sections
MORE

കൗമാരക്കാരിയുടെ വയറുപിളർന്ന് മോഷ്ടിച്ചെടുത്ത കുഞ്ഞ് കണ്ണു തുറന്നു; അതിജീവനകഥ

Chicago Woman
ചിക്കാഗോയിൽ കൊല്ലപ്പെട്ട യുവതി
SHARE

ചിക്കാഗോയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഗർഭിണിയുടെ കുഞ്ഞ് ജീവിതത്തിലേക്കു മടങ്ങിയെത്തുന്നു എന്ന സന്തോഷവാർത്ത പങ്കുവച്ചത് യുവതിയുടെ കുടുംബാംഗങ്ങളാണ്. കൗമാരക്കാരിയായ അമ്മയുടെ വയറുകീറിയാണ് കുറ്റവാളികൾ കുഞ്ഞിനെ പുറത്തെടുത്തത്. അസ്വാഭാവികമായ രീതിയിൽ പുറത്തു വന്നതിനാൽ കുഞ്ഞ് അതിജീവിക്കാൻ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ.

മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ശ്വാസംകഴിച്ചിരുന്ന കുഞ്ഞ് ആദ്യമായി കണ്ണു തുറന്നുവെന്നും സങ്കീർണ്ണാവസ്ഥയിൽ തുടരുന്ന കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ശുഭസൂചനയാണിതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. യോവനി യാദിയേൽ ലോപസ് എന്നു പേരുള്ള കുഞ്ഞ് ഞായറാഴ്ചയാണ് കണ്ണു തുറന്നതെന്നും സന്ദർശന സമയത്ത് അവനെ കാണാൻ അച്ഛൻ എത്തിയപ്പോഴാണ് കുഞ്ഞ് ആദ്യമായി കണ്ണു തുറന്നതെന്നുമാണ് കുഞ്ഞിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. ''അവൻ കണ്ണുതുറന്നു, ഒരു യോദ്ധാവിന്റെ ഭാവമാണ് അവന്'' - ലോപ്സ് കുടുംബത്തിന്റെ വക്താവായ ജൂലി കോൺട്രിറാസ് പറയുന്നു.

infant-baby-new-born-representational-image
പ്രതീകാത്മക ചിത്രം

ഏപ്രിൽ 23നാണ് കുഞ്ഞിന്റെ അമ്മ മാർലൻ കൊല്ലപ്പെട്ടത്.ചിക്കാഗോയിൽ വച്ച് രണ്ടു സ്ത്രീകൾ ചേർന്ന് പൂർണ്ണ ഗർഭിണിയായ കൗമാരക്കാരിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. നവജാത ശിശുക്കളുടെ വസ്ത്രങ്ങള്‍ സൗജന്യമായി കൊടുക്കാനുണ്ട് എന്നൊരു ഓഫര്‍ ഫെയ്സ്ബുക്കില്‍ കണ്ട് ചിക്കോഗോയില്‍ എത്തിയ ഗർഭിണിയാണ് ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്. 46 വയസ്സുകാരി ക്ലാരിസ്സ ഫിഗുവേറ, 24 വയസ്സുകാരിയും ക്ലാരിസ്സയുടെ മകളുമായ ഡിസൈറി ഫിഗുവേറ എന്നിവരാണ് കൗമാരക്കാരിയായ ഗർഭിണിയെ കൊന്ന് കുഞ്ഞിനെ മോഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിന് പിടിയിലായത്.

19 വയസ്സുകാരിയ മാര്‍ലന്‍ ഒക്കാ ഉറുസ്റ്റെഗി എന്ന ഗർഭിണിയാണ് കൊല്ലപ്പെട്ടത്. ‘ വിവരിക്കാനാവാത്ത ക്രൂരത’  എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും സംഭവത്തെ വിശേഷിപ്പിക്കുന്നത്. സംഭവത്തിന്റെ ദുരൂഹത പൂര്‍ണമായും മാറിയിട്ടില്ല. മനസ്സു മരവിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 

നവജാത ശിശുക്കളുടെ വസ്ത്രങ്ങള്‍ സൗജന്യമായി കൊടുക്കാനുണ്ട് എന്ന് പ്രതികൾ പരസ്യം നൽകി. അതിന്റെ വിശദാംശങ്ങൾ അന്വേഷിച്ച ഗർഭിണിയുമായി ഓൺലൈനിൽ സൗഹൃദം സ്ഥാപിച്ച് അവരുടെ വിശ്വാസ്യത പിടിച്ചു പറ്റിയ ശേഷമാണ് പ്രതികൾ ഗർഭിണിയെ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

46 വയസ്സുകാരി ഫിഗുവേറ എന്ന സ്ത്രീയും അവരുടെ മകള്‍ 24 വയസ്സുകാരി ഡിസൈറി ഫിഗുവേറയും കൂടി ഗര്‍ഭിണിയെ സ്വീകരിച്ച ശേഷം ഒരു ഫോട്ടോ ആല്‍ബം കാണിച്ച് അവരുടെ  ശ്രദ്ധ മാറ്റി. അതിനുശേഷമാണ് കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയത്. മൃതദേഹം വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്ന ക്യാനില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഏപ്രില്‍ 23 നാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവതിയുടെ മൃതദേഹം ചവറ്റുകൂനയില്‍നിന്നു ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സ്ത്രീകൾ പിടിയിലായത്. മാര്‍ലനെ കൊല്ലാന്‍ കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കാന്‍ താന്‍ സഹായിക്കുകയാണുണ്ടായതെന്ന് ഡിസൈറി  പിന്നീട് കുറ്റസമ്മതം നടത്തി.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ :-

''അറസ്റ്റിലായ ക്ലാരിസ്സയും കൊല്ലപ്പെട്ട മാര്‍ലനും പരിചയക്കാരാണ്. ഫെയ്സ്ബുക്കില്‍ ‘ ഹെല്‍പ് എ സിസ്റ്റര്‍ ഔട്ട്’  എന്ന ഗ്രൂപ്പിലൂടെയാണ് മാര്‍ലന്‍ ക്ലാരിസ്സയെ പരിചയപ്പെട്ടത്. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍  കൈമാറ്റം ചെയ്താണ് ഇവർ പരിചയക്കാരായത്. ഗർഭണിയുടെ വിശ്വാസം പിടിച്ചുപറ്റി വീട്ടിലേക്ക് വിളിച്ചു വരുത്തിതിനു ശേഷമായിരുന്നു കൊലപാതകം. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ബലം പ്രയോഗിച്ച് അവരുടെ വയറ്റില്‍നിന്ന് കുട്ടിയെ പുറത്തെടുക്കുകയും ചെയ്തശേഷം ആരോഗ്യ പ്രവർത്തകർക്ക് ഫോൺ ചെയ്തു. താൻ ഒരു കുഞ്ഞിനെ പ്രസവിച്ചെന്നും അതു ശ്വസിക്കുന്നില്ലെന്നും വൈദ്യസഹായം വേണമെന്നും പറഞ്ഞായിരുന്നു പ്രതികളിൽ ഒരാൾ ആരോഗ്യ പ്രവർത്തകരെ വിളിച്ചത്.''

ഗർഭിണിയെ കാണാതായതോടെ അവരുടെ കുടുംബം ഡിക്റ്ററ്റീവിനെ അന്വേഷണം ഏൽപ്പിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാണാതായതുമുതല്‍ ഗര്‍ഭിണിയായ മാര്‍ലനു വേണ്ടി അവരുടെ കുടുംബം തിരച്ചില്‍ ആരംഭിച്ചിരുന്നു. അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. കൃത്യമായ വിവരങ്ങള്‍ ഉടനടി ലഭിക്കാന്‍ വീട്ടുകാര്‍ നിരന്തരമായി പൊലീസിനെയും ബന്ധപ്പെട്ടിരുന്നു.  മേയ് അഞ്ചിനാണ് മാര്‍ലന്‍ പ്രസവദിവസം നിശ്ചയിച്ചിരുന്നത്. ആ ദിവസം കഴിഞ്ഞിട്ടും അവരെക്കുറിച്ച് ഒരു വിവരവും ലഭിക്കാതാകുകയും ചെയ്തതോടെ കുടുംബം പത്രസമ്മേളനം നടത്തി സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. 

