ADVERTISEMENT

പ്രണയം അതെപ്പോൾ എങ്ങനെ ആരോടു തോന്നുമെന്ന് പ്രവചിക്കാനാവില്ലയെന്നു പറഞ്ഞുകൊണ്ടാണ് ജഹനാര എന്ന യുവതിയുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കണ്ണുകളിൽ നിറയെ കഥയൊളുപ്പിച്ച ബംഗാളി യുവതിയുടെ ചിത്രം ജെഎംബി ആകാശ് എന്ന ഫൊട്ടോഗ്രാഫർ പകർത്തിയതോടെയാണ് അവിശ്വസനീയമായ ആ പ്രണയ കഥ ലോകമറിഞ്ഞത്.

ജഹനാര എന്ന യുവതി തന്റെ പ്രണയകഥ പറഞ്ഞതിങ്ങനെ :-

'ഞാൻ ഒരു മോഷ്ടാവിനെയാണ് വിവാഹം ചെയ്തത്. സഹോദരാ, നിങ്ങൾ ദയവായി ചിരിക്കരുത്. കാരണം ഞാൻ പറഞ്ഞതൊരു തമാശയല്ല. സിനിമയെ വെല്ലുന്ന ഒരു കഥയാണ് എന്റെ വിവാഹം. എന്റെ അച്ഛന്റെ മരുന്നിന്റെ കുറിപ്പടിയും അതു വാങ്ങാനുള്ള പണവും എന്റെ കൈയിൽ നിന്ന് അയാൾ തട്ടിയെടുത്തപ്പോഴാണ് അയാളുടെ മുഖം ഞാൻ ആദ്യമായി കാണുന്നത്.

അച്ഛൻ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു അപ്പോൾ. വീട്ടുജോലി ചെയ്താണ് അച്ഛന്റെ ചികിൽസയ്ക്കുള്ള പണം ഞാൻ സമ്പാദിച്ചിരുന്നത്. അങ്ങനെ കിട്ടിയ തുകയും അച്ഛന്റെ കുറിപ്പടിയും പഴ്സിലാക്കി മരുന്നു വാങ്ങാനായി പോയപ്പോഴാണ് എന്റെ കൈയിൽ നിന്ന് പഴ്സ് തട്ടിയെടുത്ത് അയാൾ ഓടിയത്. എന്തുചെയ്യണമെന്ന് ഒരു രൂപവും കിട്ടാതെ ഞാനവിടെയിരുന്ന് ഉറക്കെ കരഞ്ഞു. എന്റെ കരച്ചിൽ കേട്ട് ഒരുപാട് പേർ ചുറ്റും കൂടിയെങ്കിലും ആരും എന്നെ സഹായിക്കാൻ തയാറായില്ല. എത്രനേരം അവിടെയിരുന്ന് അങ്ങനെ കര‍ഞ്ഞുവെന്ന് എനിക്കുതന്നെ ഓർമയില്ല.

ശൂന്യമായ കൈകളുമായി ആശുപത്രിയിൽച്ചെന്ന് അച്ഛനെ കാണാനുള്ള മനക്കരുത്ത് ഇല്ലാത്തതിനാൽ ആ രാത്രി ഞാൻ ആശുപത്രിയിൽ പോകാതെ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് ആശുപത്രിയിൽച്ചെല്ലുമ്പോൾ അച്ഛന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന ചിന്തയാൽ ആ രാത്രിയിൽ ഉറങ്ങിയില്ല. വെളുപ്പിനെ എഴുന്നേറ്റ് ശുചിമുറിയിൽ പോയി മടങ്ങി വന്നപ്പോൾ എന്റെ മുറിയുടെ വെളിയിൽക്കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാനായില്ല. നഷ്ടപ്പെട്ട പണവും അച്ഛന്റെ മരുന്നും കുറിപ്പടിയുമെല്ലാം വാതിൽപ്പടിയിലിരിക്കുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സമീപവാസികളോടു കാര്യമന്വേഷിച്ചെങ്കിലും അവിടങ്ങനെ ആരും വന്നുപോയതിനെപ്പറ്റി അവർക്കറിയില്ലായെന്നാണ് പറഞ്ഞത്.

