sections
MORE

വില്യം–ഹാരി രാജകുമാരന്മാരെ ഒന്നിപ്പിക്കാൻ കേറ്റ് മിഡിൽറ്റൺ; ശ്രമങ്ങളിങ്ങനെ

Kate Middleton With Prince Harry And Prince Megan
കേറ്റ് മിഡിൽറ്റൺ , ഹാരി രാജകുമാരൻ, വില്യം രാജകുമാരൻ
SHARE

വില്യം–ഹാരി രാജകുമാരന്മാരുടെ വേർപിരിയലിനെപ്പറ്റിയുള്ള വാർത്തകൾക്കു പിന്നാലെയാണ് ആ വാർത്തയെത്തിയത്. സഹോദരങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാൻ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽറ്റൺ മുൻകൈയെടുക്കുന്നു.

രാജകുടുംബാംഗങ്ങൾ ഒരുമിച്ച് ഈസ്റ്റർ ആഘോഷിച്ചതിനു ശേഷമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ്. രാജകുമാരന്മാർക്കിടയിലെ പിണക്കത്തിന്റെ മഞ്ഞുരുക്കാൻ കേറ്റ്മിഡിൽറ്റൺ ശ്രമിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്.

സഹോദരങ്ങൾ തമ്മിൽ ഒന്നിച്ചു പോകാൻ തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നുറപ്പിച്ചിരിക്കുകയാണ് ഡച്ചസ് ഓഫ് കേംബ്രിഡ്ജും വില്യം രാജകുമാരന്റെ ഭാര്യയുമായ കേറ്റ്. എലിസബത്ത് രാജ്ഞിയുടെയും രാജകുടുംബത്തിലെ മറ്റു മുതിർന്ന വ്യക്തികളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുരാജകുമാരന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഈസ്റ്റർ ആഘോഷം.

ചടങ്ങിനെത്തിയപ്പോൾ സഹോദരഭാര്യയായ കേറ്റ് മിഡിൽറ്റണിനെ ഹാരിരാജകുമാരൻ പരിഗണിക്കുകയും വില്യം രാജകുമാരന്റെ നോട്ടത്തെ അവഗണിക്കുകയും ചെയ്തു. ഇതു ശ്രദ്ധിച്ച കേറ്റ് മിഡിൽറ്റൺ സഹോദരന് ഒലിവ് ശിഖരങ്ങൾ കൈമാറാൻ ഹാരി രാജകുമാരനോടു നിർദേശിച്ചു. ഹാരി രാജകുമാരൻ ജ്യേഷ്ഠത്തിയുടെ വാക്കുകൾ അനുസരിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിൻസറിൽ നടന്ന ഈസ്റ്റർ വിരുന്നുകൾക്കു ശേഷം ഹാരി രാജകുമാരനും മേഗൻ മാർക്കിളും കൊട്ടാരത്തിലുള്ള എല്ലാവരെയും തങ്ങളുടെ പുതിയ വീടായ ഫ്രോഗ്മോർ കോട്ടേജിലേക്ക് ക്ഷണിക്കുകയും ചെയ്തു. ചായസൽക്കാരത്തിനു ശേഷം നാലുപേരും ഒരുമിച്ച് അരമണിക്കൂറോളം സമയം ചിലവഴിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

prince-william-prince-harry-with-family-04
ഹാരി രാജകുമാരൻ, മേഗൻ മാർക്കിൾ,കേറ്റ് മിഡിൽറ്റൺ, വില്യം രാജകുമാരൻ

സക്സസിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരനും മേഗൻമാർക്കിളും കെൻസിങ്ടൺ പാലസിൽ നിന്ന് മാറിത്താമസിക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ മുതലാണ് ഇരു രാജകുമാരന്മാരും തമ്മിൽ സ്വരചേർച്ച യിലല്ലെന്നും അവർക്കിടയിൽ പ്രശ്നങ്ങളുണ്ടെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഹാരി രാജകുമാരന്റെ ഭാര്യ മേഗൻമാർക്കിൾ കാരണമാണ് ഇരുവരും വേർപിരിയുന്നത് എന്നുള്ള തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. പക്ഷേ വിശ്വസീനമായ കേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടു കൾ പറയുന്നത് പ്രശ്നം രാജകുമാരന്മാർ തമ്മിലാണെന്നാണ്. രാജകുമാരന്മാർ തമ്മിലുള്ള ആശയവിനിമയത്തിന് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ ഇരുകൂട്ടരുടെയും ഭാഗത്തു നിന്ന് കാര്യമായ ശ്രമങ്ങളൊന്നുമുണ്ടായില്ലെന്നും അവർ പറയുന്നു.

