sections
MORE

പ്രണയത്തിന്റെ ഭാഷ പഠിക്കാം; ദാമ്പത്യം സുന്ദരമാകട്ടെ

Love
പ്രതീകാത്മക ചിത്രം
SHARE

പ്രേമ വിവാഹമാണെങ്കിലും അറേഞ്ചഡ് മാര്യേജ് ആണെങ്കിലും ദമ്പതികൾക്കിടയിലെ പ്രണയവും യോജിപ്പും ഒറ്റരാത്രികൊണ്ടുണ്ടാവുന്നതല്ല. ആരോഗ്യപരമായ ബന്ധം ദമ്പതികൾക്കിടയിലുണ്ടാവണമെങ്കിൽ അതിനു ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കാം. ബന്ധങ്ങൾ ദൃഡവും ശക്തവുമാവണമെങ്കിൽ തീർച്ചയായും പങ്കാളികൾ ചില കാര്യങ്ങൾ  അറിഞ്ഞിരിക്കണം. ദാമ്പത്യത്തിൽ പ്രണയം നിറയ്ക്കാനുള്ള 5 വഴികളെക്കുറിച്ചറിയാം...

1. മനസ്സു തുറന്നുള്ള സംസാരം

വ്യക്തമായ ആശയവിനിമയമില്ലാതെ ഒരു ബന്ധവും മുന്നോട്ടു പോകില്ല. മനസ്സിലുള്ള സ്നേഹവും വികാരവും മറ്റുള്ളവർക്കു കൂടി മനസ്സിലാകുന്ന തരത്തിൽ പ്രകടിപ്പിക്കുവാൻ എല്ലാവർക്കും കഴിഞ്ഞുവെന്നു വരില്ല. ആശയവിനിമയത്തിലെ അപാകതകൾ വിവാഹമോചനത്തിനുവരെ കാരണമാകുമെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. പരസ്പരം മനസ്സു തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ പല ദമ്പതികൾക്കുമുണ്ടാവുകയുള്ളൂ. 

അതു തുറന്നു പറയാൻ തയാറാകാതെ മനസ്സിൽവെച്ചു പെരുപ്പിച്ച് ഒടുവിൽ അത് ഒരു പൊട്ടിത്തെറിയിൽ ചെന്നവസാനിക്കുമ്പോഴാണ് പല ജീവിതങ്ങളും നരകതുല്യമാകുന്നത്. ഫലപ്രദമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന് പലർക്കും അറിവുണ്ടാവില്ല. പങ്കാളിയുടെ ഏതെങ്കിലും പ്രവൃത്തി വേദനിപ്പിച്ചാൽ അതു തുറന്നു തന്നെ പറയണം. ഞാൻ ഇതു പറഞ്ഞാൽ മറ്റേയാൾക്ക് വിഷമമാകുമോ അയാൾക്ക് ദേഷ്യം വരുമോ, ഇട്ടിട്ടു പോകുമോ എന്ന ആശങ്കയൊന്നും വേണ്ട. 

ഉള്ളു തുറന്നു സംസാരിക്കാതെ പല കാര്യങ്ങളും മനസ്സിൽ വെയ്ക്കുമ്പോഴാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നത്. എന്നുകരുതി പങ്കാളികളിലൊരാൾ മറ്റേയാൾക്ക് ഇഷ്ടമില്ലാത്ത പ്രവൃത്തി ചെയ്യുമ്പോഴെല്ലാം പൊട്ടിത്തെറിക്കണം എന്നല്ല പറഞ്ഞു വരുന്നത്. പങ്കാളിയുടെ ഏതു പ്രവൃത്തിയാണ് വേദനിപ്പിച്ചത് ആ പ്രവൃത്തിയെക്കുറിച്ച് ശാന്തമായും എന്നാൽ ശക്തമായും തന്നെ തുറന്നു പറയുക. എന്തുകൊണ്ട് അതു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നു വിശദീകരിക്കുക. പങ്കാളികൾ പരസ്പരം തുറന്നു സംസാരിക്കാൻ തയാറായാൽ ദമ്പതികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം പറഞ്ഞു തീർക്കാൻ മൂന്നാമതൊരാളുടെ സഹായം വേണ്ടിവരില്ല.

2. ബഹുമാനം

പങ്കാളികൾ പരസ്പരം ബഹുമാനിക്കണോ എന്നു ചോദിച്ചാൽ വേണം എന്നുതന്നെയാണ് ഉത്തരം. ബഹുമാനം എന്നത് ഒരു കാര്യത്തിലല്ല. പങ്കാളിയുടെ സ്വഭാവത്തെ, അവർ നമുക്കായി ചിലവഴിക്കുന്ന സമയത്തെ, അവർക്കു നമ്മളോടുള്ള പ്രണയത്തെ, അവർക്കു നമ്മളോടുള്ള വിശ്വാസത്തെയെല്ലാം ബഹുമാനിക്കണം. ദാമ്പത്യ ജീവിതം രസകരമാക്കണമെങ്കിൽ തീർച്ചയായും ഇത്തരം കാര്യങ്ങൾ പാലിക്കപ്പെടണം. 

സ്നേഹത്തോടെ പങ്കാളിയെ പേരുവിളിക്കുന്നതും പരസ്പരം തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും കളിയാക്കുന്നതുമൊന്നും ബഹുമാനക്കുറവല്ല എന്ന് ആദ്യം മനസ്സിലാക്കണം. ഓർക്കുക അച്ചടിഭാഷയിൽ പങ്കാളിയോടു സംസാരിക്കേണ്ടി വരുന്നതുപോലെയുള്ള ബോറൻ ഏർപ്പാട് മറ്റൊന്നുമുണ്ടാവില്ല.

സ്നേഹവും സ്വാതന്ത്ര്യവും അതിന്റെ അതിരുകളുമെല്ലാം പങ്കാളികൾ സ്വയം നിശ്ചയിക്കുക. ബന്ധങ്ങളിൽ ചില വിള്ളലുകളുണ്ടായാലും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക. നീ ഇനിയും ഇങ്ങനെ പെരുമാറിയാൽ നിന്നെ ഞാൻ ഇട്ടിട്ടുപോകും എന്ന മട്ടിൽ സംസാരിക്കാതിരിക്കുക. എന്തു പ്രശ്നത്തെയും ഒരുമിച്ചു നേരിടാം എന്ന മനസ്സുണ്ടെങ്കിൽ ആ ദാമ്പത്യം സുന്ദരമായി എന്നു തന്നെയാണർഥം.

3. ക്വാളിറ്റി ടൈം

എത്രസമയം ഒന്നിച്ചു ചിലവഴിച്ചു എന്നതിലല്ല. എത്രത്തോളം ഫലപ്രദമായി ഒരുമിച്ചുണ്ടായ സമയം വിനിയോഗിച്ചു എന്നതിലാണ് കാര്യം. ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുമ്പോൾ ഓഫീസിലെ മുഷിപ്പൻ കാര്യങ്ങളെക്കുറിച്ചും ജോലിയിലെ ടെൻഷനെക്കുറിച്ചും അതുമല്ലെങ്കിൽ ബിസിനസ്സിലെ ലാഭനഷ്ടങ്ങളെക്കുറിച്ചുമൊക്കെ ചർച്ച ചെയ്തുകൊണ്ടിരുന്നാൽ അതിനെ ക്വാളിറ്റി ടൈം എന്നു പറയാനാവില്ല.

അതുപോലെ ഭക്ഷണവുമെടുത്ത് ടിവിയുടെ മുന്നിൽ ചടഞ്ഞിരുന്ന് ഇരുവരും ഇഷ്ടപ്പെട്ട പ്രോഗ്രാം കണ്ടതുകൊണ്ടും അതു ക്വാളിറ്റി ടൈം ആകുന്നില്ല. പരസ്പരം കരുതലും സ്നേഹവും നൽകി. ആഹാരസാധനങ്ങൾ പരസ്പരം വിളമ്പി നൽകി. കുടുംബത്തിലെ കുഞ്ഞുവിശേഷങ്ങളും ഓഫീസിലെ രസകരമായ സംഭവങ്ങളുമൊക്കെ പറഞ്ഞ് കളിച്ചു രസിച്ച് സമയം ചിലവഴിച്ചാൽ അതിനെ തീർച്ചയായും ക്വാളിറ്റി ടൈം എന്നു പറയാം. വിഷമങ്ങളും നിരാശകളും പറഞ്ഞു തീർക്കാൻ ഭക്ഷണം കഴിക്കുന്ന സമയത്ത് ശ്രമിക്കരുത്. രണ്ടുപേരും തനിച്ചുള്ളപ്പോൾ പങ്കാളി അതു കേൾക്കാൻ തയാറാവുമ്പോഴായിരിക്കണം ഗൗരവമായ കാര്യങ്ങൾ ചർച്ചചെയ്യാൻ.

4. മാറിനിൽക്കാം വല്ലപ്പോഴും

പരസ്പരം പ്രണയമുണ്ടെന്നു കരുതി ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥയും ഒരു പരിധിയിൽക്കൂടുതൽ വിധേയത്വവും വച്ചു പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക. ചെറുതും വലുതുമായ എല്ലാക്കാര്യത്തിനും പങ്കാളിയുടെ സഹായം വേണമെന്ന് വാശിപിടിക്കാതിരിക്കുക. തനിയെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സ്വയം ചെയ്തു പഠിക്കുക. ഒരു പരിധിയിൽക്കൂടുതൽ പരസ്പരം ആശ്രയിക്കാതിരിക്കുക. ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധയിൽവെയ്ക്കുക.

5. പ്രണയത്തിന്റെ ഭാഷ പഠിക്കുക

ഇഷ്ടം മനസ്സിൽ മാത്രം ഉണ്ടായിട്ടു കാര്യമില്ലല്ലോ. അതു പ്രകടിപ്പിക്കാൻ ഒരു ഭാഷ അനിവാര്യമാണ്. ഏതു പ്രതിസന്ധിയിലും ഒപ്പമുണ്ടാകുന്ന വാഗ്ദാനത്തിലൂടെ, പരസ്പരം കൈമാറുന്ന കുഞ്ഞു സമ്മാനങ്ങളിലൂടെ, പരസ്പരം ചെയ്തുകൊടുക്കുന്ന സഹായങ്ങളിലൂടെ, സ്പർശനത്തിലൂടെയൊക്കെ പറയാതെ പറയാം നിന്നെ ഞാൻ എത്രത്തോളം പ്രണയിക്കുന്നുണ്ടെന്ന്. 

നീയില്ലാത്ത ജീവിതം എന്തു വിരസമാണെന്ന്. പാലേ, തേനേ, പൊന്നേ എന്നൊക്കെ വിളിയിൽ മധുരം ചേർക്കാതെ ജീവിതത്തിലെ കുഞ്ഞു കാര്യങ്ങളിൽ പരസ്പരം താങ്ങായും തണലായും നിന്നാൽത്തന്നെ ജീവിതം സുന്ദരമാകും. ഓർക്കുക കപടമായ സ്നേഹപ്രകടനങ്ങളല്ല ദൃഡമായ ദാമ്പത്യബന്ധത്തിന് ആധാരം മനസ്സു തുറന്നുള്ള പങ്കുവെയ്ക്കലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA