ADVERTISEMENT

ജീവനോടെ പിറക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ, ഗർഭഛിദ്രം നടത്തണമെന്ന് ഉപദേശം കേട്ടു മടുത്ത ഗർഭകാലം കഴിഞ്ഞ് ആരും കൊതിച്ചു പോകുന്ന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ കഥ പറഞ്ഞ ഒരു അമ്മയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവർ പങ്കുവച്ച കുറിപ്പിങ്ങനെ :-

''കോളേജ് കാലത്തെ പ്രണയത്തിലൂടെയാണ് ഞാൻ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. ബിരുദത്തിനു ശേഷം ഞങ്ങൾ വിവാഹിതരാകുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കു ശേഷം ഞാൻ ഒരു അമ്മയാകാൻ പോവുകയാണെന്ന സന്തോഷവാർത്തയുമെത്തി. അഞ്ചുമാസം വരെ സ്വാഭാവികമായ ഒരു ഗർഭകാലമായിരുന്നു എന്റേത്. അതിനുശേഷമാണ് കാര്യങ്ങൾ കൈവിട്ടു തുടങ്ങിയത്. സോണോഗ്രഫിക്കു ശേഷമാണ് ഡോക്ടർ ആ കാര്യം ഞങ്ങളോടു പറഞ്ഞത്. കുഞ്ഞിന്റെ കൈകാലുകൾക്ക് വളർച്ച കുറവാണ്.

ശരീരത്തിന് ആനുപാതികമായ വളർച്ച കൈകാലുകൾക്കില്ല. ഈ കുഞ്ഞിന്റെ ഗർഭകാല വളർച്ച സങ്കീർണ്ണമായിരിക്കും. അത് ജീവനില്ലാതെ പിറക്കാൻ പോലും സാധ്യതയുണ്ട്.

അതു കേട്ടപ്പോൾ എന്താണ് ചെയ്യേണ്ടതെന്നു പോലും എനിക്കും ഭർത്താവിനും അറിയില്ലായിരുന്നു. കുഞ്ഞിന് സ്വാഭാവിക വളർച്ചയില്ലെന്നു കേട്ടപ്പോൾത്തന്നെ ഗർഭഛിദ്രം ചെയ്യാൻ ഒരുപാട് പേർ ഉപദേശിച്ചു. പക്ഷേ കുഞ്ഞ് എങ്ങനെ ജനിക്കുന്നുവോ അങ്ങനെ തന്നെ അതിനെ സ്വീകരിക്കാനും വളർത്താനുമായിരുന്നു എന്റെയും ഭർത്താവിന്റെയും തീരുമാനം. അങ്ങനെയാണ് മകൾ രേവയുടെ പിറവി. കുഞ്ഞിന്റെ പിറവിയിൽ എത്രത്തോളം സന്തോഷമുണ്ടോ അത്രത്തോളം ആശങ്കയുമുണ്ടായിരുന്നു അവളുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ.

ഒരു പക്ഷേ ജീവിതത്തിൽ ഒരായിരം കാര്യങ്ങൾ മോശമായി സംഭവിച്ചേക്കാം. പക്ഷേ ഒട്ടേറെ ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ രേവയുടെ കാര്യത്തിൽ ഡോക്ടർമാർ ഒരു നിഗമനത്തിലെത്തി. ഹ്രസ്വകായത്വം (dwarfism) എന്ന അവസ്ഥയാണ് രേവയ്ക്ക്. പ്രായത്തിനനുസരിച്ച് ശാരീരിക വളർച്ചയില്ലെന്നൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമവൾക്കില്ലായിരുന്നു. പക്ഷേ അവളെ ലോകം എങ്ങനെ സ്വീകരിക്കും എന്ന ചിന്ത ഞങ്ങളെ അപ്പോഴും അലട്ടിയിരുന്നു. അവളെ പ്രീ സ്കൂളിൽ ചേർക്കുന്നതു വരേയേ ആ അശുഭചിന്തകൾക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. ക്ലാസിലെ തന്നെ ഏറ്റവും ഗ്രഹണശേഷിയുള്ള കുട്ടികളിൽ ഒരാളാണ് രേവ എന്ന് അഭിമാനത്തോടെയാണ് അവളുടെ അധ്യാപിക പറഞ്ഞത്. അവൾ സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവളാണെന്നും.

അവളുടെ വളർച്ചയുടെ ഘട്ടങ്ങൾ ഞങ്ങൾ കണ്ടിരുന്നു. വീട്ടിലും അവൾ സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു. ഭക്ഷണം തനിയെ കഴിക്കാനും, തനിയെ കുളിക്കാനും ഇഷ്ടമുള്ള വസ്ത്രങ്ങൾ തനിയെ തിരഞ്ഞെടുക്കാനും അവൾ പഠിച്ചു. ഷോപ്പിങ്ങിന് പോകുമ്പോൾ എന്റെയൊപ്പം വരാൻ താൽപര്യം കാണിച്ച അവൾ എനിക്കുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തു തരാൻ കൂടി ശ്രദ്ധകാണിച്ചു.

ജീവിതത്തിലെ നന്മകളെ മാത്രമെടുത്തു പറഞ്ഞതുകൊണ്ട് ജീവിതം സുഗമമായിരുന്നുവെന്ന് കരുതരുത്. രേവയ്ക്ക് അഞ്ചു വയസ്സുള്ളപ്പോൾ അവളെയും കൊണ്ട് പുറത്തുപോയി. നഗരത്തിലൂടെ നടക്കുമ്പോൾ ഒരു സ്ത്രീ രേവയെ നോക്കി സുന്ദരിക്കുഞ്ഞ് എന്നു പറഞ്ഞു. ഞാൻ പ്രതികരിച്ചില്ല. പക്ഷേ രേവ അവിടെ നിന്നു. തിരിഞ്ഞു നിന്ന് അവരോടു പറഞ്ഞു. ' ഞാൻ കുഞ്ഞല്ല, കുട്ടിയാണ്'.

അന്നാണ് എനിക്കൊരു സത്യം മനസ്സിലായത്. അവൾ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തയാണെന്ന് അവൾക്ക് വ്യക്തമായി അറിയാമെന്ന്. പക്ഷേ അതൊരു കുറവായൊന്നും അവൾ കരുതുന്നില്ല. അവൾ കരുത്തയാണ്, പോരാളിയാണ്. അവളെ നോക്കിയിരിക്കുമ്പോൾ ഞാൻ ശാക്തീകരിക്കുന്നതായി എനിക്കു തോന്നും. എനിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം അവൾക്കൊപ്പം ഉറച്ചു നിൽക്കുക എന്നതു മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com