പ്രശ്നം കൂടുതൽ വഷളാവുന്നു എന്നു കണ്ടതോടെയാണ് വില്യം രാജകുമാരന്റെ ഭാര്യയും മൂന്നു കുഞ്ഞുങ്ങളുടെ അമ്മയുമായ കേറ്റ് മിഡിൽടൺ രാജകുമാരന്മാരെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. രാജവാഴ്ചയുടെ നല്ല ഭാവിക്കുവേണ്ടി  സഹോദരങ്ങൾ ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവോടെയാണ് കേറ്റ്മിഡിൽറ്റൺ സഹോദരങ്ങൾ തമ്മിലുള്ള ശീതയുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.

മേഗൻമാർക്കിളുമായുള്ള ഹാരിരാജകുമാരന്റെ വിവാഹത്തിന് മുൻപ് മൂവരും ഒരേ മനസ്സോടെയാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നതെന്നും രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ചാരിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും എല്ലാം മൂവരും ഒരുപോലെ ഇടപെടുകയും ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു . വ്യാഴാഴ്ച വെസ്റ്റ് മിനിസ്റ്റർ ആബിയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ഇരുകുടുംബങ്ങളും ചിരിയോടെ, സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും റിപ്പോർട്ടുകളുണ്ട്.

prince-william-prince-harry-with-family-02
മേഗൻ മാർക്കിൾ, ഹാരി രാജകുമാരൻ, വില്യം രാജകുമാരൻ, കേറ്റ് മിഡിൽറ്റൺ.

രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത് ഹാരിരാജകുമാരനുമായി എന്നും മികച്ച വ്യക്തിബന്ധം സൂക്ഷിച്ചയാളാണ് ഡച്ചസ് എന്നാണ്. അതുകൊണ്ടു തന്നെ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടേണ്ടതിനെക്കുറിച്ച് കേറ്റിന് ഉത്തമബോധ്യവുമുണ്ട്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മികച്ചതാക്കുന്നതിനുവേണ്ടി മാത്രമല്ല കേറ്റ് ശ്രമിക്കുന്നത്. മറിച്ച് രാജകുടുംബത്തിന്റെ മുഴുവൻ നന്മയ്ക്കു വേണ്ടി കൂടിയാണെന്നും രാജകുടുംബത്തോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു.

പ്രക്ഷുബ്ദമായ പല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോഴും വില്യം–കേറ്റ് ദമ്പതികൾക്കൊപ്പം നല്ല ഉപദേശകനായി ഹാരിരാജകുമാരൻ ഒപ്പമുണ്ടായിരുന്നു. വർഷങ്ങളായി ഇതായിരുന്നു പതിവും. തുല്യ പങ്കാളിത്തത്തോടെയാണ് പല ഉത്തരവാദിത്തങ്ങളും മൂവരും സന്തോഷത്തോടെ നിർവഹിച്ചതും.

പക്ഷേ മേഗൻമാർക്കിളിനെ വിവാഹം ചെയ്യാൻ ഹാരിരാജകുമാരൻ തീരുമാനിച്ചപ്പോൾ വില്യം രാജകുമാരൻ ഇക്കാര്യത്തിൽ സഹോദരന് താക്കീത് നൽകി. സഹോദരന്റെ പെരുമാറ്റം ഹാരിരാജകുമാരനെ വ്യക്തിപരമായി വല്ലാതെ വേദനിപ്പിച്ചു. തന്റെ പ്രണയം തകർക്കാൻ സഹോദരൻ ശ്രമിക്കുന്നുവെന്ന തോന്നലിൽ വില്യം രാജകുമാരനെ ഹാരി രാജകുമാരൻ കുറ്റപ്പെടുത്താൻ തുടങ്ങി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ മെയിൽ നടന്ന വില്യം–ഹാരി വിവാഹത്തിലുടനീളം മുൻപന്തിയിൽ നിന്നത് വില്യം രാജകുമാരനായിരുന്നു.

ഭാവിയിലേക്കുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായം വന്നതോടെയാണ് ഇരു കുടുംബങ്ങളും തമ്മിൽ പ്രത്യക്ഷമായി അകൽച്ചയിലായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത ഭരണാധികാരിയാകേണ്ടത് വില്യം രാജകുമാരനാണ്. അപ്പോൾ ഹാരി രാജകുമാരനും മേഗൻ മാർക്കിളിനും അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടി വരും. രാജകുമാരന്മാരിൽ ഇളയ ആളായ ഹാരി ഒരിയ്ക്കൽ പറഞ്ഞതിങ്ങനെ :- '' ആർക്കും രാജാവാകണ്ട. കുടുംബം അധികാരത്തിലേറുന്നത് ജനങ്ങളുടെ നന്മയ്ക്കായാണ്''.

കാര്യങ്ങൾ എന്തൊക്കെയായാലും രാജകുമാരന്മാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്നാണ് രാജകുടുംബത്തിനോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്. കാരണം രാജകുടുംബത്തിന്റെ നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണ്. കാര്യങ്ങൾ പോസിറ്റീവായ രീതിയിൽ അവസാനിക്കാതെ ഡ്യൂക്കും ഡച്ചസും ആഫ്രിക്കയിലേക്ക് പോയാൽ അത് കാര്യങ്ങൾ വീണ്ടും രൂക്ഷമാകാനിടയാകും.

prince-william-prince-harry-03
ഹാരി രാജകുമാരൻ, മേഗൻ മാർക്കിൾ, വില്യം രാജകുമാരൻ, കേറ്റ് മിഡിൽറ്റൺ

അതുല്യമായ കഴിവുകൾ പരസ്പരം മനസ്സിലാക്കി എന്നും ഒന്നിച്ചു പോകാനിഷ്ടപ്പെടുന്നവരാണ് വില്യം രാജകുമാരനും ഹാരിരാജകുമാരനുമെന്നും അവർ പറയുന്നു. ഹാരി രാജകുമാരനെ ട്രീറ്റ് ചെയ്യുന്ന രീതിയെക്കുറിച്ച് ഡയാന രാജകുമാരിക്ക് അതിയായ മനോവേദനയുണ്ടായിരുന്നെന്നും വില്യം രാജകുമാരന് നൽകുന്ന തുല്യ പരിഗണന തന്നെ ഹാരിരാജകുമാരനും നൽകണമെന്ന് അവർ ആഗ്രഹിച്ചിരുന്നതായും കൊട്ടാരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അമ്മയുടെ മരണത്തോടെയാണ് ഇരുരാജകുമാരന്മാരും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെട്ടതെന്നും അവർ പറയുന്നു. 1997 ൽ നടന്ന കാർ അപകടത്തിലാണ് ഡയാന രാജകുമാരി മരണപ്പെട്ടത്.

ചിലപ്പോഴൊക്കെ വില്യം രാജകുമാരൻ വല്ലാതെയുള്ള ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്നും ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്കു നിറവേറ്റേണ്ടി വരുന്നതിനെയോർത്ത് അദ്ദേഹം ഉത്കണ്ഠപ്പെടുമ്പോഴെല്ലാം അദ്ദേഹത്തിന് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകിക്കൊണ്ട് കേറ്റ്മിഡിൽറ്റൺ ഒപ്പം നിൽക്കാറുണ്ടെന്നും കൊട്ടാരത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. കുട്ടിക്കാലത്ത് നേരിട്ട ചില അനുഭവങ്ങളും മറ്റും അവരെ വളരെ ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, പ്രശ്നങ്ങൾ മൂലം എല്ലാം അവസാനിക്കുന്നതിനു മുൻപ് അവർ സ്വന്തമായി ആ പ്രശ്നങ്ങളെ അഡ്രസ് ചെയ്യുമെന്നും പഴയ ബന്ധം പൂർവാധികം ശക്തിയായി പുന:സ്ഥാപിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷയെന്നും രാജകുടുംബത്തോടടുപ്പമുള്ളവർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA