ADVERTISEMENT

തിരുവനന്തപുരം നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹം ആദ്യം വിരൽ ചൂണ്ടിയത്. വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികൃതരുടെ നേർക്കാണ്. പിന്നീട് ഒരു ദിവസത്തിനു ശേഷമാണ് കുറ്റവാളികൾ വീടിനുള്ളിൽത്തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയത്.

വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനാകാതെ അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന തരത്തിൽ വന്ന വാർത്തകൾ പല തരത്തിൽ പ്രചരിച്ചു. ബാങ്കുകളുടെ നിർദ്ദയമായ പെരുമാറ്റവും വായ്പയെടുക്കുന്നവർക്കു സംഭവിക്കുന്ന ദുരനുഭവങ്ങളുമൊക്കെ ചർച്ച ചെയ്യപ്പെട്ടു. 

finger-print

പക്ഷേ നെയ്യാറ്റിൻകര സ്വദേശികളുടെ കാര്യത്തിൽ ബാങ്ക് ലോണിന്റെയും അപ്പുറം വീടിനുള്ളിൽ അവർ നേരിട്ടിരുന്ന അപമാനത്തിന്റെയും ഭീതിയുടെയും കഥകൾ കൂടിയുണ്ടായിരുന്നു എന്നറിയുന്നത് മരണശേഷം അവർ എഴുതി വച്ചിരുന്ന കടലാസു തുണ്ടിൽ നിന്നാണ്. അമ്മയ്‌ക്കൊപ്പം പോകാൻ മകളും തീരുമാനിച്ചിരുന്നു. ഒരാൾ ഇല്ലാതെ മറ്റേയാൾ മാത്രമായാൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ ഒഴിവാക്കാൻ വേണ്ടിത്തന്നെയാകണം രണ്ടു പേരും ഒന്നിച്ചു യാത്ര പറഞ്ഞത്. 

ഈ കാലത്തും സ്ത്രീധനവും മന്ത്രവാദവും ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ഏതോ പ്രേതകഥ കേൾക്കുന്നതു പോലെ യുക്തിക്കു നിരക്കാത്തതായി മാത്രമാണ് മനസ്സിലാക്കേണ്ടത്. ബാങ്കിൽ നിന്നെടുത്ത ലോൺ കുടിശ്ശിക അടയ്ക്കാതെ വരുമ്പോൾ ലഭിക്കുന്ന ഔദ്യോഗിക രേഖകൾ മന്ത്രവാദക്കളത്തിനുള്ളിൽ കൊണ്ടുവച്ച് സ്ഥലം കാരണവന്മാർ നോക്കിക്കോളും എന്ന് പറയുന്ന വിശ്വാസം ഭീതിപ്പെടുത്തേണ്ടത്‌ തന്നെയാണ്. ഒരുപക്ഷേ ലേഖയും വൈഷ്ണവിയും ആത്മഹത്യ ചെയ്തിരുന്നില്ലെങ്കിൽ ഒരിക്കലും പുറത്തറിയാതിരുന്ന ഒരു ജീവിതം മാത്രമായിപ്പോകുമായിരുന്നു അത്. എന്നാൽ ഇത് പുറത്തറിയുമ്പോൾ ഇതുപോലെ എത്രയധികം കുടുംബങ്ങൾ പിന്നെയുമുണ്ട് എന്നതാണ് ഓർക്കേണ്ടത്.

മന്ത്രവാദത്തിന്റെ ഭീകര താണ്ഡവം ഈ നൂറ്റാണ്ടിലും നമ്മുടെ കുടുംബങ്ങളിൽ അവസാനിച്ചിട്ടില്ല എന്ന് ലേഖയുടെയും വൈഷ്ണവിയുടെയും ആത്മഹത്യകൾ വ്യക്തമാക്കുന്നു. ഇതിനു മുൻപ് എത്രയെത്ര വാർത്തകളാണ് ഇത്തരത്തിൽ പുറത്തു വന്നിട്ടുള്ളത്. മിക്കപ്പോഴും ഇത്തരം മന്ത്രവാദങ്ങളുടെ ഇരകൾ സ്ത്രീകളും കുട്ടികളുമാണ്. "മലപ്പുറം നിലമ്പൂരിന് സമീപം പോത്തുകല്ലില്‍ മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിലായി"- വെറും നാല് ദിവസം മുൻപ് പുറത്തിറങ്ങിയ വാർത്തയാണിത്.

"മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’"-അതിനു മുൻപൊരു ദിവസം കോട്ടയത്ത് അരങ്ങേറിയ മറ്റൊരു വാർത്ത. "മന്ത്രവാദത്തിന്റെ മറവില്‍ ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റിലായി"- ഇത് മറ്റൊരു വാർത്ത...അങ്ങനെ എത്രയെത്ര വാർത്തകൾ ഓരോ മാസവും വന്നുകൊണ്ടിരിക്കുന്നു, പക്ഷേ പലപ്പോഴും അത് ജനറലൈസ് ചെയ്യേണ്ടി വരാത്തതുകൊണ്ടു മാത്രം അവഗണിക്കപ്പെടുന്നു. 

പണ്ടൊരു വ്യാജ സന്ന്യാസിയുടെ ലിംഗം മുറിച്ച പെൺകുട്ടിയുടെ വാർത്ത പുറത്തു വന്ന സമയത്ത് ഒരുപാട് കോളിളക്കം ഉണ്ടായിരുന്നു, അയാൾ രാത്രികളിൽ പെൺകുട്ടിയുടെ വീട്ടിൽ നടത്തിപ്പോന്നിരുന്ന പൂജകൾ പെൺകുട്ടിയുടെ ശരീരത്തിലേക്കും നീളാറുണ്ടായിരുന്നു. പലപ്പോഴും ഇത്തരം ചൂഷണം ചെയ്യലുകളിൽ തന്നെയാണ് മന്ത്രവാദം, പൂജ എന്നൊക്കെ പറഞ്ഞു വരുന്ന മിക്ക മന്ത്രവാദികളുടെയും നിഗൂഢ ലക്‌ഷ്യം എന്നതുകൊണ്ട് ഏറ്റവുമൊടുവിൽ മാത്രമേ യഥാർഥ സത്യം പുറത്തു വരുകയുള്ളൂ. എന്തുകൊണ്ടാണ് ഇത്തരം മന്ത്രവാദങ്ങളിൽ സ്ത്രീകൾ കൂടുതൽ ആകൃഷ്ടരാകുന്നതും ഇരകളാക്കപ്പെടുന്നതും?

മിക്കപ്പോഴും ഇത്തരക്കാർ സ്ത്രീകളെ വലവീശിപ്പിടിക്കുന്നത് അവരുടെ ജീവിതത്തെ മനസ്സിലാക്കിയത് പോലെ പെരുമാറിയ ശേഷം അതിനു പരിഹാരം കണ്ടെത്തി നൽകാമെന്ന വാഗ്ദാനത്തിലാവും. സൈബർ സെക്സ് നടത്തുന്നവരും അതിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ വച്ച് പിന്നീട് സ്ത്രീകളിൽ നിന്ന് പണം തട്ടുന്നവരും സമൂഹമാധ്യമങ്ങളിൽ നിരവധിയാണ്. ഇവരുടെയൊക്കെ പ്രധാന ചൂണ്ട പൂജയും മന്ത്രവാദവും ജാതകവും പ്രശ്ന പരിഹാരവും ഒക്കെ തന്നെയാണെന്നാണ് ഞെട്ടിക്കുന്ന സത്യം.

മന്ത്രവാദത്തിനു വേണ്ടി വീട്ടിൽ ഇടം കൊടുത്ത നെയ്യാറ്റിൻകരയിലെ മുതിർന്ന സ്ത്രീ മരുമകളായ തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുമായിരുന്നു എന്ന് മരിച്ച ലേഖ കത്തിൽ കൂടി വെളിപ്പെടുത്തുന്നു. ഒരു സ്ത്രീ , ഭർത്താവിന്റെ തുണയും കരുതലുമില്ലാത്ത ഒരുവൾ എങ്ങനെയാണ് ഭർത്താവിന്റെ വീട്ടിലെ മാതാവിന്റെ ഭ്രാന്തുകളും പീഡനങ്ങളും സഹിക്കേണ്ടത്?ഇതുവരെ ജീവിച്ചിരുന്ന വീട് പോലും നഷ്ടമാകുമെന്ന അവസ്ഥ വന്നിട്ടും യുക്തി നഷ്ടപ്പെട്ടു മന്ത്രവാദത്തിന്റെ പുറകെ നടക്കുന്ന അമ്മയും ഭർത്താവും ലേഖയ്ക്കും വൈഷ്ണവിയ്ക്കും ഉണ്ടാക്കിയ മാനസിക വ്യഥ ഒട്ടും ചെറുതായിരിക്കില്ല. 

ഒരു സ്ത്രീ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്, നിലവിൽ സാധ്യതയുള്ള എല്ലാ രക്ഷാവഴികളും അടയുന്നതിന്റെ ശേഷമാണ്. പുരുഷന്മാരേക്കാൾ ജീവിതത്തെ നേർക്കാഴ്ചയോടെ കാണാനും യുക്തിയോടെ കാര്യങ്ങളെ സ്വീകരിക്കാനും പ്രാവർത്തികമാക്കാനും കഴിവുള്ളവളാണ് മിക്ക സ്ത്രീകളും പക്ഷേ സാധ്യമായ എല്ലാം ചെയ്തിട്ടും മുന്നിൽ അടഞ്ഞ വഴികൾ മാത്രമാകുമ്പോൾ മാത്രമാകും അവൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക. 

അവിടെയും അവളെ സ്വന്തം കുടുംബക്കാർ കരുതാൻ ഉണ്ടെങ്കിൽ അതിൽ നിന്നൊരുപക്ഷേ അവൾക്ക് തിരിച്ചു വരാൻ കഴിഞ്ഞേക്കും. എന്നാൽ കെട്ടിച്ചു വിട്ട പെൺകുട്ടികൾ വീട്ടുകാർക്കൊരു ബാധ്യതയാണ് എന്നതുകൊണ്ട് പെൺകുട്ടികളുടെ ബുദ്ധിമുട്ടുകളെ കണ്ടാലും കണ്ടില്ലെന്ന് നടിക്കാനാണ് മിക്ക പെൺ വീട്ടുകാരുടെയും താൽപര്യം. പിന്നെ പോകാൻ ഇടമില്ലാതെ അവളെന്തു ചെയ്യണമെന്നാണ്! ആത്മഹത്യയല്ലാതെ മറ്റെന്തു വഴിയാണ്.

ലേഖയുടെയും വൈഷ്ണവിയുടെയും മരണം ഒരു കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളുടെ അതിക്രൂരമായ പിടിയിൽ പെട്ട യുക്തിബോധം നശിച്ച് ഭ്രാന്തമായി തീർന്ന ഒരു ജനത ഇപ്പോഴും ഇവിടെയുണ്ട്. ഇനിയും കൊല ചെയ്യപ്പെടുന്നതും ഇരകളാക്കപ്പെടുന്നതും നമ്മുടെയൊക്കെ ആരെങ്കിലുമായിരിക്കാം. അമ്മയോ, പെങ്ങളോ, മകളോ ഒക്കെ... ഇത്തരം അനാചാരങ്ങൾക്കും മന്ത്രവാദങ്ങൾക്കുമെതിരെ ഒച്ചയുയർത്തേണ്ടത് ഓരോ നാട്ടിലെയും ചെറുപ്പക്കാരുടെ ഉത്തരവാദിത്തം തന്നെയാണ്. ഇനിയും നമ്മുടെ സ്ത്രീകൾ ഇതിന്റെ പേജിൽ ജീവനൊടുക്കിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com