ADVERTISEMENT

മനസ്സിലുള്ള കാര്യങ്ങൾ അതേപടി തുറന്നു പറയാൻ പല അഭിനേത്രികളും മടിക്കുമ്പോഴാണ് ജീവിതത്തെക്കുറിച്ചും സ്വകാര്യത എന്ന സന്തോഷത്തെക്കുറിച്ചും ബോളിവുഡ് താരവും മോഡലുമായ ഡയാന വ്യക്തമാക്കുന്നത്.

2012 ൽ റോം–കോം കോക്കേടെയിൽ എന്ന ചിത്രത്തിലൂടെ ബി ടൗണിൽ അരങ്ങേറ്റം കുറിച്ച ഡയാനയുടെ പ്രൊഫഷണൽ ജീവിതത്തേക്കാൾ ചർച്ച ചെയ്യപ്പെടുന്നത് വ്യക്തി ജീവിതമാണ്. ഇതിനുള്ള നീരസം മറച്ചു വയ്ക്കാതെ വ്യക്തമാക്കുകയാണ് താരം.

താരത്തിന്റെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള വാർത്തകളേക്കാൾ വജ്രവ്യാപാരി ഹർഷ് സാഗറുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളാണ് കൂടുതലായും ചർച്ച ചെയ്യപ്പെടുന്നത്. പ്രിയതമനൊപ്പം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പൊതുവേദികളിൽ പ്രണയത്തെപ്പറ്റി തുറന്നു പറയാറില്ല. അതിന് ന്യായീകരണമായി താരം പറയുന്നതിങ്ങനെ :-

''വ്യക്തിപരമായി സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായിത്തന്നെ സൂക്ഷിക്കാനാണെനിക്കിഷ്ടം. പക്ഷേ സിനിമാ മേഖലയിൽ ഉള്ളപ്പോൾ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ഒരുപോലെ ചർച്ച ചെയ്യപ്പെടുമെന്നും എനിക്കറിയാം. അതിൽ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല. ഒരു അഭിനേതാവ് ആകാൻ തീരുമാനിച്ചാൽ പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറും''.

സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തോട് താനൊരിക്കലും അസ്വസ്ഥയാകാറില്ലെന്നും താരം പറയുന്നു. 'പക്ഷേ ചർച്ച ചെയ്യപ്പെടേണ്ടത് എന്റെ ജോലിയെക്കുറിച്ചല്ലേ?. ഞാനൊരു അഭിനേത്രിയായതുകൊണ്ടല്ലേ അറിയപ്പെടുന്ന ഒരാളായത്. എന്നെ അങ്ങനെ ആക്കിയത് അഭിനയം എന്ന തൊഴിൽ ആയതുകൊണ്ട് അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് എനിക്കേറെയിഷ്ടം'.

'എന്റെ പ്രണയത്തെ മാത്രമല്ല, എന്റെ കുടുംബത്തെയും മാധ്യമ ശ്രദ്ധയിൽ നിന്ന് അകറ്റി നിർത്താനാണ് ഞാനിഷ്ടപ്പെടുന്നത്. എന്നോടടുപ്പമുള്ള ആളുകളുടെ സ്വകാര്യതയെക്കുറിച്ചോർത്ത് എനിക്കാശങ്കയുണ്ട്.  എന്റെ പ്രണയത്തെക്കുറിച്ചു മാത്രമല്ല മാതാപിതാക്കളെപ്പറ്റിയും ഞാൻ മാധ്യമങ്ങളോടു സംസാരിക്കാറില്ല. ഞാനൊരുപാടു സ്നേഹിക്കുന്നവരെ നെഗറ്റീവ് കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നതെനിക്കിഷ്ടമല്ല'.

'മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ എന്റേതായ രീതിയിലാണ് മറുപടി നൽകുന്നത്. പക്ഷേ ചിലർ അതിനെ ദുർവ്യാഖ്യാനം ചെയ്ത്, വളച്ചൊടിച്ച് വേറെ ഏതൊക്കെയോ രീതിയിൽ എഴുതിപ്പിടിപ്പിക്കും. ഞാൻ പറഞ്ഞ കാര്യങ്ങളുമായി അതിന് ഒരു ബന്ധവും കാണില്ല. അതുകൊണ്ടൊക്കെത്തന്നെയാണ് എന്റെ പ്രിയപ്പെട്ടവരെ ഞാൻ ഇത്തരം കാര്യങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ആഗ്രഹിക്കുന്നത്'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com