sections
MORE

അവർ എന്തിനാണ് എന്റെ അച്ഛനമ്മമാരെ ചീത്തവിളിക്കുന്നതെന്ന് അന്ന് മനസ്സിലായി

Girl Talks About Heart Touching Life Story
ചിത്രത്തിന് കടപ്പാട്: ഹ്യൂമൻസ് ഓഫ് ബോംബെ
SHARE

ആരോരുമില്ലാതെ അനാഥയായി ഒടുങ്ങേണ്ട ജന്മത്തിൽ നിന്ന് താനൊരു സൂപ്പർ ലക്കി ഗേളായി വളർന്നു വലുതായ കഥ പറഞ്ഞുകൊണ്ടാണ് ഒരു മുംബൈക്കാരി പെൺകുട്ടി ആളുകളുടെ ഹൃദയം കീഴടക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആ കൗമാരക്കാരി തന്റെ ജീവിത രഹസ്യം മനസ്സിലാക്കിയ ദിവസത്തെ ഓർത്തെടുക്കുന്നത്.

'' എന്റെ പ്ലസ്ടു ഫലം വന്ന ദിവസമായിരുന്നു അന്ന്. അച്ഛൻ ആരോടോ ഫോണിൽ തർക്കിച്ച് സംസാരിച്ചത് ഞാനിന്നും വ്യക്തമായി ഓർക്കുന്നുണ്ട്. എന്റെ അച്ഛനമ്മമാരോട് എപ്പോഴും മോശമായി പെരുമാറുന്ന ബന്ധുവായിരുന്നു ഫോണിന്റെ മറുതലയ്ക്കൽ എന്ന് അധികം വൈകാതെ എനിക്ക് മനസ്സിലായി. ഞാൻ അച്ഛനോട് ആ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അച്ഛൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അങ്ങനെയാണ് ആ വിഷയത്തെക്കുറിച്ച് എന്റെ അമ്മയോട് സംസാരിക്കാമെന്ന് ഞാൻ തീരുമാനിച്ചത്.

അന്നാണ് അമ്പരപ്പിക്കുന്ന സത്യം അമ്മ എന്നോട് വെളിപ്പെടുത്തിയത്. ഈ അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണ്. അച്ഛനെ ഫോണിൽ ചീത്തവിളിച്ച ആളാണ് എനിക്ക് ജന്മം നൽകിയ എന്റെ അച്ഛൻ. അദ്ദേഹവും എന്നെ പ്രസവിച്ച എന്റെ അമ്മയും കൂടി എന്നെ ഉപേക്ഷിച്ചതാണ്. അതും എനിക്ക് വെറും 5 മാസം മാത്രം പ്രായമുള്ളപ്പോൾ. 

ആ അവസരത്തിലാണ് എന്റെ ഇപ്പോഴത്തെ അച്ഛനും അമ്മയും ചേർന്ന് എന്നെ ഏറ്റെടുക്കുകയും വളർത്തി വലുതാക്കുകയും ചെയ്തത്. അമ്മയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിൽ നിൽക്കുന്ന എനിക്ക് അന്ന് അമ്മ ഒരു വാക്കുകൂടി നൽകി. ഈ സത്യം ഒരു കാര്യത്തിലും യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. എനിക്കും അവർക്കും ഇടയിലെ സ്നേഹത്തിനും കരുതലിനും ഒരിക്കലും ഒരു മാറ്റവുമുണ്ടാകാൻ പോകുന്നില്ല.

എന്നെ പ്രസവിച്ച അമ്മയും എനിക്ക് ജന്മം നൽകിയ അച്ഛനും എന്നെ വേണ്ട എന്നു പറഞ്ഞ ദിവസം മുതൽ കണ്ണിലെ കൃഷ്ണമണിപോലെയാണ് ദത്തെടുത്ത അച്ഛനമ്മമാർ എന്നെ നോക്കുന്നത്. പ്രത്യേകിച്ച് എന്റെ അച്ഛൻ. സ്കൂളിലെ ആദ്യദിനം എനിക്കിപ്പോഴും ഓർമയുണ്ട്. എന്നെ സ്കൂളിൽ വിട്ടിട്ട് അച്ഛൻ മടങ്ങിയത് എന്നേക്കാൾ സങ്കടത്തോടെയാണ്. അച്ഛന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാൾ ഞാനാണ്. ചില കാര്യങ്ങൾ ഞാൻ പറയുന്നതിനു മുൻപേ അച്ഛൻ ചെയ്തു കഴിഞ്ഞിരിക്കും.

എനിക്ക് ജന്മം നൽകിയവർ ഉപേക്ഷിച്ചു കളഞ്ഞതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെയുള്ളിൽ ഒരുപാടു ചോദ്യങ്ങൾ തലപൊക്കി. എന്നെ സ്നേഹിക്കാതിരിക്കാൻ മാത്രം ഞാൻ എന്തുതെറ്റാണ് എന്റെ അച്ഛനമ്മമാരോട് ചെയ്തതെന്ന് ഞാനെന്റെ അമ്മയോട് ചോദിച്ചു. ' എന്റെ കൈകൾ ചേർത്തുപിടിച്ച് ആ അമ്മ പറഞ്ഞു. അതൊന്നും കാര്യമാക്കണ്ട. നിനക്ക് ഞങ്ങളില്ലേ?. ഞങ്ങൾ നിന്നെ ഒരിക്കലും വിട്ടുകളയില്ല. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും കാരണം നീയാണ്.

എനിക്ക് ജന്മം നൽകിയവരോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു. ഞാൻ അവരോട് വഴക്കിടുമായിരുന്നു. പക്ഷേ പിന്നീട് ഞാനതു നിർത്തി. എന്റെ അച്ഛനുമമ്മയ്ക്കും എത്രത്തോളം സ്പെഷ്യൽ ആണ് ഞാൻ. അവരുടെ കൈകളിൽ എന്നെ കിട്ടിയപ്പോൾ മുതൽ അളവില്ലാതെ അവരെന്നെ സ്നേഹിക്കുന്നുണ്ട്. ഇപ്പോൾ എന്റെ മനസ്സ് ശാന്തമാണ്. എനിക്ക് ജന്മം നൽകി ഉപേക്ഷിച്ചവരോട് ഇപ്പോൾ പരാതിയും പരിഭവവുമൊന്നുമില്ല. എല്ലാം സംഭവിക്കുന്നതിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് ഇപ്പോൾ എനിക്കറിയാം.

എന്നെ ഇത്രത്തോളം സ്നേഹിക്കുന്ന, പിന്തുണ നൽകുന്ന ഒരു കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കൊരുപാടു സന്തോഷമുണ്ട്. ഞാനൊരു സൂപ്പർ ലക്കി ഗേൾ ആണെന്ന് എനിക്ക് തോന്നാറുണ്ട്. എന്നെങ്കിലുമൊരിക്കൽ എല്ലാവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറുമെന്നും അന്ന് ഒരു കൂരയ്ക്കു കീഴിൽ എല്ലാവർക്കും  സന്തോഷത്തോടെ ഒരുമിച്ചു താമസിക്കാൻ കഴിയുമെന്നുമാണ് എന്റെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA