഗ്രഹമുണ്ടായിരുന്നു - മതമോ ജാതിയോ ഒന്നും അടയാളപ്പെടാത്ത ഭംഗിയുള്ളൊരു പേരാവണം. അൽപം നീണ്ട തിരച്ചിലിനൊടുവിൽ അണ്ണനാണ് ‘അബനി’ കണ്ടെത്തിയത്. Abeni എന്നാണ് സ്പെല്ലിങ്. അബനി (Abani) എന്ന വാക്കിന്  ഹിന്ദിയിലും ബംഗാളിയിലും ഭൂമിയെന്നും അർഥമുണ്ട്.

ഞാൻ വളർന്ന കാലമല്ല ഇത്. കൂടുതൽ കെട്ടുപോയ ഒന്നാണ്. അതിന്റെ പേടി ഓരോ പെൺകുഞ്ഞിന്റെയും അമ്മയ്ക്കും അച്ഛനുമുണ്ടാവും. ആ പേടിയെ മറികടക്കാനുള്ള പ്രാർഥന കൂടിയാണ് പെൺകുഞ്ഞുങ്ങൾ. അവർക്കു സ്വപ്നം കാണാനുള്ള ധൈര്യം കൊടുക്കണം. അബനി എന്താകണമെന്നോ എങ്ങനെയാകണമെന്നോ ഞങ്ങൾ വലിയ കണക്കുകൾ കൂട്ടി അവളുടെ ചുമലിൽ വച്ചുകൊടുത്തിട്ടില്ല. അവളാരാണെന്നും എന്താണെന്നും തിരിച്ചറിയേണ്ടത് അവളാണ്. അതിന് അവൾക്കു വഴി കാട്ടുക മാത്രമേ ഞങ്ങൾ ചെയ്യുന്നുള്ളൂ. 

മൂന്നു വർഷം മുമ്പ് ഒരു ഫിലിംഫെസ്റ്റിവൽ‌ കാലത്താണ് സിദ്ധാർഥ് ശിവ വീട്ടിൽ വന്നത്. അബനി അന്നവിടെയിരുന്ന് മൈക്രോ ടോയ്സ് ഉണ്ടാക്കുന്നുണ്ടായിരുന്നു. പിന്നെ ഏപ്രിലിൽ സിദ്ധാർഥ് വിളിച്ച് എറണാകുളത്തേക്കു ചെല്ലാൻ പറഞ്ഞു. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയിൽ അവളെ അഭിനയിപ്പിക്കാനായിരുന്നു അത്. അന്ന് അവാർഡൊന്നും പ്രതീക്ഷിച്ചിരുന്നതേയില്ല. അപ്രതീക്ഷിതമായിരുന്നു അവാർഡ്. പക്ഷേ അവളുടെ രണ്ടാമത്തെ ചിത്രം പന്തിന്റെ ഷൂട്ടു കഴിഞ്ഞപ്പോൾ പലരും പറഞ്ഞു അവാർഡുണ്ടാകുമെന്ന്. ആഗ്രഹം തോന്നിയിരുന്നു. പക്ഷേ പ്രതീക്ഷയില്ലായിരുന്നു. ആദിയായിരുന്നു പന്ത് സംവിധാനം ചെയ്തത്. രണ്ടാം തവണയും അപ്രതീക്ഷിതമായി അവാർഡ് വന്നു. പക്ഷേ ഒരു സന്തോഷം എന്നതിനപ്പുറം അത് അബനിയെ മാറ്റിമറിച്ചു എന്നൊന്നും പറയാൻ പറ്റില്ല. അവളിപ്പൊഴും പഴയ കുട്ടിയായിത്തന്നെ നടക്കുന്നു. അതാണ് എറ്റവും വലിയ സന്തോഷം.

