sections
MORE

അവളെ ഒരു പഞ്ചിങ് ബാഗ് പോലെയാണ് അയാൾ കണക്കാക്കുന്നത്: ഹൃതിക്കിനെതിരെ രംഗോലി

kangana-rangoli-hrithik-roshan-01
SHARE

ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയാണ് ചില ബോളിവുഡ് താരങ്ങളുടെ ട്വീറ്റുകൾ ബി ടൗണിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം ആക്രോശിച്ചും കുറ്റപ്പെടുത്തിയും ഉണങ്ങാത്ത മുറിവുകളെ കുത്തിനോവിച്ചും അവർ പരസ്പരം മൽസരിക്കുകയാണ്. ജൂലൈയിൽ റിലീസ് ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങളെച്ചൊല്ലിയാണ് ഇപ്പോൾ തർക്കം. 

ബിടൗണിലെ ബദ്ധവൈരികളായ ഹൃതിക് റോഷന്റെയും കങ്കണയുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് സെലിബ്രിറ്റികൾ തമ്മിലുള്ള പരസ്യമായ ചേരിപ്പോരിന് തുടക്കം കുറിച്ചത്. ഈ വിഷയത്തിൽ ഏക്താ കപൂറിന് മറുപടി നൽകിക്കൊണ്ടു പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് കങ്കണയുടെ സഹോദരി രംഗോലി ഹൃതിക് റോഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

കങ്കണയെ കേന്ദ്രകഥാപാത്രമാക്കി ഏക്താ കപൂർ നിർമ്മിച്ച മെന്റൽ ഹൈ ക്യാ എന്ന ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് ജൂൺ 21നായിരുന്നു. എന്നാൽ ഇതു മാറ്റി ഹൃതിക് റോഷന്റെ സൂപ്പർ 30 എന്ന ചിത്രം റിലീസ് ചെയ്യുന്ന ജൂലൈ 26 നു തന്നെ കങ്കണയുടെ ചിത്രവും റിലീസ് ചെയ്യാൻ തീരുമാനമായി.

വിഷയത്തെക്കുറിച്ച് കങ്കണയുടെ ചിത്രത്തിന്റെ നിർമാതാവായ ഏക്താ കപൂർ പറഞ്ഞതിങ്ങനെ :- 

'' വൃത്തികെട്ട ഒളിട്വീറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. എന്റെ അഭിനേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രസ്താവനകൾ നിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഈ തീരുമാനം എന്റേതു മാത്രമാണ്, മറ്റാരുടേയുമല്ല''.

ഏക്തയുടെ ട്വീറ്റിന് മറുപടി പറയവേയാണ് വാക്കുകൾ കൊണ്ട് രംഗോലി ഹൃതിക്കിനെ കടന്നാക്രമിച്ചത്. നെഗറ്റീവ് പിആർ വർക്കുകളിലൂടെ ഹൃതിക് കങ്കണയുടെ റെപ്യൂട്ടേഷനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു കൊണ്ട് രംഗോലി പറയുന്നതിങ്ങനെ :- 

'' ഒളിച്ചു നിന്ന് ഉപദ്രവിക്കുമെന്നല്ല നേരിൽ വന്ന് യുദ്ധം ചെയ്യുമെന്നാണ് ഒരു പുരുഷനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഏക്തയോട് ഒന്നും സംസാരിക്കാതെ കങ്കണയെ ഒരു പഞ്ചിങ്ബാഗായാണ് നിങ്ങൾ കണക്കാക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി''. ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റരുതെന്ന് കങ്കണ ഏക്തയോടു പറഞ്ഞിരുന്നെന്നും പക്ഷേ ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൃതfക്കിനെ വിളിച്ച് സംസാരിച്ച ശേഷമാണ് റിലീസ് ജൂലൈ 26 ന് ആക്കാമെന്ന് തീരുമാനിച്ചതെന്നും രംഗോലി പറയുന്നു.

ചിത്രത്തിന്റെ നിർമ്മാതാവു തന്നെ ആ തീരുമാനം തന്റേതു മാത്രമാണെന്ന് ഉറപ്പിച്ചു പറയുമ്പോഴും കങ്കണയ്ക്കു നേരെ ഉയരുന്ന വിമർശനങ്ങളിൽ അസ്വസ്ഥയായാണ് സഹോദരിക്കു വേണ്ടി രംഗോലി രംഗത്തു വന്നതും ട്വീറ്റിലൂടെ തങ്ങളുടെ ഭാഗം വ്യക്തമാക്കിയതും. ഹൃതിക് റോഷന്റെ ചിത്രത്തെ തകർക്കാനായി കങ്കണ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി എന്ന തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ പരന്ന സാഹചര്യത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് ഏക്താ കപൂറിന്റെ ബാലാജി മോഷൻ പിക്ച്ചേഴ്സിന് ഒരു നീണ്ട കുറിപ്പു തന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യേണ്ടി വന്നത്.

ബാലാജി മോഷൻ പിക്ച്ചേഴ്സ് പങ്കുവച്ച കുറിപ്പിങ്ങനെ :-

'' ചിത്രത്തിന്റെ റിലീസ് ഡേറ്റിൽ മാറ്റം വരുത്തിയത് വിതരണക്കാർ, ട്രേഡ് അനലിസ്റ്റ്, ടോപ് റിസേർച്ച് ടീം എന്നിവരിൽ നിന്നുള്ള നിർദേശമനുസരിച്ചാണ്. ഈ ഡേറ്റിന് ഒരാഴ്ച മുൻപും ഒരാഴ്ചയ്ക്കു ശേഷവും റിലീസ് ചെയ്യുന്ന ചിത്രങ്ങളെക്കൂടി പരിഗണിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ജൂലൈ 26 ലേയ്ക്ക് മാറ്റിയതിനു പിന്നിൽ ബിസിനസ്സ് ലക്ഷ്യങ്ങൾ മാത്രമേയുള്ളൂ''.

സൂപ്പർ 30 എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റാം എന്ന തീരുമാനം ഹൃതിക് റോഷൻ പങ്കുവച്ചെങ്കിലും അണിയറ പ്രവർത്തകർ അതിനു തയാറായില്ലെന്നും റിപ്പോർട്ടുകളുണ്ട്. മുൻപ് കങ്കണ ചിത്രം മണികർണികയുമായി സൂപ്പർ 30 യ്ക്ക് ഡേറ്റ് ക്ലാഷ് വന്നപ്പോൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയതാണ് അതിനു കാരണമായി അവർ പറയുന്നത്.

ചില സ്വകാര്യ ചാറ്റുകൾ പുറത്തു വന്നതിനെത്തുടർന്ന് 2017ലാണ് കങ്കണയും ഹൃത്വിക് റോഷനും തമ്മിൽ ശത്രുത തുടങ്ങിയത്. തുടർന്ന് അതിന്റെ ചുവടു പിടിച്ച് നിരവധി വിവാദങ്ങൾ ഉണ്ടായെങ്കിലും അപ്പോഴൊക്കെയും കങ്കണയോടൊപ്പം നിലയുറപ്പിച്ചുകൊണ്ട് അവർക്കെതിരെയുരുന്ന ആരോപണങ്ങളോട് ശക്തമായി പ്രതികരിക്കാറുണ്ട് സഹോദരി രംഗോലി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA