ADVERTISEMENT

വാര്‍ത്തകളാല്‍ ചുറ്റപ്പെട്ടതാണ് എന്നും ബ്രിട്ടീഷ് രാജകൊട്ടാരം; അവിടെനിന്നെത്തുന്ന വാര്‍ത്തകളാകട്ടെ ചൂടപ്പം പോലെ വിറ്റുപോകുന്നതും. രാജകുടുംബവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പുതിയ വാര്‍ത്തയിലെ നായിക ഒരു നാലുവയസ്സുകാരിയാണ്- ഷാര്‍ലറ്റ് രാജകുമാരി. വില്യം രാജകുമാരന്‍- കേറ്റ് മിഡില്‍ടണ്‍ ദമ്പതികളുടെ ഓമനമകള്‍. രാജകൊട്ടാരത്തില്‍നിന്നുതന്നെ ഔദ്യോഗികമായി പുറത്തുവിട്ടതാണ് ചിത്രങ്ങള്‍. വ്യാഴാഴ്ച നാലാം പിറന്നാളായിരുന്നു ഷാര്‍ലറ്റിന്. ആഘോഷത്തിന്റെ ഭാഗമായാണ് മൂന്നുചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‌ചിത്രം കണ്ടവര്‍ ഒരു നിമിഷം മൂക്കത്തു വിരല്‍വച്ചിരുന്നുപോയി. നാലുവയസ്സുകാരി രാജകുമാരിയും മുത്തശ്ശി എലിസബത്ത് രാജ്ഞിയും തമ്മിലുള്ള രൂപസാദൃശ്യമാണ് അവരെ അതിശയിപ്പിച്ചത്. നാലു വയസ്സിലെ രാജ്ഞിയും ചിത്രവും രാജകുമാരിയുടെ ചിത്രവും കണ്ടാല്‍ തമ്മില്‍ തിരിച്ചറിയാന്‍പോലും പറ്റില്ലെന്നാണ് കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവര്‍ പ്രചരിപ്പിക്കുന്നത്. കെൻസിങ്ടൺ കൊട്ടാരത്തിലെ നോര്‍ഫോള്‍ക് വസതിയില്‍ വച്ചാണ് ഷാര്‍ലറ്റിന്റെ ചിത്രങ്ങള്‍ എടുത്തത്. ചിരിച്ചുകൊണ്ട് ക്യാമറയ്ക്കു നേരെ ഓടിവരുന്നതുള്‍പ്പെടെയുള്ള കുസൃതിച്ചിത്രങ്ങള്‍. ഏപ്രിലില്‍ രാജകൊട്ടാരത്തില്‍ വച്ച് അമ്മ കേറ്റ് തന്നെയാണ് മകളുടെ ചിത്രങ്ങളെടുത്തതെന്നും കൊട്ടാരം വൃ‍ത്തങ്ങള്‍ വിശദീകരിച്ചു. 

അച്ഛനമ്മമാരില്‍ രാജകുമാരിക്കു കിട്ടിയിരിക്കുന്നത് വില്യം രാജകുമാരന്റെ ഛായ. അദ്ദേഹത്തിനാകട്ടെ രാജ്ഞിയുടെ ഛായയും. പപ്പരാസികള്‍ ഇപ്പോഴേ നോട്ടമിട്ടുകഴിഞ്ഞു ഷാര്‍ലറ്റിനെ. എലിസബത്ത് രാജ്ഞിയുടെ അതേ കണ്ണുകളാണ് ഷാര്‍ലറ്റിനും കിട്ടിയിരിക്കുന്നതെന്നാണ് പ്രധാന കണ്ടെത്തല്‍. രണ്ടുപേരും നോക്കുന്നത് ഏതാണ്ട് ഒരുപോലെ. തീര്‍ന്നില്ല. മുടിയുടെ നിറവും ഒന്നുതന്നെ. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും രണ്ടുപേര്‍ക്കും ഒരേ താല്‍പര്യമാണെന്നും ചിലര്‍ കടത്തിപ്പറയുന്നുമുണ്ട്.

അപൂര്‍വം ചിലര്‍ ഷാര്‍ലറ്റിന് കേറ്റിന്റെ ഛായയുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും രാജ്ഞിയുമായി ഷാര്‍ലറ്റിനു സാദൃശ്യം ഉണ്ടെന്നാണ് വാദിക്കുന്നത്. എന്തായാലും കൊട്ടാരത്തില്‍നിന്ന് ഒരു സെലിബ്രിറ്റിയെക്കൂടി ലഭിച്ചിരിക്കുകയാണ് മാധ്യമങ്ങള്‍ക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com