abani-with-mother-02
അബനി ആദി അമ്മ അരുണയ്ക്കൊപ്പം

എന്റെ അമ്മ എനിക്ക് എപ്പോഴും അടുത്തുണ്ടായിരുന്ന ആളായിരുന്നില്ല. സജീവ പൊതുപ്രവർത്തകരായിരുന്ന അച്ഛന്റെയും അമ്മയുടെയും തിരക്കുകൾക്കിടയിൽ ഞാനും അണ്ണനും എപ്പോഴും ഒപ്പംനിന്നു. എന്റെയമ്മ എന്റെ മാത്രം അമ്മയായിരുന്നില്ല. എന്റെയും അണ്ണന്റെയും സുഹൃത്തുക്കൾക്കും അമ്മയായിരുന്നു, ഒരുപാടു പേരുടെ സഖാവായിരുന്നു. ചില ഓണക്കാലങ്ങളിൽ ഞാനും അണ്ണനും വീട്ടിൽ സദ്യയുണ്ണുമ്പോൾ അമ്മ സമരപ്പന്തലുകളിലായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോൾ വീട്ടുപടിക്കൽ കാത്തിരിക്കാൻ അമ്മയുണ്ടാവില്ലായിരുന്നു. ഞാൻ പക്ഷേ അങ്ങനെയൊരമ്മയല്ല. എന്റെ മകൾക്കൊപ്പം സമയം ചെലവഴിക്കണം, സ്കൂളിൽനിന്നു വരുമ്പോൾ വീട്ടിലുണ്ടാവണം, അവൾക്കു കഥ പറഞ്ഞുകൊടുക്കണം, സ്വപ്നം കാണാൻ ധൈര്യം കൊടുക്കണം. അമ്മമാർ അങ്ങനെയുമാവണമെന്നാണ് എനിക്കു തോന്നുന്നത്, പ്രത്യേകിച്ച്, ഏതൊരാളും എപ്പോൾ വേണമെങ്കിലും ചെകുത്താനാകാൻ സാധ്യതയുള്ള ഇക്കാലത്ത്.

കുഞ്ഞുങ്ങൾക്കൊപ്പമുണ്ടാവുക എന്നാൽ നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് അവരെ മെനഞ്ഞെടുക്കുകയെന്നല്ല. അവരെങ്ങനെയാവണമെന്ന് അവരാണു തീരുമാനിക്കേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. ഞാനെന്റെ അമ്മയുമായി രാഷ്ട്രീയം സംസാരിക്കാറില്ലായിരുന്നു. പക്ഷേ എന്റെ മകൾ അങ്ങനെയല്ല. സംശയങ്ങൾ ചോദിച്ചുകൊണ്ടേയ‌ിരിക്കും. വനിതാ മതിലിൽ പങ്കെടുക്കാൻ പോയപ്പോൾ അവളും വന്നു. അവളുടെ നിലപാടുകൾ പറഞ്ഞു. പത്തുവയസ്സുകാരിയുടെ നിലപാടു പ്രഖ്യാപനം! അതങ്ങനെതന്നെ വരട്ടെ. ഓരോ പെൺകുഞ്ഞും നിലപാടുള്ളവരായി വളരട്ടെ.

പെൺകുഞ്ഞുങ്ങളോടു മുഖം തിരിക്കുന്ന സമൂഹമെന്ന ചീത്തപ്പേര് ഇടയ്ക്കിടെ നമ്മുടെ നെറ്റിയിൽ ഇപ്പോഴും തെളിയാറുണ്ട്; ചെകുത്താന്റെ ചാപ്പകുത്തൽ പോലെ. എനിക്കു തോന്നുന്നത്, പെൺകുഞ്ഞിന്റെ അമ്മയാവുമ്പോഴാണ് ഒരു സ്ത്രീ വീണ്ടും അവളിലെ പെൺകുഞ്ഞിലേക്കു തിരിച്ചുപോകുന്നതെന്നാണ്. ഞാനനുഭവിച്ചത് അങ്ങനെയാണ്. അവൾ വന്നതോടെ ഞാൻ കൂടുതൽ സന്തോഷമുള്ള ആളായി, എന്നിലെ കുട്ടി തിരിച്ചെത്തി, എനിക്കൊരു അമ്മയെ കിട്ടിയതുപോലെ. ഞാൻ വായിച്ചാഹ്ലാദിച്ച ടോട്ടോച്ചാൻ ഇപ്പോൾ അവൾ വായിക്കുന്നു; അവളുടെ കണ്ണുകളിലൂടെ ഞാനും.

ഓരോ പെൺകുട്ടിക്കും അദൃശ്യമായ ആ ചിറകുകളുണ്ട്; ധൈര്യത്തിന്റെയും സ്വപ്നത്തിന്റെയും തൂവലുകളുള്ളവ. എന്റെ മകൾക്കു കാട്ടിക്കൊടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നത് ആ ചിറകുകളാണ്. ആകാശങ്ങൾ അവൾ കണ്ടെത്തട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com