അടുത്ത ദിവസം രാവിലെ മുറിയുടെ വാതിൽക്കൽ എന്നെ കാത്തിരുന്നത് ഒരു കൂടു നിറയെ പഴങ്ങളായിരുന്നു. ഏകദേശം പതിനഞ്ചു ദിവസത്തോളം ഇതു തുടർന്നു. അച്ഛന്റെ അസുഖത്തിന് കഴിക്കേണ്ട പഴങ്ങളും മറ്റുമായിരുന്നു അത്രയും ദിവസം അവിടെയുണ്ടായിരുന്നത്. ഇത് കൊണ്ടുവയ്ക്കുന്ന ആളെ കണ്ടുപിടിക്കാനായി പിന്നീട് എന്റെ ശ്രമം. അതിനായി ‍ഞാൻ ഉറങ്ങാതെ കാത്തിരുന്നെങ്കിലും അയാളെ കണ്ടെത്താനായില്ല. ശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ എനിക്ക് വാശിയായി. അങ്ങനെയാണ് വീടിനു വെളിയിൽ അൽപ്പം മാറി ഞാൻ ഒളിച്ചു നിന്നത്. അയാൾ വന്നപ്പോൾ ഞാൻ അയാളുടെ മുന്നിലേക്കു ചെന്നു'.

അന്ന് അയാൾ പറഞ്ഞതിങ്ങനെ. 'എന്റെ കൈയിൽ നിന്ന് അയാൾ പഴ്സ് തട്ടിയെടുത്ത് ഓടിയെങ്കിലും അതിനു ശേഷം ഞാൻ റോഡിലിരുന്ന് കരയുന്നതും എന്റെ ചുറ്റും ആളുകൾ കൂടുന്നതും അയാൾ കണ്ടിരുന്നു. ഓടിക്കൂടിയ ആളുകളിൽ ഒരാൾ എന്ന രീതിയിൽ ആൾക്കൂട്ടത്തിൽ നിന്ന അയാൾക്ക് എന്റെ കരച്ചിൽ കണ്ടപ്പോൾ പശ്ചാത്താപം തോന്നി. മോഷണം എന്ന തൊഴിൽ തന്നെ ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചു. അതിന് അയാൾ നൽകിയ വിശദീകരണമിങ്ങനെ :-

'' എന്റെ ജീവിതത്തിൽ അച്ഛന്റെ സ്നേഹമെന്താണെന്നോ കുടുംബമെന്താണെന്നോ ഞാൻ അറിഞ്ഞിട്ടില്ല. നിങ്ങൾ നിങ്ങളുടെ വയ്യാത്ത അച്ഛനെയോർത്തു കരയുന്നതു കണ്ടപ്പോഴാണ് സ്നേഹം എന്താണെന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ തിരിച്ചറിഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ അധ്വാനിച്ചു ജീവിക്കുവാൻ തുടങ്ങി'. 'മാന്യമായി ജോലി ചെയ്തു സമ്പാദിച്ച കാശുകൊണ്ടാണ് അയാൾ എന്റെ അച്ഛനുള്ള മരുന്നുകളും ആഹാരസാധനങ്ങളും വാങ്ങിക്കൊണ്ടു വന്നത്. അയാൾ മാപ്പു പറയുന്നതു കണ്ടപ്പോൾ അയാളോട് ഞാൻ ക്ഷമിച്ചു. പതിയെ ആ കള്ളനോട് എനിക്ക് പ്രണയം തോന്നി.

കഴിഞ്ഞ അഞ്ചു വർഷമായി ഞങ്ങൾ വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുകയാണ്. തെരുവു ബാലകനായിരുന്ന അയാളെ സ്നേഹിക്കാൻ ആരും ഇല്ലായിരുന്നു. ഇപ്പോൾ ഞങ്ങൾ പരസ്പരം ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഞങ്ങൾ രണ്ടു പേരും ജോലിചെയ്താണ് ജീവിക്കുന്നത്. സ്നേഹവും ആർദ്രതയുമുള്ള സമീപനംകൊണ്ട് മനുഷ്യരുടെ മനസ്സിനെ മാറ്റാൻ കഴിയുമെന്ന് ‍ഞാനിപ്പോൾ വിശ്വസിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com