ADVERTISEMENT

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും വജ്രവ്യാപാരി റസൽ മേത്തയുടെയും മോന മേത്തയുടെയും മകൾ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹച്ചടങ്ങിൽ ഏവരുടെയും ഹൃദയം കവർന്നത് ഒരു സെലിബ്രിറ്റി കിഡ് ആയിരുന്നു. മുൻ ലോകസുന്ദരി ഐശ്വര്യ റായിയുടെയും ബോളിവുഡ് താരം അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ.

ബിടൗണിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും സകുടുംബം പങ്കെടുത്ത ചടങ്ങിൽ അമ്മ ഐശ്വര്യയ്ക്കും അച്ഛൻ അഭിഷേകിനുമൊപ്പം പിങ്ക് ലെഹങ്കയിൽ സുന്ദരിയായാണ് ആരാധ്യയെത്തിയത്. കടും നീലയിൽ സിൽവർ വർക്കുള്ള ലെഹംഗയണിഞ്ഞ് ഐശ്വര്യ തിളങ്ങിയപ്പോൾ പേസ്റ്റൽ പിങ്ക് ലെഹങ്കയണിഞ്ഞാണ് ആരാധ്യ താരമായത്.

അതിസുന്ദരമായി ചിരിച്ചുകൊണ്ട് ആത്മവിശ്വസത്തോടെ ക്യാമറകളെ അഭിമുഖീകരിക്കുന്ന ആരാധ്യയാണ് ഇക്കുറി ശ്രദ്ധാകേന്ദ്രമായത്. ചല ചിത്രങ്ങളിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുമ്പോൾ അമ്മ ഐശ്വര്യയെ പാളിനോക്കുന്ന കുസൃതിക്കാരിയായ ആരാധ്യയെയും കാണാം. രണ്ടു സുന്ദരിപ്പെൺകുട്ടികളുടെ അരികിൽ നിൽക്കുന്നതുകൊണ്ട് അഭിഷേകിനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്ന ക്ഷമാപണത്തോടെയാണ് ആരാധകർ ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

ആറു വയസ്സേ ഉള്ളൂവെങ്കിലും കുഞ്ഞാരാധ്യയ്ക്ക് ഏറെ ആരാധകരുണ്ട്. ക്യാമറയ്ക്കു മുന്നിൽ എങ്ങനെ പെരുമാറണമെന്നൊക്കെ ഈ ചെറിയ പ്രായത്തിൽത്തന്നെ ആ സ്റ്റാർ കിഡ് പഠിച്ചു കഴിഞ്ഞു. അമ്മ ഐശ്വര്യയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ ആരാധ്യയ്ക്കു നേരെയും നീളാറുണ്ട്. ആദ്യമൊക്കെ ആൾക്കൂട്ടത്തെയും ക്യാമറഫ്ലാഷുകളെയും ഭയപ്പെട്ട് അമ്മയ്ക്കു പിന്നിൽ ഒളിച്ചിരിക്കാൻ വ്യഗ്രത കാട്ടിയ ആരാധ്യ ഇപ്പോൾ ക്യാമറയ്ക്കു മുന്നിൽ നിന്ന് മനോഹരമായി പുഞ്ചിരിക്കാനും ചിത്രങ്ങൾക്കായി പോസ് ചെയ്യാനുമൊക്കെ ശീലിച്ചു കഴിഞ്ഞു.

ചെറിയ പ്രായത്തിലെ മകൾക്കു കിട്ടുന്ന അംഗീകാരത്തെയും പ്രശസ്തിയെയുംപറ്റി ആശങ്കപ്പെടാനും അതിനെപ്പറ്റി പൊതുവേദിയിൽ കൂടുതലൊന്നും സംസാരിക്കാനും ഐശ്വര്യ മുതിർന്നിട്ടില്ല. എന്നാൽ ഐശ്വര്യയുടെ ഭർത്താവും ആരാധ്യയുടെ അച്ഛനുമായ അഭിഷേക് ബച്ചന് ഇക്കാര്യത്തെക്കുറി ച്ചോർക്കുമ്പോൾ കുറച്ചേറെ ആശങ്കയുണ്ട്. '' ഞങ്ങളുടെയൊന്നും കുട്ടിക്കാലത്ത് ഇത്രയധികം മാധ്യമശ്രദ്ധയൊന്നും ഞങ്ങൾക്കു കിട്ടിയിരുന്നില്ല. കുഞ്ഞുങ്ങളെ വെറുതെ വിടണമെന്നാണ് എന്റെ അപേക്ഷ. ചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്നതിനെക്കുറിച്ച് കുഞ്ഞുങ്ങൾക്ക് വലിയ ധാരണയില്ല. ദയവുചെയ്ത് സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളരാൻ അവരെ അനുവദിക്കുക. സാധാരണ ഒരു ബാല്യം അവർക്കും ഉണ്ടാവട്ടെ. ഇക്കാര്യത്തിൽ കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

ഞാനും ഐശ്വര്യയും അഭിനേതാക്കളാകാൻ തീരുമാനിച്ചവരാണ്. ഈ ലോകത്തെത്തണമെന്ന് തീരുമാനിച്ചിരുന്നവരാണ്. എന്നാൽ ആരാധ്യയുടെ ചോയ്സ് അതല്ല. അവൾ ഞങ്ങളുടെ മകളാണ്. അവളെ വളരാനും തീരുമാനങ്ങളെടുക്കാനും അനുവദിക്കൂ. അതാണ് അതിന്റെ ശരി''- മുൻപ് നടന്ന ഒരു അഭിമുഖത്തിൽ അഭിഷേക് മകളെക്കുറിച്ച് പറഞ്ഞതിങ്ങനെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com