ഒടുവിൽ യുവതിയുടെ മൃതദേഹം ചവറ്റുകൂനയിൽ കണ്ടെത്തി. ഇതേസമയം 46 വയസ്സുകാരിയായ ഒരു സ്ത്രീ അടിയന്തരമായി തങ്ങളെ വിളിച്ചുവെന്നും അവര്‍ ജന്മം നല്‍കിയ കുട്ടിക്ക് ശ്വസനപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ട് തങ്ങള്‍ക്ക് സന്ദേശം ലഭിച്ചുവെന്നും ആരോഗ്യ പ്രവര്‍ത്തകരും വെളിപ്പെടുത്തി. ഈ രണ്ടു സംഭവങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

ഏപ്രില്‍ 23 ന് പകല്‍ വീടിനു ചുറ്റും ക്ലാരിസ്സ ഓടിനടക്കുന്നുണ്ടായിരുന്നെന്നും അവരുടെ കയ്യില്‍ ഒരു ചോരക്കുഞ്ഞ് ഉണ്ടായിരുന്നെന്നും അയല്‍വാസികളും മൊഴി നൽകി. അന്നുവൈകിട്ട് ആറുമണിയോടെ ആ വീട്ടില്‍നിന്ന് ആംബുലന്‍സില്‍ ഒരു കുട്ടിയെ അഡ്വക്കേറ്റ് ക്രൈസ്റ്റ് മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയതായും വിവരം ലഭിച്ചു. പിന്നീട് ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുട്ടി മാര്‍ലന്റേതാണെന്ന് തെളിയുകയും ചെയ്തു.

കാണാതാകുന്നതിനു തൊട്ടുമ്പു വരെയും മാര്‍ലന്‍ സാധാരണപോലെയാണ് പെരുമാറിയതെന്നും ചെറിയ ശ്വാസതടസ്സം ഉണ്ടായിരുന്നതായും മാര്‍ലന്റെ അമ്മ പറയുന്നു. മൂത്ത മകനെ വീട്ടിലാക്കിയതിനുശേഷമാണ് മാര്‍ലന്‍ പുറത്തേക്കു പോയത്. മാര്‍ലന്റെ ഭര്‍ത്താവ് യിവോവന്നി ലോപസ് ആശുപത്രിയില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തുകയും ജീവനുവേണ്ടി പൊരുതുന്ന കുട്ടിക്ക്  യാദിയേല്‍ എന്നു പേരിടുകയും ചെയ്തു.

''മാര്‍ലന്‍, അവള്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. നല്ല മനസ്സിന്റെ ഉടമയുമായിരുന്നു. എന്നിട്ടും അവള്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു മനസ്സിലാകുന്നില്ല. ഇത്രയും ചീത്തയായ ആളുകളും ഈ ലോകത്തുണ്ടോ''- എന്നാണ് സംഭവത്തെക്കുറിച്ചറിഞ്ഞ് അവരുടെ ഭർത്താവ് പ്രതികരിച്ചത്.

നീതി കിട്ടാന്‍ ഏതറ്റം വരെയും താന്‍ പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അയാള്‍ പറഞ്ഞിരുന്നു.

മാര്‍ലന്‍ ‍ഞങ്ങള്‍ക്കു ബാക്കിയാക്കിയ അനുഗ്രഹമാണ് ഞങ്ങളുടെ കുട്ടി. എനിക്കൊന്നേ അപേക്ഷിക്കാനുള്ളൂ. എല്ലാവരും ഈ കുട്ടിക്കുവേണ്ടി പ്രാര്‍ഥിക്കൂ. അത് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നാണ് ഭാര്യയുടെ മരണമറിഞ്ഞ അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആ കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA