sections
MORE

ലെസ്ബിയൻ ഇമേജിൽ നിന്ന് മോചനം തന്നത് ആ പ്രണയം: ബൈസെക്‌ഷ്വലെന്ന് വെളിപ്പെടുത്തി ആംബർ

Amber Heard opens up about her struggle
ആംബര്‍ ഹേര്‍ഡ്
SHARE

ലൈംഗിക വ്യക്തിത്വത്തെക്കുറിച്ചും അഭിരുചികളെക്കുറിച്ചും എന്നും മറയില്ലാതെ സംസാരിച്ചിട്ടുണ്ട് പ്രശസ്ത അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ ആംബര്‍ ഹേര്‍ഡ്. തന്നെത്തന്നെ വെളിപ്പെടുത്തിയാല്‍ അതു തന്റെ ഇമേജിന് ദോഷം ചെയ്യുമെന്ന് ഒരിക്കലും കരുതിയിട്ടില്ലാത്ത ധീരയായ നടി. വ്യക്തിത്വം വെളിപ്പെടുത്താന്‍ മടിച്ച് മാനസിക യാതനകളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രചോദനവും പ്രേരണയുമാണവര്‍. 

സ്ത്രീകളും പുരുഷന്‍മാരുമായി ഒരേ തീക്ഷ്ണതയില്‍ പ്രണയത്തില്‍ ഏര്‍പ്പെട്ട് ബൈ സെക്‌ഷ്വല്‍ എന്ന വിശേഷണം നേടിയിട്ടുള്ള  ഹേര്‍ഡ്, പ്രശസ്ത താരം  ജോണി ഡെപ്പിന്റെ പങ്കാളിയെന്ന നിലയിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ലെസ്ബിയന്‍, ഹോമോസെക്‌ഷ്വല്‍ എന്നൊക്കെയുള്ള ഇമേജുകളില്‍ തളച്ചിടാന്‍ വെമ്പുന്നവര്‍ക്ക് എന്നുമൊരു അദ്ഭുതമാണ് ഹേര്‍ഡ്. പ്രണയത്തിനു സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും പ്രായവ്യത്യാസമില്ലെന്നും വര്‍ഗ വര്‍ണ വംശ വ്യത്യാസമില്ലെന്നും തെളിയിച്ച നടി. 

ചെറുപ്പത്തില്‍ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തിയപ്പോള്‍ വീട്ടില്‍ താന്‍ നേരിട്ട ഒറ്റപ്പെടലിനെക്കുറിച്ച് ആംബര്‍ ഹേര്‍ഡ് അടുത്തിടെ വാചാലയായി. അന്നത്തെ ദുഷ്കരമായ സാഹചര്യത്തെ താന്‍ എങ്ങനെയാണ് നേരിട്ടതെന്നും താനുമായി മാതാപിതാക്കള്‍ എങ്ങനെയാണ് പൊരുത്തപ്പെട്ടതെന്നും. സൗത്ത് ബൈ സൗത്ത്‍വെസ്റ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് ഒരിക്കല്‍ താന്‍ പിന്നിട്ട ദുരിതകാലം 32 വയസ്സുകാരിയായ നടി ഓര്‍ത്തെടുത്തത്. മേകിങ് ചെയ്ഞ്ച് ഓണ്‍ ആന്‍ഡ് ഓഫ് ദ് സ്ക്രീന്‍ വിഭാഗത്തില്‍ സിനിമയിലും ജീവിതത്തിലും സ്വാധീനശേഷിയുള്ള വ്യക്തിയായി മാറിയവരില്‍ ഒരാളായി സംസാരിക്കുകയായിരുന്നു അവര്‍. 

എന്റെ വാക്കുകള്‍ എങ്ങനെ ഉള്‍ക്കൊള്ളണം എന്നുപോലും അവര്‍ക്ക് മനസ്സിലായില്ല. നടുക്കടലിലേക്ക് തള്ളിയിടപ്പെട്ട അവസ്ഥയിലായിരുന്നു അവര്‍. നല്ലതായിരിക്കാം. ചീത്തയായിരിക്കാം. പക്ഷേ, ഞാന്‍ പറയുന്നതിലെ സത്യം അവരില്‍നിന്ന് അകന്നുനിന്നു- മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ച് നടി ഓര്‍മിക്കുന്നു. 

മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്ന കുടുംബത്തിലാണ് ഹേര്‍ഡ് ജനിച്ചത്. മകള്‍ തങ്ങള്‍ അനുശാസിക്കുന്ന അതേ ധാര്‍മിക, സദാചാര സംഹിതകളിലൂടെ വളര്‍ന്നുവരണമെന്നാഗ്രഹിച്ചു അച്ഛനും  അമ്മയും. പക്ഷേ കൗമാരം കടന്നതോടെ വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു ഹേര്‍ഡ്. ലെസ്ബിയന്‍, നിരീശ്വരവാദി,വെജിറ്റേറിയന്‍. മാറ്റങ്ങളോരോന്നും വീട്ടുകാര്‍ ഉള്‍ക്കൊണ്ടത് ഞെട്ടലോടെ. ഒടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി സ്നേഹത്തിലാണെന്നു വെളിപ്പെടുത്തിയ ദിവസം വീട്ടില്‍ നിറഞ്ഞുനിന്നത് കണ്ണുനീരായിരുന്നു എന്നോര്‍മിക്കുന്നു ഹേര്‍ഡ്. അവര്‍ക്ക് അത് ഉള്‍ക്കൊള്ളാനേ ആയില്ല. മകള്‍ കടന്നുപോകുന്ന വിഷമകരമായ അവസ്ഥകള്‍ അവരെ കരയിച്ചു, അസ്വസ്ഥരാക്കി. പക്ഷേ, ഹേര്‍ഡ് തീരുമാനത്തില്‍ ഉറച്ചുനിന്നു. മനസ്സു പറയുന്ന, ഹൃദയം മന്ത്രിക്കുന്ന വഴികളിലൂടെ ധീരയായി നടന്നു. 

വീട്ടില്‍നിന്നുയരുന്ന സംശയവും ആശങ്കയും നേരിടുന്നതായിരുന്നു പ്രധാനപ്രശ്നം. പക്ഷേ, ഒരിക്കല്‍പ്പോലും അവരുടെ ഞെട്ടലുകളോട് ഹേര്‍ഡ് നിഷേധാത്മകമായി പ്രതികരിച്ചിട്ടില്ല. എല്ലാം ക്രമേണ മാറും എന്നുതന്നെ അവര്‍ വിശ്വസിച്ചു. അതു സത്യമായി. അഞ്ചുവര്‍ഷത്തിനിടെ മകളുടെ വ്യക്തിത്വവുമായി അവര്‍ പൊരുത്തപ്പെട്ടു.അതു സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. 

അഞ്ചു വര്‍ഷത്തിനുശേഷം ഒരു പുരസ്കാരം ലഭിച്ചപ്പോള്‍ വേദിയിലേക്ക് ഹേര്‍ഡിനെ കൊണ്ടുപോയത് മാതാപിതാക്കള്‍. അതേ, സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ചുനിന്നാല്‍ സമൂഹത്തിന്റെ സമീപനം മാറും... ഹേര്‍ഡ് ഉറപ്പിച്ചു പറയുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍. ക്രൂരത നിറഞ്ഞ ഹൃദയങ്ങളില്‍പ്പോലും കാരുണ്യം നിറയ്ക്കാനുമാവും... ഹേര്‍ഡ് ഉറപ്പിച്ചുതന്നെ പറയുന്നു. 

9 വര്‍ഷം മുമ്പ് 2010-ല്‍ പൊതുവേദിയില്‍ പങ്കെടുക്കുമ്പോള്‍ തസ്യ വാന്‍ റിയുമായുള്ള ബന്ധത്തിന്റെ തീക്ഷ്ണതയിലായി രുന്നു ഹേര്‍ഡ്. ലെസ്ബിയന്‍ എന്നു ഹേര്‍ഡിനെ ലോകം ലേബല്‍ ചെയ്ത കാലം. പക്ഷേ, ലെസിബിയന്‍ ഇമേജില്‍ സ്വയം തളച്ചിടാന്‍ അവര്‍ തയാറായില്ല. സ്ത്രീകളും പുരുഷന്‍മാരുമായി എനിക്കു വിജയകരമായ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വവര്‍ഗരതിക്കാരി എന്നോ ലെസ്ബിയന്‍ എന്ന ലേബലോ എനിക്കു ചേരില്ല. സ്നേഹിക്കണമെന്നു തോന്നുന്നവരെ ഞാന്‍ സ്നേഹിക്കുന്നു. അതു പുരുഷനായാലും സ്ത്രീയായാലും. വ്യക്തിയാണു പ്രധാനം; അവര്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നതല്ല- ഹേര്‍ഡ് ആത്മവിശ്വാസത്തോടെ പറയുന്നു. 

നാലുവര്‍ഷക്കാലം വാന്‍ റീ എന്ന യുവതിയുമായുള്ള ബന്ധത്തിനുശേഷമാണ് ഹേര്‍ഡിന്റെ ജീവിതത്തിലെ പ്രശസ്തമായ ബന്ധം തുടങ്ങുന്നത്. ജോണി ഡെപ്പുമായി. 2011-ല്‍ ദ് റം ഡയറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അവര്‍ തമ്മില്‍ കാണുന്നത്. അതു പിന്നീട് ലോകം ആഘോഷിച്ച പ്രണയമായി മാറി. അതോടൊപ്പം ലെസ്ബിയന്‍ എന്ന ഇമേജിനെ മറികടക്കുക കൂടിയായിരുന്നു ഹേര്‍ഡ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA