ADVERTISEMENT

ഫോട്ടോഫിനിഷിലേക്കു പോകാതെതന്നെ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടി; ലിവര്‍പൂളിന്റെ മുഹമ്മദ് സലാ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്കോര്‍ ചെയ്തതിനുള്ള ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായി. ഫുട്ബോള്‍ പ്രേമികള്‍ രണ്ടു സംഭവങ്ങളും ഹര്‍ഷാരവത്തോടെ സ്വീകരിച്ചെങ്കിലും അവരുടെ മനസ്സു കുളിര്‍പ്പിച്ച കാഴ്ച സിറ്റി-ലിവര്‍പൂള്‍ ഫുട്ബോള്‍ മല്‍സരത്തിനുശേഷമായിരുന്നു. തുറന്ന മൈതാനത്ത് പന്തുമായി ഡ്രിബിള്‍ ചെയ്തു മുന്നേറി ഒരു കൊച്ചുപെണ്‍കുട്ടി ഗോള്‍ സ്കോര്‍ ചെയ്യുന്ന കാഴ്ച. 

ഗോളടിച്ച പെണ്‍കുട്ടിയെ വാരിപ്പുണര്‍ന്ന് അഭിനന്ദിക്കുന്ന സലാ. കാണികള്‍ കരഘോഷം മുഴക്കി കൊച്ചുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; സലായും. സലായുടെ മകളാണ് ആ കുട്ടി, മക്ക. ലിവര്‍പൂളിന്റെ ഹോം മൈതാനമായ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചായിരുന്നു സംഭവം. മക്കയുടെ ഗോളും സലായുടെ അഭിനന്ദനവും അവിടെ തീര്‍ന്നെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ മല്‍സരം മുറുകുകയാണ്.

അവര്‍ സലായേയും മകളെയും മറ്റൊരു താരത്തിന്റെ വാക്കുകളും പ്രവൃത്തിയുമായി താരതമ്യം ചെയ്യുകയാണ്. പാക്കിസ്ഥാന്‍ മുന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗം ഷാഹിദ് അഫ്രിദി. അദ്ദേഹത്തിനു രണ്ടു പെണ്‍കുട്ടികളുണ്ട്. ഫുട്ബോളും ക്രിക്കറ്റും ഉള്‍പ്പെടെ പുറം മൈതാനങ്ങളില്‍ നടക്കുന്ന കായിമല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ പെണ്‍മക്കള്‍ക്ക് താന്‍ അനുവാദം കൊടുക്കില്ലെന്ന് അഫ്രിദി അടുത്തിടെ പറഞ്ഞിരുന്നു. ഫെമിനിസ്റ്റുകള്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നും താനതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും കൂടി അഫ്രിദി കടുപ്പിച്ചു പറഞ്ഞു.

''പെണ്‍ക്കള്‍ എന്റെ ഏറ്റവും വലിയ സ്വത്താണ്. അവര്‍ക്കു ചുറ്റുമാണ് എന്റെ ജീവിതം കറങ്ങുന്നത്. അവരുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കേണ്ടത് എന്റെ കടമയാണ്. ഞാന്‍ കടമ നിറവേറ്റും. പക്ഷേ, പൊതുജനങ്ങളുടെ ഹരമായ കായികയിനങ്ങളില്‍ അവരെ പങ്കെടുപ്പിക്കേണ്ടതില്ല എന്നു ഞാന്‍ തീരുമാനിക്കാന്‍ കാരണം മതപരവും സാമൂഹികവുമാണ്. ഇക്കാര്യത്തില്‍ ഭാര്യയും എന്റെ അതേ അഭിപ്രായക്കാരി തന്നെയാണ്''- അഫ്രിദി പറഞ്ഞു.

അഫ്രിദിയുടെ വാക്കുകള്‍ വൈറലായതിനുശേഷം മറ്റൊരു ട്വീറ്റും വൈറലായി. അതിങ്ങനെയായിരുന്നു: 

പെണ്‍മക്കളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഓരോ അഫ്രീദിക്കും പകരംവയ്ക്കാന്‍ പെണ്‍മക്കള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍ അനുവാദം കൊടുക്കുന്ന മുഹമ്മദ് സലാമാരുണ്ട്. ഈ കമന്റ് പെട്ടെന്നുതന്നെ വൈറലാവുകയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. അമീന എന്ന വ്യക്തിയാണ് ട്വീറ്റിന്റെ ഉടമ. ഇതേത്തുടര്‍ന്ന് പലരും അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. പെണ്‍മക്കളെ കുട്ടിക്കാലത്തേ നിയന്ത്രിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. അവരെ സ്വതന്ത്രരായി വളര്‍ത്തണം. അവര്‍ ജീവിതം ആസ്വദിക്കട്ടെ...എന്നൊക്കെയായിരുന്നു അഭിപ്രായങ്ങള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com