sections
MORE

മോശംബന്ധങ്ങളിൽ നിന്ന് പങ്കാളികൾ പിന്മാറാതിരിക്കുന്നതിനു പിന്നിൽ

Abusive Relationship
പ്രതീകാത്മക ചിത്രം
SHARE

അവൻ ഇത്രയും ദ്രോഹിച്ചെങ്കിൽ നിനക്ക് എങ്ങനെയെങ്കിലും ആ ബന്ധത്തിൽ നിന്ന് പുറത്തു കടന്നുകൂടെ? പ്രണയബന്ധത്തിലും വിവാഹബന്ധത്തിലും അസ്വാതന്ത്ര്യങ്ങൾ കൊണ്ട് വീർപ്പു മുട്ടുന്നവരോട് പലരും ആവർത്തിക്കുന്ന ചോദ്യമാണത്. എന്നാൽ പങ്കാളി എത്രത്തോളം ചൂഷണം ചെയ്താലും ചിലർ ആ ബന്ധത്തിൽ നിന്ന് മുക്തരാകാൻ മനപൂർവം ശ്രമിക്കാറില്ല. അതിനു കാരണങ്ങളായി മാനസികാരോഗ്യ വിദഗ്ധർ പറയുന്ന ചില കാരണങ്ങളിതാ 

1. ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന സത്യം തിരിച്ചറിയാതിരിക്കുക

സമൂഹം കൽപ്പിക്കുന്ന പല അരുതുകൾ അനുസരിച്ച് ജീവിക്കാൻ ശീലിച്ച പെൺകുട്ടികൾക്ക് ദാമ്പത്യത്തിലെ പല അനുവാദം നിഷേധിക്കലും ഒരു പ്രശ്നമായി തോന്നാറില്ല. ഒറ്റയ്ക്ക് പുറത്തു പോകരുത്, സമ്പാദിക്കുന്ന പണം മുഴുവൻ പങ്കാളിയെ ഏൽപ്പിക്കണം, എന്തു വസ്ത്രം ധരിക്കണമെന്ന് പങ്കാളി തീരുമാനിക്കണം അങ്ങനെയുള്ള പല നിബന്ധനകളും സ്നേഹക്കൂടുതൽ കൊണ്ടാണെന്നാണ് പല പെൺകുട്ടികളുടെയും തെറ്റിദ്ധാരണ. ചൂഷണം ചെയ്യപ്പെടുകയാണെന്ന് സ്വയം തിരിച്ചറിയാത്തിടത്തോളം അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ അതിന്റെ പരിഹാരങ്ങളെക്കുറിച്ചോ മറ്റുള്ളവരോട് തുറന്നു സംസാരിക്കാൻ അവർക്ക് അവസരം ലഭിക്കില്ല.

2. ആത്മാഭിമാനം തകർക്കുന്ന വൈകാരിക ചൂഷണം

ശാരീരിക പീഡനത്തെ മാത്രം ചൂഷണമായി കരുതുന്നവരാണ് ഭൂരിപക്ഷവും. ശാരീരികമായ ആക്രമണം, മർദ്ദനം തുടങ്ങിയവയെ മാത്രമാണ് ചൂഷണത്തിന്റെ പട്ടികയിൽ അവർ പെടുത്തിയിട്ടുണ്ടാവുക. ശാരീരിക ചൂഷണത്തിന്റെ അത്രയും വരില്ലല്ലോ മാനസിക ചൂഷണം എന്നു ചിന്തിച്ച് മനസ്സമാധാനം തേടുന്നവരാണ് ഇക്കൂട്ടർ. തുടർച്ചയായി മാനസിക ചൂഷണങ്ങൾക്ക് ഇരയാകുന്നവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും ഇതിനേക്കാൾ നല്ലൊരു ജീവിതം തങ്ങൾക്ക് ഒരിക്കലും ലഭിക്കില്ലെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയും ആ ബന്ധത്തിൽത്തന്നെ തുടരാൻ നിർബന്ധിതരാകുകയും ചെയ്യും.

3. പൊള്ളയായ വാഗ്ദാനങ്ങൾ

പങ്കാളിയെ തുടർച്ചയായി മാനസിക പീഡനത്തിന് ഇരയാക്കുകയും പിന്നീട് മാപ്പു പറയുകയും ചെയ്യുന്നതാണ് ചൂഷകരുടെ പൊതുരീതി. ഇനി ഒരിക്കലും പങ്കാളിയെ വേദനിപ്പിക്കില്ലെന്ന് അവർ പൊള്ളയായ വാഗ്ദാനം നൽകും. മാപ്പു പറച്ചിലിന്റെയും വാഗ്ദാനത്തിന്റെയും ചൂടാറും മുൻപ് അവർ പങ്കാളിയെ ഉപദ്രവിക്കുന്നത് തുടരുകയും ചെയ്യും.

4. ഏഴുപ്രാവശ്യം പരാജയപ്പെടും ഒടുവിൽ പിരിയും

ചൂഷകരായ പങ്കാളികളിൽ നിന്ന് വേർപിരിയാൻ ഇരകൾ കുറഞ്ഞത് ഏഴു പ്രാവശ്യത്തോളം ശ്രമിക്കുമെന്നും അതിനു ശേഷമാണ് എന്നന്നേയ്ക്കുമുള്ള വേർപിരിയൽ സംഭവിക്കുകയെന്നുമാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ഒറ്റയടിക്ക് അത്തരം ബന്ധങ്ങളോട് ബൈ പറയുന്നതിനേക്കാൾ സുരക്ഷിതം ഇതാണെന്നും അവർ പറയുന്നു.

