sections
MORE

'ആ ചോദ്യം എന്നെ അമ്പരപ്പിച്ചു': വിവാഹവിശേഷം പങ്കുവച്ച് ജസിന്‍ഡ ആര്‍ഡേന്‍

New Zealand PM Jacinda Ardern With Partner And Daughter
ജസിന്‍ഡ ആര്‍ഡേന്‍ പങ്കാളിയ്ക്കും കുഞ്ഞിനുമൊപ്പം
SHARE

ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള അവധിക്കാലയാത്ര. ന്യൂസിലന്‍ഡിലെതന്നെ വിദൂരമായ ഒരു ഉപദ്വീപ്. മോകോടാഹി മല. ചുറ്റും ഗംഭീര്യമാര്‍ന്ന മലനിരകള്‍, പച്ചപ്പ്. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ട, കാല്‍പനികമായ ആ സ്ഥലത്ത് അധികം പേരൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു പ്രദേശവാസികള്‍. പ്രധാനമന്ത്രിയെ എവിടെയും അനുഗമിക്കുന്ന സുരക്ഷാഉദ്യോഗസ്ഥര്‍. ഒഴിവുസമയത്ത് കഴിക്കാന്‍വേണ്ടി കൊണ്ടുപോയ ചോക്ലേറ്റുകള്‍ മോഷ്ടിച്ച നായയും. അവിടെവച്ചാണ് കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ കേള്‍ക്കുന്നത്. വിവാഹാഭ്യര്‍ഥന. ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതിശയം. ആ നിമിഷം ഇപ്പോഴുമുണ്ട് ജസിന്‍ഡയുടെ ഓര്‍മയില്‍. ആ നിമിഷത്തിന്റെ സന്തോഷവും ലജ്ജയും അത്യപൂര്‍വമായ നിര്‍വൃതിയും. 

ദീർഘകാലമായി ഒരുമിച്ചു താമസിക്കുന്ന ജീവിത പങ്കാളി ക്ലാർക്ക് ഗേയ്ഫോർഡ് വിവാഹാഭ്യര്‍ഥന നടത്തിയ നിമിഷം ഓര്‍ത്തെടുക്കുകയായിരുന്നു ജസിന്‍ഡ ആര്‍ഡേന്‍. വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷമുള്ള ആദ്യത്തെ പത്രസമ്മേളനമായിരുന്നു വേദി. എല്ലാ ആഴ്ചയിലുമുള്ള പതിവു പത്രസമ്മേളനം. ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുണ്ടായിരുന്നതു വിവാഹവിശേഷങ്ങള്‍. ഒട്ടും മടിക്കാതെ, മറച്ചുവയ്ക്കാതെ, 41 വയസ്സുകാരനായ ക്ലാര്‍ക്ക് ഗേയ്ഫോര്‍ഡ് വിവാഹാഭ്യര്‍ഥന നടത്തിയതിനെക്കുറിച്ചും ആ സ്ഥലത്തിന്റെ പ്രത്യേകതയെക്കുറിച്ചുമെല്ലാം ജസിന്‍ഡ വാചാലയായി. ഗേയ്ഫോര്‍ഡ് വിവാഹ അഭ്യാര്‍ഥന നടത്തിയപ്പോള്‍ താന്‍ പൂര്‍ണമായും അദ്ഭുതപ്പെട്ടുവെന്നും. വിവാഹം ഉറപ്പിച്ചെങ്കിലും എന്ന്, എവിടെവച്ച്, എങ്ങനെ ആഘോഷം നടത്തണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നും ജസിന്‍ഡ വെളിപ്പെടുത്തി. 

അടുത്തുതന്നെ വിവാഹിതയായാൽ, പ്രധാനമന്ത്രി പദത്തില്‍ ഇരുന്നുകൊണ്ട് വിവാഹിതയാകുന്ന ആദ്യത്തെ ലോകനേതാവായി മാറും ജസിന്‍ഡ. ലോകനേതാക്കള്‍ സംബന്ധിക്കുന്ന, ലോകം കൗതുകക്കണ്ണുകളുമായി ഉറ്റുനോക്കാന്‍ പോകുന്ന അപൂര്‍വചടങ്ങ്. മുമ്പ് 2008ൽ ഫ്രഞ്ച് പ്രസിഡന്റ് സർക്കോസി ഗായിക കാർല ബ്രൂനിയെ വിവാഹം ചെയ്തതിനുശേഷം ഇതാദ്യമായിരിക്കും അധികാരത്തിലുള്ള ഒരു രാഷ്ട്രനേതാവിന്റെ വിവാഹം നടക്കാന്‍ പോകുന്നതും. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്കു ശേഷം, പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ അമ്മയായ ആദ്യ വനിതകൂടിയാണ് ജസിൻഡ.

ഒരു പൊതുചടങ്ങി‍ൽ പങ്കെടുക്കുമ്പോൾ, 38 വയസ്സുകാരിയായ ജസിൻഡയുടെ വിരലിൽ വജ്രമോതിരം ശ്രദ്ധയിൽപ്പെട്ട മാധ്യമപ്രവർത്തകരാണു വിവാഹവാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഗേയ്ഫോര്‍ഡിന്റെ മുത്തശ്ശിയുടേതാണ് താന്‍ അണിഞ്ഞിരിക്കുന്ന വിവാഹമോതിരമെന്നും ജസിന്‍ഡ കഴിഞ്ഞദിവസം വെളിപ്പെടുത്തി. തലമുറകളായി കുടുംബം കൈമാറുന്ന അപൂര്‍വസ്വത്ത്. വിവാഹ വാര്‍ത്ത ആരില്‍നിന്നും ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പക്ഷേ ഉദ്ദേശിച്ച വിരലില്‍ മോതിരം പാകമാകാതെ വന്നപ്പോഴാണ് നടുവരലില്‍ അണിയേണ്ടിവന്നതെന്നും അവര്‍ വെളിപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA