sections
MORE

റിയൽ എസ്റ്റേറ്റ് വമ്പൻ രണ്ടാം ഭാര്യയ്ക്കൊരുക്കിയ സർപ്രൈസ് കണ്ട് അമ്പരന്ന് ലോകം

Harry Macklowe shows his love for his new bride with a banner on his iconic 432 Park
റിയൽ എസ്റ്റേറ്റ് ഡവലപ്പറായ ഹാരി മക്‌ലോവ് ഭാര്യയ്ക്ക് ഒരുക്കിയ സ്നേഹസമ്മാനം
SHARE

സ്നേഹം പ്രകടിപ്പിക്കാൻ ഓരോരുത്തരും തിരഞ്ഞെടുക്കുന്നത് അവരവരുടേതായ വഴികൾ. കഴിവും അഭിരുചിയും ഇഷ്ടാനിഷ്ടങ്ങളും അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അമേരിക്കയിലെ ഒരു റിയൽ എസ്റ്റേറ്റ് വമ്പൻ സ്നേഹം പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്ത വഴി ന്യൂയോർക് നഗരത്തിലും അമേരിക്കിയിലും ഇപ്പോൾ ലോകമാകെയും സംസാരവിഷയമാണ്. പുതുമയും പ്രണയത്തിന്റെ തീക്ഷ്ണതയും ഒരുപോലെ ഒത്തിണങ്ങിയതാണ് സ്നേഹപ്രഖ്യാപനം.

വീതി 24 അടി. നീളം 42 അടി. നഗര ചത്വരത്തിലെ ഉയരമുള്ള ഒരു തൂണിനേക്കാളും ഉയരത്തിൽ രണ്ടു വലിയ ചിത്രങ്ങൾ. അമേരിക്കയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നിന്റെ ചുമരിലാണ് ചിത്രങ്ങൾ പതിപ്പിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഡവലപ്പറായ ഹാരി മക്‌ലോവ് ആണു കഥാപാത്രം. അദ്ദേഹത്തിന്റേതാണ് ഒരു ചിത്രം. 14 ആഴ്ച നീണ്ട വിവാഹമോചനക്കേസിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹം രണ്ടാമതു വിവാഹം കഴിച്ച പട്രീഷ്യ ലണ്ടേയുടെ മുഖമാണ് രണ്ടാമത്തെ ചിത്രത്തിൽ. ഫ്രഞ്ച് ഫ്രണ്ട്സ് ഓഫ് ദ് ഇസ്രായേൽ മ്യൂസിയം എന്ന സംഘടനയുടെ പ്രസിഡന്റാണ് പട്രീഷ്യ. 432 പാർക് അവന്യൂ റോഡിൽ ഹാരി മക്‌ലോവ് തന്നെ നിർമിച്ച കെട്ടിടത്തിന്റെ ചുമരിലാണ് അദ്ദേഹവും പുതിയ പ്രണയനായികയും ചിരിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് കൗതുകകരം.

കഴിഞ്ഞാഴ്ച രണ്ടാമതു വിവാഹം കഴിച്ച മക്‌ലോവ് ചെറുപ്പക്കാരനൊന്നുമല്ല. അദ്ദേഹത്തിനു പ്രായം 81 വയസ്സ്. പ്രണയത്തിനു പ്രായവും വാർധക്യത്തിന്റെ അവശകതകളും തടസ്സമേയല്ലെന്നുകൂടി തെളിയിച്ചിരിക്കുകയാണ് മക്‌ലോവ്.

എത്രമാത്രം സുന്ദരിയായാണ് എന്റെ ഭാര്യ ആ ചിത്രത്തിൽ കാണപ്പെടുന്നത്. ഞാനും ഒട്ടും മോശമല്ല– നഗരത്തിനു മുഴുവൻ കാണാവുന്നതരത്തിൽ വച്ചിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് മക്‌ലോവ് പ്രതികരിച്ചു. കഴിഞ്ഞ വേനൽക്കാലത്താണ് അദ്ദേഹം രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. പക്ഷേ, കേസ് നീണ്ടുപോയതോടെ ഒരു ഹെലികോപ്റ്ററിൽ ബാനർ തൂക്കി വിവാഹാഘോഷം നടത്താനുള്ള തീരുമാനവും മാറ്റിവയ്ക്കേണ്ടിവന്നു. അപ്പോൾത്തന്നെ പുതിയ എന്തെങ്കിലും ആശയം തന്റെ വിവാഹത്തോടനുബന്ധിച്ച് അവതരിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.

ലിൻഡ എന്നാണ് മക്‌ലോവിന്റെ ആദ്യത്തെ ഭാര്യയുടെ പേര്. അമ്പതു വർഷത്തോളം നീണ്ടുനിന്ന വിവാഹജീവിതത്തിനുശേഷമാണ് അവർ വേർപിരിഞ്ഞതും. 2016 ലായിരുന്നു വേർപിരിയൽ. കഥയുടെ ആന്റി ക്ലൈമാക്സ് ഇതൊന്നുമല്ല. മക്‌ലോവ് തന്റെയും പുതിയ പ്രണയിനിയുടെയും ചിത്രം തൂക്കിയ അതേ കെട്ടിടത്തിൽ മുൻ ഭാര്യ ലിൻഡയ്ക്കും മുറികളുണ്ട്. അവർ കൂടി കണ്ടോട്ടെയെന്ന ഉദ്ദേശ്യത്തിലാണ് അദ്ദേഹം പ്രണയം കുറച്ചുയരത്തിൽത്തന്നെ പ്രഖ്യാപിച്ചതും. ഉയരംകൂടുംതോറും പ്രണയത്തിന്റെ തീവ്രതയും വർധിക്കുമെന്നായിരിക്കാം മക്‌ലോവിന്റെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA