രസികൻ അടിക്കുറിപ്പുകളും കിടിലൻ ചിത്രങ്ങളുമായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ള സ്മൃതി ഇറാനി ഇക്കുറിയെത്തിയത് വികാരനിർഭരമായ ചിത്രം പങ്കുവച്ചുകൊണ്ടാണ്.
കൗമാരപ്രായക്കാരായ മക്കൾ ദൂരേക്ക് നടന്നു പോകുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സ്മൃതി ഇറാനി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുന്നത്. മക്കൾ മുതിർന്നു കഴിയുമ്പോൾ പഠനാവശ്യത്തിനും മറ്റുമായി അമ്മമാരെ വിട്ടു നിൽക്കാറുണ്ട്. മക്കളെ പിരിഞ്ഞിരിക്കാൻ വയ്യെന്നു പറഞ്ഞ് അവരുടെ ആ യാത്ര തടയാൻ ഒരമ്മയ്ക്കുമാവില്ല. അതേ മാനസീകാവസ്ഥയിലൂടെയാണ് താനും കടന്നു പോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് സ്മൃതിയുടെ പോസ്റ്റ്.
മകൻ ഉപരിപഠനത്തിനായി പോകുമ്പോൾ തന്നെ വിട്ട് മാറിനിൽക്കേണ്ടി വരുമല്ലോ എന്നോർത്തുള്ള വിഷമംകൊണ്ടാണ് സ്മൃതി ഇറാനി ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചതെന്നാണ് സ്മൃതിയെപ്പോലെയുള്ള അമ്മമാർ പറയുന്നത്.
സ്മൃതി ഇറാനിയുടെ മക്കളായ 17 വയസ്സുകാരൻ സോർ ഇറാനിയും മകൾ 15 വയസ്സുകാരി സോയിഷ് ഇറാനിയും ദൂരേക്ക് നടന്നു പോകുന്നതിന്റെ ചിത്രമാണ് അവർ പങ്കുവച്ചത്. മകൻ പ്ലസ്ടു പരീക്ഷയ്ക്കായി തയാറെടുത്തപ്പോൾ മകന് ആശംസകൾ നേർന്ന് സ്മൃതി ഇറാനി പങ്കുവച്ച പോസ്റ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.