sections
MORE

മകളുടെ വിവാഹഷൂവിൽ രഹസ്യസന്ദേശം; മരിക്കും മുൻപ് അമ്മയൊരുക്കിയ സർപ്രൈസ്

Mum's Last Message On Wedding Shoes. Photo Credit : Lace and Love Facebook
അമ്മയുടെ അവസാനത്തെ സന്ദേശമെഴുതിയ വിവാഹസമ്മാനം
SHARE

മകളുടെ വിവാഹദിനം വരെ തനിക്ക് ആയുസ്സു ബാക്കിയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ഒരമ്മ മകൾക്കായി ഒരുക്കിയത് ഹൃദയം കവരുന്ന ഒരു സർപ്രൈസ് ആണ്. യുകെയിലാണ് സംഭവം. അമ്മ മരിച്ച് വർഷങ്ങൾക്കു ശേഷമാണ് ആ സർപ്രൈസ് ഗിഫ്റ്റ് മകളെ തേടിയെത്തിയത്. 

അമ്പരപ്പോടെ ആ സമ്മാനപ്പൊതി തുറന്ന മകൾ കണ്ടത് ഒരു ജോഡി വിവാഹ ഷൂ ആണ്. അമ്മയ്ക്ക് തന്നോടു പറയാനുണ്ടായിരുന്ന കുറച്ചു കാര്യങ്ങൾ കൂടി അമ്മ ആ ഷൂവിന്റെ സോളിൽ കുറിച്ചിരുന്നുവെന്നും ഏറെ അഭിമാനത്തോടും അദ്ഭുതത്തോടും കൂടിയാണ് അമ്മയുടെ ആ സർപ്രൈസ് ഗിഫ്റ്റ് താൻ സൂക്ഷിക്കുന്നതെന്നും മകൾ പറയുന്നു.

യുകെയിലെ ലൈയ്സ്റ്റെർഷെയറിലെ എമ്മ എന്ന വധുവിന്റെ വിവാഹനിശ്ചയം 2016ൽ ആയിരുന്നു. ഈ ചടങ്ങിന് ശേഷം ഒരുമാസം പിന്നിട്ടപ്പോഴാണ് എമ്മയുടെ അമ്മയ്ക്ക് അർബുദം സ്ഥിരീകരിച്ചതും തുടർന്ന് അവർ മരണമടഞ്ഞതും. കഴിഞ്ഞാഴ്ചയാണ് അമ്മയുടെ സർപ്രൈസ് ഗിഫ്റ്റ് എമ്മയെത്തേടിയെത്തിയത്. മരിക്കുന്നതിനു മുൻപ് അമ്മ എമ്മയ്ക്കായി വാങ്ങിയ ഷൂവിൽ തനിക്ക് അവസാനമായി മകളോടു പറയാനുള്ള കാര്യങ്ങളും ആ അമ്മ കുറിച്ചിരുന്നു.

'' നിന്റെ വിവാഹ ദിനത്തിൽ ഒരു സമ്മാനം തരണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ വെഡ്ഡിങ് ഷൂവാണ് നിനക്കുള്ള എന്റെ വിവാഹ സമ്മാനം. ഇന്നത്തെ ദിവസം നിന്റെ ജീവിതത്തിലെ മാന്ത്രിക ദിനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാടൊരുപാട് സ്നേഹത്തോടെ ഞാൻ നിന്നെ ആലിംഗനം ചെയ്യുന്നു.''

അമ്മയുടെ സർപ്രൈസ് സമ്മാനത്തെപ്പറ്റി എമ്മ പറയുന്നതിങ്ങനെ :-

'' ഇങ്ങനെയൊരു സമ്മാനത്തെപ്പറ്റി എനിക്കൊരു ഊഹവും ഇല്ലായിരുന്നു. പക്ഷേ എന്റെ പ്രതിശ്രുത വരന് ഇതിനേക്കുറിച്ചറിയാമായിരുന്നു. സമ്മാനം ലഭിച്ചപ്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി. എന്നെ സംബന്ധിച്ചിടത്തോളം ആ ഷൂസ് എക്സ്ട്രാ സ്പെഷ്യലാണ്. കാരണം അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ അമ്മ കുടുംബാംഗങ്ങൾക്കു വേണ്ടി കത്തുകളെഴുതുമായിരുന്നു. പക്ഷേ അങ്ങനെയൊരു കത്ത് എനിക്ക് ലഭിക്കുന്നതിനു മുൻപേ അമ്മ ഈ ലോകത്തിൽ നിന്ന് പോയി. അതുകൊണ്ടു തന്നെ ഈ സമ്മാനം എനിക്കമൂല്യമാണ്.''- എമ്മ പറയുന്നു.

എമ്മയുടെ അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാനായി ഷൂ ഒരുക്കി നൽകിയ ലേസ് ആൻഡ് ലൗ എന്ന ഓൺലൈൻ ഷോപ് അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഷൂവിന്റെ ചിത്രവും അതിനു പിന്നിലെ കഥയും പങ്കുവച്ചതോടെയാണ് തന്റെ മരണശേഷവും മകൾക്ക് സർപ്രൈസ് നൽകാൻ ആഗ്രഹിച്ച അമ്മയുടെ കഥ പുറംലോകമറിഞ്ഞത്.

മകൾക്ക് സർപ്രൈസ് ഒരുക്കാൻ എമ്മയുടെ അമ്മ തങ്ങളെ സമീപിച്ചതിനെക്കുറിച്ച് അവർ പറയുന്നതിങ്ങനെ :-

'ഈ സുന്ദരമായ ഷൂസുകൾക്കു പിന്നിൽ ഏറെ വികാരഭരിതമായ ഒരു കഥയുണ്ട്. ഈ ഷൂസ് വാങ്ങാനായി കസ്റ്റമർ കുറച്ചു തുക ഡിപ്പോസിറ്റ് ചെയ്തിരുന്നു. എന്നാൽ ആരുമറിയാതെ എമ്മയുടെ അമ്മ ഞങ്ങളെ ബന്ധപ്പെടുകയും ഷൂവിന്റെ മുഴുവൻ തുക നൽകുകയും ചെയ്തു.ശേഷം ഷൂവിന്റെ സോളിൽ എഴുതാനുള്ള ഒരു സന്ദേശവും ഞങ്ങളെ ഏൽപ്പിച്ചു. അമ്മയാണ് അവർക്കായി ഷൂ വാങ്ങിയതെന്നുൾപ്പടെയുള്ള സംഗതികൾ ‍ഞങ്ങൾ വളരെ രഹസ്യമായി സൂക്ഷിച്ചു. വിവാഹസമ്മാനം എമ്മയുടെ കൈയിൽ ലഭിച്ചതിനു ശേഷം മാത്രമാണ് ഈ കഥകളൊക്കെയും എമ്മ അറിയുന്നത്'.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA