ADVERTISEMENT

ഒരു മഞ്ഞുതുള്ളിപോലെ നിർമലയായി ശവമഞ്ചത്തിൽ അവൾ കിടന്നു. അവളുടെ അവസാനനാളിലെ ആഗ്രഹം പോലെ സുന്ദരിയായിത്തന്നെ. ഫിലിപ്പീൻസിലെ യുവമോഡൽ കൂടിയായ യുവതിയാണ് തന്റെ മരണദിവസത്തെ കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത് അവ നടപ്പിലാക്കിയത്.

20–ാം വയസ്സിൽ ലോകത്തോടു വിടപറഞ്ഞ അവൾ പ്രിയപ്പെട്ടവരോടു പറഞ്ഞത് ഒന്നുമാത്രം. മരിച്ചു കിടക്കുമ്പോഴും സുന്ദരിയായിത്തന്നെയിരിക്കണം. ആ പെൺകുട്ടിയുടെ പേര് ലൗലി റെസിന. അവൾ ലോകത്തോട് വിടപറഞ്ഞത് 2017 ഏപ്രിൽ 17 നും. ബോൺകാൻസർ ബാധിതയായിരുന്ന യുവതിക്ക് തന്റെ മരണദിവസം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

മരണത്തിന് അഞ്ചുദിവസം മുൻപ് ഏപ്രിൽ 12നാണ് അവൾ മരണദിവസം തന്നെ എങ്ങനെ ഒരുക്കണമെന്നതിനെക്കുറിച്ച് സഹോദരിക്ക് നിർദേശം നൽകിയത്. തന്റെ സംസ്കാരച്ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സഹോദരിയുടെ ഫെയ്സ്ബുക്കിൽ ലൗലി കുറിപ്പെഴുതുകയും അതു വൈറലാവുകയും ചെയ്തു. അതൊരിക്കലും തരംഗമാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും മനസ്സിൽ തോന്നിയ കാര്യങ്ങൾ മാത്രമാണ് താൻ കുറിച്ചതെന്നുമായിരുന്നു ലൗലിയുടെ അന്നത്തെ പ്രതികരണം.

സംസ്കാരച്ചടങ്ങിലെ മുഴുവൻ കാര്യങ്ങളെക്കുറിച്ചും ലൗലിക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ആ സന്ദർഭത്തിൽ ഉപയോഗിക്കേണ്ട നിറങ്ങളെക്കുറിച്ചും അവൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. വയലറ്റ്, നീല, മിന്റ് ഗ്രീൻ തുടങ്ങിയ നിറങ്ങൾ വേണമെന്നാണ് അവൾ ബന്ധുക്കളോട് ആവശ്യപ്പെട്ടത്.

അവളുടെ ആഗ്രഹം നിറവേറ്റാൻ കുടുംബത്തിലുള്ള എല്ലാവരും ഒപ്പം നിന്നു. അവൾ ആവശ്യപ്പെട്ട നിറങ്ങളിലുള്ള പൂക്കൾ അവർ അവൾക്കായി ഒരുക്കി. മോഡലായി പ്രവർത്തിച്ച അനുഭവപരിചയമുള്ളതുകൊണ്ട് ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ അവൾക്കു നന്നായി അറിയാമായിരുന്നു. മുഖത്ത് ചെറുപുഞ്ചിരി വിരിയുന്ന തരത്തിൽ മേക്കപ് ചെയ്തു തരാൻ അവൾ തന്റെ മേക്കപ് ആർട്ടിസ്റ്റിനോട് ആവശ്യപ്പെട്ടു. വെള്ളസാറ്റിൻ തുണിയിൽ തുന്നിയ ഓഫ്ഷോൾഡർ വസ്ത്രം ധരിച്ച് ശാന്തയായിരിക്കുമ്പോഴും ചുറ്റുമുള്ളവരോട് അവൾ ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ' എന്റെ ശരീരം മറവു ചെയ്യുമ്പോൾ അച്ഛനുറങ്ങുന്ന മണ്ണിൽത്തന്നെ വേണം.' അവളുടെ ആ ആഗ്രഹവും നിറവേറാൻ പാകത്തിനുള്ള കാര്യങ്ങൾ വീട്ടുകാർ ചെയ്തു.

അവളുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു എന്നു പറഞ്ഞുകൊണ്ട് അവളുടെ സഹോദരി ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ :- '' ഇന്ന് നിന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിഞ്ഞിരിക്കുന്നു. നിന്റെ ചിരിയിൽ അതെനിക്ക് കാണാം. ഒരിക്കലുമുണരാത്ത ഉറക്കത്തിലേക്കു പോയ ലൗലിക്ക് അവളുടെ ആഗ്രഹം പോലെയൊരു യാത്രാമൊഴിയേകാൻ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയിരുന്നു. നിന്റെ ഓർമകൾക്കു മരണമില്ലെന്നും എന്നും എന്റെ ഹൃദയത്തിൽ നീയുണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് അവർ അവളെ തനിച്ചാക്കി മടങ്ങിയത്...

അവൾ ഓർമയായി രണ്ടു വർഷം പിന്നിടുമ്പോഴും അവളെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചുകൊണ്ട് സഹോദരി പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് അവൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com