sections
MORE

ദാമ്പത്യം തകർക്കും ഈ നിശബ്ദ കൊലയാളികൾ; ഇങ്ങനെ ഒഴിവാക്കാം

Couple Argument
പ്രതീകാത്മക ചിത്രം
SHARE

ദാമ്പത്യബന്ധത്തെ വേരോടെ തകർത്തു കളയുന്ന നിശ്ശബ്ദകൊലയാളികൾ എന്നാണ് ഈ എട്ടുകാര്യങ്ങളെ മാനസിക ആരോഗ്യ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. എല്ലാ ദാമ്പത്യത്തിലും പ്രത്യക്ഷപ്പെടുന്ന ഇവയെ അവഗണിക്കാതെ ധൈര്യമായി നേരിട്ടാൽ ദാമ്പത്യ ജീവിതം കൂടുതൽ സുന്ദരമാക്കാമെന്നും അവർ പറയുന്നു.

പങ്കാളിയോടുള്ള അവിശ്വാസം

ഏതൊരു ബന്ധത്തെയും ഒരു നിമിഷം കൊണ്ട് തകർക്കാൻ പോന്ന ശക്തിയുണ്ട് അവിശ്വാസം എന്ന ദുർവിചാരത്തിന്. ദാമ്പത്യത്തിന്റെ തുടക്കകാലത്ത് ഇതത്ര ശ്രദ്ധിക്കപ്പെടാതിരിക്കുകയും കാലം ചെല്ലുമ്പോൾ ദാമ്പത്യം തന്നെ ശിഥിലമാകുന്ന രീതിയിലേക്ക് അത് വളരുകയും ചെയ്യും.

ഈ നിശ്ശബ്ദ കൊലയാളിയുടെ പിടിയിൽ നിന്ന് സ്വയം രക്ഷപെടാനും പങ്കാളിയെ രക്ഷപെടുത്താനും പരസ്പരമുള്ള കരുതലിനും സ്നേഹത്തിനും മാത്രമേ കഴിയൂ. പ്രശ്നങ്ങളോട് വൈകാരികമായി പെരുമാറാതെ പ്രായോഗികമായി ചിന്തിച്ച് ഉചിതമായി തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുക. തനിച്ച് അതിന് കഴിയുന്നില്ലെന്ന തോന്നൽ മനസ്സിലുണ്ടെങ്കിൽ കൗൺസിലേഴ്സിന്റെ സഹായം തേടുക.

അടിച്ചമർത്തപ്പെട്ട വികാരങ്ങൾ

അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ ഒച്ചയെടുത്ത് ഉറക്കെ വഴക്കുണ്ടാക്കിക്കൊള്ളൂവെന്നാണ് റിലേഷൻഷിപ് വിദഗ്ധരുടെ ഉപദേശം. ശക്തമായി പ്രതികരിക്കണമെന്നു തോന്നിയിട്ടും അതിനു ശ്രമിക്കാതെ നിരാശയും അമർഷവും ഉള്ളിലൊതുക്കിയാൽ ജീവിതത്തിലെ ഒരു ഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട വികാരങ്ങൾ അഗ്നിപർവതത്തെപ്പോലെ പൊട്ടിത്തെറിക്കുകയും പിന്നീട് ആരു വിചാരിച്ചാലും യോജിപ്പിക്കാൻ പറ്റാത്തവിധം ദാമ്പത്യം തകർന്നു പോകുമെന്നും അവർ പറയുന്നു. ദേഷ്യവും സങ്കടവും നിരാശയുമെല്ലാം പരസ്പരം തുറന്നു പ്രകടിപ്പിക്കുന്നതു തന്നെയാണ് ദാമ്പത്യബന്ധത്തിന്റെ ദൃഡതയ്ക്കു നല്ലതെന്നും അവർ ഓർമ്മിപ്പിക്കുന്നു.

ലൈംഗിക ആഗ്രഹങ്ങളെ തുറന്നു പ്രകടിപ്പിക്കാതിരിക്കുന്നത്

973216342

പങ്കാളിയുമായി ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കാൻ പലർക്കും നാണവും ചമ്മലുമുണ്ട്. ലൈംഗിക അസംതൃപ്തി ചിലപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിൽ സാധാരണമാണ്. ആരോഗ്യപരമായ കാരണങ്ങളാലോ മാനസികമായി തയാറല്ലാത്തപ്പഴോ ഒക്കെ അങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ അരക്ഷിതത്വബോധം കൊണ്ടോ ഭയം കൊണ്ടോ പലരും പങ്കാളികളോട് ഇത്തരം കാര്യങ്ങൾ തുറന്നു സംസാരിക്കാൻ തയാറാകാറില്ല. അസംതൃപ്തമായ ദാമ്പത്യം ആത്മവിശ്വാസക്കുറവിലേക്കും പരസ്പരമുള്ള വെറുപ്പിലേക്കും വിശ്വാസ വഞ്ചനയിലേക്കും നയിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ഇതിനുള്ള ഒരേയൊരു പോംവഴി ലൈംഗികതയെക്കുറിച്ച് പങ്കാളിയോട് തുറന്നു സംസാരിക്കുക മാത്രമാണ്. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പങ്കാളി അറിയട്ടെ.

അനുമാനങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും

തങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ഒരുപോലെയാണെന്ന് പല ദമ്പതികളും അഭിമാനത്തോടെ പറയാറുണ്ട്. ഒരേപോലെയുള്ള ഇഷ്ടങ്ങളും മനപൊരുത്തവുമൊക്കെ നല്ലതാണ്. പക്ഷേ പങ്കാളിയുടെ മനസ്സിലുള്ള കാര്യങ്ങൾ ഇതു തന്നെയാണെന്ന് അനുമാനിച്ച് അത് നടപ്പിലാക്കാൻ തുടങ്ങിയാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അനാവശ്യമായുള്ള അത്തരം ഇടപെടലുകൾ കുറച്ച് മനസ്സിലെന്താണുള്ളതെന്ന് പ്രകടിപ്പിക്കാനുള്ള അവസരം പരസ്പരം നൽകുകയാണ് വേണ്ടത്.

സർപ്രൈസുകൾ ഇല്ലാതായാൽ?

ദാമ്പത്യത്തിലെ തുടക്കകാലത്ത് പരസ്പരം പ്രണയിക്കാനും സർപ്രൈസുകൾ നൽകാനും ദമ്പതികൾ പരസ്പരം മൽസരിക്കാറുണ്ട്. എന്നാൽ കുറച്ചു മുന്നോട്ടു പോയിക്കഴിഞ്ഞാൽ സർപ്രൈസുകളും മറ്റും പതിയെ അപ്രത്യക്ഷമായിത്തുടങ്ങും. ദാമ്പത്യബന്ധത്തിലെ പ്രണയത്തിന്റെ തീ അണയാതിരിക്കാൻ പങ്കാളികൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അവർക്ക് സർപ്രൈസ് നൽകി അമ്പരപ്പിക്കാം. പ്രതീക്ഷിക്കാത്ത സമയത്ത് പുറത്തു പോയി ‍ഡിന്നർ കഴിക്കാൻ ക്ഷണിക്കുകയോ, പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ മധുരം നൽകുകയോ ഒക്കെ ചെയ്യാം.

പങ്കാളിയുടെ മഹത്വമറിയാതെ പെരുമാറുക‌

609696640

ദാമ്പത്യത്തിന്റെ പുതുമ നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ എല്ലാം വെറും കടമ മാത്രമായി ചുരുങ്ങി എന്ന തോന്നൽ ഉണ്ടാവുകയും പങ്കാളി ചെയ്തു നൽകുന്ന നന്മകളിൽ പലതും കാണാതെ പോവുകയും ചെയ്യുന്നു. നന്ദി വാക്കുകൾ ഔപചാരികതയാണെങ്കിൽപ്പോലും വല്ലപ്പോഴും ദാമ്പത്യബന്ധത്തിൽ അതാകാമെന്നും അത് ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും പറയപ്പെടുന്നു.

അസ്വസ്ഥതയുളവാക്കുന്ന നിശ്ശബ്ദത

ദാമ്പത്യത്തിലെ ചെറിയ പ്രശ്നങ്ങളെ പോലും നേരിടാതെ മൗനം കൊണ്ട് എല്ലാത്തിനും പ്രതിരോധം സൃഷ്ടിക്കുന്ന ചിലയാളുകളുണ്ട്. അത്തരക്കാർ സൃഷ്ടിക്കുന്ന അരോചകമായ മൗനം ദാമ്പത്യബന്ധത്തിൽ കൂടുതൽ വിള്ളലുകളുണ്ടാകാൻ കാരണമാകും. പരസ്പരം തുറന്നു സംസാരിച്ച് ഉറങ്ങാൻ പോകുന്നതിനു മുൻപ് പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ദാമ്പത്യം സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകാൻ നല്ലത്.

ഞാൻ എന്ന ചിന്ത മാത്രം

914989960

ഞങ്ങൾ എന്നതിനു പകരം ഞാൻ എന്ന ചിന്ത മുഴച്ചു നിന്നാൽ ദാമ്പത്യം ശിഥിലമാകാൻ മറ്റൊരു കാരണം തേടിയലയേണ്ടി വരില്ല. സ്വന്തം താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും കരുതൽ നൽകുന്നതിനൊപ്പം പങ്കാളിയെക്കൂടി പരിഗണിക്കാൻ പഠിച്ചാൽ ദാമ്പത്യം കൂടുതൽ ഊഷ്മളമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA