ADVERTISEMENT

ജീവനോടെ ജനിച്ചാലും ഈ കുഞ്ഞിന് അധികം ആയുസ്സില്ല. സ്പൈനൽ കോഡിന് പൂർണ വളർച്ചയെത്താത്ത ഈ കുഞ്ഞ് നിങ്ങൾക്കും അവൾക്കു തന്നെയും ഒരു ഭാരമായിരിക്കും. ഗർഭച്ഛിദ്രത്തിനായി ആ 29കാരിയുടെ മനസ്സൊരുക്കാൻ ഡോക്ടർമാർ പറഞ്ഞു. മാഞ്ചസ്റ്ററിൽ അസിസ്റ്റന്റ് റേഡിയോഗ്രാഫറായി ജോലിചെയ്യുന്ന നതാലിയ ഭൂതകാലത്തെ ഓർത്തെടുക്കുമ്പോൾ അവരുടെ മടിയിൽ ഒരു ഓമനക്കുഞ്ഞുമുണ്ടായിരുന്നു.

പത്തിലധികം തവണ ഗർഭച്ഛിദ്ര നിർദേശങ്ങളെ അവഗണിച്ചതിന് അവൾക്ക് ദൈവം നൽകിയ സമ്മാനം പോലെ ഒരു മാലാഖക്കുഞ്ഞ്. ആ സുന്ദരിക്കുഞ്ഞിന്റെ പേര് മെറിബെൽ. സ്പൈന ബിഫിഡ (spina bifida) സ്പൈനൽ കോഡ് പൂർണ വളർച്ചയെത്താത്ത അവസ്ഥയായിരുന്നു മെറിബെലിന്. ഗർഭാവസ്ഥയിൽത്തന്നെ കുഞ്ഞിന്റെ രോഗം സ്ഥിരീകരിച്ച ഡോക്ടർമാർ ഗർഭത്തിലുള്ള കുഞ്ഞിനെ ഗർഭച്ഛിദ്രം ചെയ്യാൻ പലകുറി നതാലിയയെ ഉപദേശിച്ചു.

ഡോക്ടർമാർ ഗർഭച്ഛിദ്രമെന്ന ഒരേയൊരു പോംവഴിയെക്കുറിച്ചു മാത്രം ആവർത്തിക്കുമ്പോഴും കുഞ്ഞിനൊന്നും വരില്ലയെന്ന് നതാലിയയുടെ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു. വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശങ്ങളേക്കാൾ നതാലിയ വില കൽപ്പിച്ചത് തന്റെ മനസ്സു പറയുന്ന കാര്യങ്ങൾക്കായിരുന്നു. അങ്ങനെയാണ് കുഞ്ഞിന് ജന്മം നൽകാൻ അവർ തീരുമാനിച്ചത്.

സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ ഉടൻ തന്നെ ലിവർ പൂളിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിന് ജന്മം നൽകാൻ ഒരുപാട് പോരാട്ടം നടത്തിയ നതാലിയയ്ക്ക് കുഞ്ഞിനെയൊന്നു കാണാനുള്ള അവസരം ലഭിക്കുന്നതിനു മുൻപാണ് കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിനെ കാണാനുള്ള കൊതികൊണ്ടും അവൾക്കരികിലുണ്ടാകണമെന്ന മോഹംകൊണ്ടും സിസേറിയൻ കഴിഞ്ഞ് 10 –ാമത്തെ മണിക്കൂറിൽ നതാലിയ ആശുപത്രി വിട്ടു. ഡോക്ടർമാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ടായിരുന്നു ഇത്.

അങ്ങനെ മിറാബൽ ജനിച്ച് രണ്ടാം ദിവസം 12 മണിക്കൂർ നീണ്ടുനിന്ന ഒരു ശസ്ത്രക്രിയയ്ക്ക് അവൾ വിധേയയായി. ശസ്ത്രക്രിയയോടു കുഞ്ഞിന്റെ ശരീരം പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും അവൾ വളരെ വേഗം തന്നെ സുഖം പ്രാപിക്കുമെന്നും ഡോക്ടർമാർ ഉറപ്പു പറഞ്ഞതോടെ നതാലിയയ്ക്ക് സന്തോഷം കൊണ്ട് കരച്ചിലടക്കാനായില്ല. നീണ്ട ഒരുമാസത്തെ ആശുപത്രി വാസത്തിനു ശേഷം കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങാൻ നതാലിയയ്ക്ക് അനുവാദം കിട്ടി.

കുഞ്ഞിന്റെ ഏതവസ്ഥയലും അവളെ ഒരുപോലെ സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായിരുന്നെന്നും ഇപ്പോൾ അവൾക്ക് എല്ലാക്കാര്യങ്ങളിലും മികച്ചത് നൽകണമെന്ന ചിന്ത മാത്രമേ തന്റെ മനസ്സിലുള്ളൂവെന്നും ആ അമ്മ പറയുന്നു.

ഗർഭച്ഛിദ്രം മാത്രമാണ് ഒരേയൊരു പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നതു കേൾക്കാൻ വിധിക്കപ്പെട്ട എന്നെപ്പോലെയുള്ള ഹതഭാഗ്യരായ മാതാപിതാക്കളോട് എനിക്ക് പറയാനുള്ളതിതാണ്. കുഞ്ഞിന്റെ അവസ്ഥയെപ്പറ്റി നന്നായി മനസ്സിലാക്കുക. അതിനെ രക്ഷിക്കാൻ കഴിയുന്ന തരത്തിൽ എന്തെങ്കിലും ചികിൽസകളുണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകാൻ ഡോക്ടർമാരെയും ഹോസ്പിറ്റൽ അധികൃതരെയും അനുവദിക്കുക. ഏറ്റവുമൊടുവിൽ തീരുമാനമെടുക്കേണ്ടി വരുമ്പോൾ മനസ്സു പറയുന്ന തീരുമാനം മാത്രമെടുക്കുക. 

അവൾ മിടുക്കിയായി വളരുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. ഇന്നത് സത്യമായി ഒരു കുറവുമില്ലാതെ ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ അവൾ മിടുക്കിയായി വളരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com