ADVERTISEMENT

ഒരു വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ 19 വയസ്സുകാരിയാണ് വിവാഹമോചനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വുമൺഹെൽപ്പ് ലൈനിൽ വിളിച്ചത്. അഹമ്മദാബാദിലാണ് സംഭവം. ഗാർഹിക പീഡനമോ, സ്ത്രീധന പീഡനമോ ഒന്നുമല്ല യുവതിയെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നത്. ഓൺലൈൻ ഗെയിം ആയ പബ്ജി കളിക്കാൻ ഭർത്താവ് അനുവദിക്കാത്തതിനാലാണ് അവർ വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നത്.

അഹമ്മദാബാദിലെ അഭയം വുമൺ ഹെൽപ്‌ലൈനിലേക്കാണ് വിവാഹമോചനം നേടാൻ സഹായിക്കണം എന്ന ആവശ്യവുമായി 19 വയസ്സുകാരി വിളിച്ചത്. എന്നാൽ എന്തുകാരണത്താലാണ് വിവാഹമോചനത്തിന് ശ്രമിക്കുന്നതെന്ന് അവൾ ആദ്യമൊന്നും വ്യക്തമാക്കാൻ തയാറായില്ല. സ്ത്രീകൾക്കുള്ള അഭയമന്ദിരത്തിൽ താമസിക്കാൻ തനിക്ക് അനുവാദം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഭർത്താവിനൊപ്പവും തന്റെ മാതാപിതാക്കൾക്കൊപ്പവും താമസിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും തനിക്ക് അഭയമേകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഭർത്താവും തന്റെ വീട്ടുകാരും ഫോൺ ഉപയോഗിക്കാൻ തന്നെ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

''അഭയമന്ദിരത്തിലും ഫോൺ ഉപയോഗിക്കാൻ പറ്റില്ലെന്നും സുരക്ഷയെക്കരുതി അഭയമന്ദിരത്തിനു പുറത്തു പോകാൻ അനുവദിക്കില്ലെന്നും അറിയിച്ചപ്പോൾ തന്റെ സുഹൃത്തിന്റെ വീട്ടിൽ പോകണമെന്നായി യുവതിയുടെ ശാഠ്യം''.- അഭയമന്ദിരത്തിന്റെ കോർഡിനേറ്റർ ഫാൽഗുനി പട്ടേൽ പറയുന്നു.

പിന്നീട് നടന്ന കൗൺസിലിങ് സെക്‌ഷനിൽ മാത്രമാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടതിനു പിന്നിലെ കൃത്യമായ കാരണം അധികൃതർക്ക് ബോധ്യപ്പെട്ടത്. പബ്ജി എന്ന ഓൺലൈൻ ഗെമിന് അടിമയാണ് യുവതി. പബ്ജി കളിക്കുന്നതിനെ ഭർത്താവ് വിലക്കിയപ്പോൾ അവർ ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഇനിയും പബ്ജി കളിച്ചാൽ യുവതി സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നു മനസ്സിലാക്കിയപ്പോൾ അവരുടെ വീട്ടുകാർ യുവതിയുടെ മൊബൈൽ ഫോൺ വാങ്ങി വച്ചു. സ്വന്തം വീട്ടുകാരുടെയും ഭർത്താവിന്റെയും ശല്യമില്ലാതെ സ്വസ്ഥമായി പബ്ജി കളിക്കാൻ വേണ്ടിയാണ് അഭയമന്ദിരത്തിൽ താമസിക്കാൻ യുവതി അനുവാദം ചോദിച്ചത്.

കൗൺസിലിങ് വേളയിൽ യുവതിയെ കാര്യങ്ങൾ പറ‍ഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും യുവതി അത് പൂർണ്ണമായും ഉൾക്കൊണ്ടിട്ടില്ല. ഇത്ര നിസാര കാര്യത്തിനു വേണ്ടി വിവാഹമോചനം എന്ന തീരുമാനം എടുക്കരുതെന്നും കുഞ്ഞിനെ ഓർത്തെങ്കിലും ആ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അവർ യുവതിയോട് ആവർത്തിച്ചു പറഞ്ഞു.  ഭർത്താവിന് ഒരു സെക്കൻഡ് ചാൻസ് കൂടി നൽകാമെന്ന് അവൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. ഓൺലൈൻ ഗെയ്മിന്റെ അടിമത്തത്തിൽ നിന്ന് യുവതിയെ മോചിപ്പിക്കാൻ എത്രയും വേഗംതന്നെ അവർക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സഹായം ലഭ്യമാക്കണമെന്നും അവർ യുവതിയുടെ വീട്ടുകാരോടും നിർദേശിച്ചു. പബ്ജി മൂലം വിവാഹമോചനം നേടണമെന്ന ആവശ്യവുമായി തങ്ങളെ സമീപിക്കുന്ന രണ്ടാമത്തെ യുവതിയാണിതെന്നും അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com