ADVERTISEMENT

അപകടങ്ങളിൽപ്പെട്ടോ, അല്ലാതെയോ കോമാ സ്റ്റേജിലാകുന്ന ആളുകൾ എന്നെങ്കിലും ഉണരുമെന്നു പ്രതീക്ഷിച്ച് അവരെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർ ഒരുപാടു പേരുണ്ട്. ചുറ്റുമുള്ളവരുടെ പരുക്കൻ വാക്കുകൾ പലപ്പോഴും അവരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കാറുമുണ്ട്. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് മുംബൈക്കാരിയായ ഒരു കൗമാരക്കാരി. ലോകം മാതൃദിനം ആഘോഷിച്ചപ്പോൾ സ്വന്തം അമ്മ കോമയിൽ നിന്നുണരുന്നതു കാണാൻ കാത്തിരിക്കുകയാണ് ആ കൊച്ചു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ അവൾ തന്റെ കഥ പറഞ്ഞതിങ്ങനെ :-

'' ഇന്നലെ എന്ന പോലെ ഞാൻ ആ ദിവസത്തെ ഓർക്കുന്നുണ്ട്. ദീപാവലി അവധിക്ക് നാട്ടിലെത്തിയതിന്റെ ഉത്സാഹവും അച്ഛനമ്മമാരെ കാണാൻ പോകുന്നതിന്റെ സന്തോഷവുമെല്ലാമായപ്പോൾ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. അന്ന് എന്നെ കൂട്ടാൻ അമ്മയാണ് വന്നത്. വീട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ ഒരു കഫേയിൽ കയറി. കഫേയിലെ മുകൾ നിലയിലേക്ക് ഞാൻ ഓടിച്ചാടിക്കയറി. അമ്മ പതുക്കെ നടന്നു വരുന്നതേ ഉള്ളായിരുന്നു. പൊടുന്നനെ ഒരു വിലയ ശബ്ദംകേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സഹിക്കാനാവാത്ത ഒരു കാഴ്ചയായിരുന്നു. എന്റെ അമ്മ താഴെവീണു കിടക്കുന്നു. ചോരയിൽക്കുളിച്ചു കിടക്കുന്ന അമ്മയുടെ വലതു ചെവിയിൽ നിന്ന് ചോരയൊഴുകിക്കൊണ്ടിരുന്നു. തലയോട്ടിയും പൊട്ടിയിരുന്നു.

ഞെട്ടലിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നെങ്കിലും ഞാൻ അച്ഛനെ ഫോണിൽ വിളിച്ച് എങ്ങനെയൊക്കെയോ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു. ഞങ്ങളുടെ ചുറ്റും കൂടിയ ആളുകളിൽ ആരും തന്നെ ഞങ്ങളെ സഹായിക്കാൻ മുന്നോട്ടു വന്നില്ല. എന്നു മാത്രവുമല്ല. ചിലർ എന്നെയും അമ്മയെയും മോശമായി സ്പർശിക്കുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു നിന്നപ്പോൾ ഒരു മനുഷ്യൻ ഞങ്ങളെ സഹായിക്കാനായി മുന്നോട്ടു വന്നു.  ചോരവാർക്കുന്ന അമ്മയുടെ തല തുണിയിൽ പൊതിഞ്ഞ് അമ്മയെ ആശുപത്രിയിൽ എത്തിച്ചു. കുറച്ചു ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അമ്മ. കോമ സ്റ്റേജിലാണെന്നറിഞ്ഞ നിമിഷം എന്റെ ഹൃദയം തകർന്നു പോയി.

ഞാൻ കാരണമാണ് അമ്മയ്ക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. ഞാൻ അമ്മയുടെ ഒപ്പം നടന്നിരുന്നെങ്കിൽ, അപകടത്തിനു ശേഷം വേഗം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അമ്മയ്ക്ക് ഇങ്ങനെയൊന്നും വരില്ലായിരുന്നുവെന്ന് ഞാൻ വിശ്വസിച്ചു.

അമ്മയായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അമ്മയോടൊപ്പം മിക്കവാറും ഡ്രൈവിന് പോകാറുണ്ടായിരുന്നു. ഞാനും അമ്മയും മാത്രമുള്ള യാത്രകൾ. ലേറ്റസ്റ്റ് പോപ് സോങ്ങുകൾക്ക് ഞാൻ ചുവടു വയ്ക്കുമ്പോൾ അമ്മ എന്നെ അനുകരിക്കാൻ ശ്രമിക്കും. അത്തരം പാട്ടുകളെയൊക്കെ അമ്മ ഇഷ്ടപ്പെട്ടത് എനിക്കു വേണ്ടി മാത്രമാണ്. 

പഴയതു പോലെ അമ്മയെ ആക്റ്റീവ് ആക്കാൻ ഞങ്ങൾ ചെയ്യാത്തതൊന്നുമില്ല. വിദഗ്ധരായ ഡോക്ടർമാരെ കൺസൾട്ട് ചെയ്തു, പല പല തെറാപ്പികൾ പരീക്ഷിച്ചു. പക്ഷേ ഒന്നും ശരിയായില്ല. ഒരു ഡോക്ടർ അൽപ്പം കടത്തിപ്പറഞ്ഞ് ഞങ്ങളെ വേദനിപ്പിച്ചു. അമ്മ ഇങ്ങനെ ജീവനോടെയിരിക്കുന്നതിൽ അർഥമില്ലെന്നും പട്ടിണി കിടത്തി അമ്മയെ മരിക്കാൻ അനുവദിക്കണമെന്നും അയാൾ പറഞ്ഞു. അന്നാണ് അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞത്. '' എന്റെ സ്ഥാനത്ത് ലവിത ആയിരുന്നെങ്കിൽ അവൾ എന്നെയോ നിന്നെയോ മരിക്കാൻ വിടില്ലായിരുന്നു. നീ എന്റെ കൂടെയുണ്ടെങ്കിൽ നമുക്കിവളെ തിരിച്ചു കൊണ്ടുവരാൻ ഒരുമിച്ച് പോരാടാം''.

അങ്ങനെയാണ് ഞങ്ങൾ അമ്മയെയും കൊണ്ട് വീട്ടിലേക്ക് മടങ്ങിയത്. അമ്മയെ പരിചരിക്കാൻ ഒരു നഴ്സിനെ ഏർപ്പെടുത്തി. എല്ലാ ദിവസവും ഞാനും അച്ഛനും അമ്മയോടു സംസാരിക്കും. ഒന്നിച്ചു ചിലവഴിച്ച സന്തോഷകരമായ സന്ദർഭങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ശ്രമിക്കും. ചില ദിവസങ്ങളിൽ അതിനു മറുപടിയായി അമ്മയുടെ മുഖത്തു നിന്ന് ചെറുപുഞ്ചിരികൾ ലഭിക്കും. അല്ലെങ്കിൽ തല ചെറുതായി അനക്കും. ഞങ്ങൾ പറയുന്നതൊക്കെ അമ്മ ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്ന് അങ്ങനെയാണ് ഞങ്ങൾക്ക് മനസ്സിലായത്.

എനിക്ക് അസുഖമുള്ളപ്പോഴൊക്കെ രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് അമ്മ ജോലിയിൽ നിന്ന് വിട്ടു നിന്നത്. എനിക്കെന്തെങ്കിലും മനപ്രയാസമുണ്ടെങ്കിലോ സംസാരിക്കാൻ താൽപര്യമില്ലാതെയിരിക്കുമ്പോഴോ ഒക്കെ ഒരു ബൗൾ നിറയെ എനിക്കേറെയിഷ്ടപ്പെട്ട ഐസ്ക്രീം അമ്മയെനിക്കു കൊണ്ടുത്തരുമായിരുന്നു. ഞങ്ങളുടെ കുടുംബം പഴയതുപോലെ ആകണമെന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ മൂന്നു പേരും, ഞങ്ങൾക്ക് ശക്തിപകരുന്ന അമ്മയുടെ ചിരി നിറഞ്ഞ എല്ലായ്പ്പോഴും സന്തോഷത്തോടെയിരിക്കുന്ന അമ്മയെ ഞങ്ങൾക്കു വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com