1070079130

5. ഒപ്പം നിൽക്കുക അല്ലെങ്കിൽ മരിക്കുക

ചൂഷണത്തിന് ഇരയാകുന്നവരിൽ ചിലർക്ക് തിരഞ്ഞെടുക്കാൻ രണ്ട് ഓപ്ഷനേ ഉണ്ടാവൂ. ഒന്നുകിൽ എല്ലാം സഹിച്ച് ആ ബന്ധത്തിൽത്തന്നെ തുടരുക. അല്ലെങ്കിൽ മരിക്കുക. മിക്കവാറും വലിയൊരു ബ്രേക്ക് അപിനു ശേഷം ജീവിതത്തിലേക്ക് ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ തെറ്റുപറ്റിപ്പോയി എന്നു തോന്നുന്നവർ ആ ബന്ധത്തിൽത്തന്നെ തുടരാൻ നിർബന്ധിതരാകാറുണ്ട്. പങ്കാളി ഏതുതരക്കാരനായാലും അയാളെ വിട്ടിട്ടു പോവില്ല എന്ന് വാശിയുള്ളവരും മരണം വരെ അത്തരം ബന്ധങ്ങളിൽ കുരുങ്ങിക്കിടക്കും.

6. സ്വഭാവദൂഷ്യത്തിന്റെ ഉത്തരവാദിത്തം ഇരയുടെ തലയിൽ കെട്ടിവയ്ക്കും

പരസ്പരം വഴക്കിടുമ്പോൾ എല്ലാത്തിനും കാരണം നീയാണെന്ന മട്ടിൽ ഇരയോടു പെരുമാറുന്ന പങ്കാളികളുണ്ട്. ഇരയെ മാനസികമായി തളർത്തി ശരി തങ്ങളുടെ ഭാഗത്താണെന്ന് ഇരയെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണത്. ഗ്യാസ് ലൈറ്റിങ് എന്നാണ് ഈ പെരുമാറ്റ രീതിക്ക് പറയുന്ന പേര്.

7. എല്ലാം ഒരു ദിവസം മാറും

ജീവിതത്തിലെ മോശംകാര്യങ്ങളെല്ലാം മാറി എന്നെങ്കിലും ഒരു ദിവസം പങ്കാളി തന്നോട് നല്ല രീതിയിൽ പെരുമാറുമെന്ന് വിശ്വസിച്ച് കാലം കഴിക്കുന്ന ഇരകളുണ്ട്. മോശമായ അവസ്ഥയിൽ പങ്കാളിയെ ഇട്ടിട്ടു പോകുന്നത് ശരിയല്ലെന്നും അവർക്ക് നന്നാകാൻ പല അവസരങ്ങൾ നൽകിയിട്ടും നന്നാവില്ല എന്ന് ജീവിതം കൊണ്ട് ബോധ്യപ്പെട്ടിട്ടും വീണ്ടും വീണ്ടും അവസരം നൽകി അവർ കാലംകഴിച്ചുകൊണ്ടിരിക്കും.

 8. സമൂഹത്തിനു മുന്നിൽ മാതൃകാദമ്പതികൾ ചമയാൻ

വ്യക്തിപരമായി എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും സമൂഹത്തിനു മുന്നിൽ തങ്ങൾ പെർഫെക്റ്റ് ആണെന്ന് കാണിക്കാൻ ഇഷ്ടമില്ലാത്ത ബന്ധത്തിൽ കടിച്ചു തൂങ്ങുന്നരുണ്ട്. പരസ്പര ബഹുമാനമോ ആത്മാർഥതയോ ഇല്ലാത്ത അത്തരം ബന്ധങ്ങൾ മിക്കവാറും വലിയൊരു ദുരന്തത്തിലാണ് കലാശിക്കുക.

671352746

9. മറ്റുള്ളവർ എന്തു കരുതും?

പങ്കാളിയാൽ ചൂഷണം ചെയ്യപ്പെടുന്ന ഒരാളാണ് താനെന്നറിഞ്ഞാൽ ആളുകൾ എന്തു കരുതുമെന്ന് പേടിച്ചിരിക്കും ഇനിയൊരു കൂട്ടർ. മറ്റുള്ളവർ തന്നെ കുറ്റപ്പെടുത്തുമോ, ഒറ്റപ്പെടുത്തുമോ, തന്നെ നോക്കി സഹതപിക്കുമോ എന്നൊക്കെ ചിന്തിച്ച് മോശം ബന്ധത്തിൽത്തന്നെ തുടരും.

10. ജീവിതം പങ്കുവയ്ക്കാം

വിവാഹബന്ധത്തിന്റെ പവിത്രത, കുട്ടികളുടെ ഭാവി, സാമ്പത്തിക സുരക്ഷിതത്വം ഇവയെക്കുറിച്ചോർത്തുള്ള ആകുലതകളും മോശം ബന്ധത്തിൽ തുടരാൻ പലരെയും നിർബന്ധിതരാക്കാറുണ്ട്. എല്ലാക്കാര്യത്തിനും പങ്കാളിയെ ആശ്രയിക്കുന്ന ഒരാൾക്ക് പങ്കാളി എത്രതന്നെ ചൂഷണം ചെയ്താലും ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തോന്നില്ല. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിക്കുറവും ചൂഷണം ചെയ്യുന്ന ബന്ധത്തിൽ കുടുങ്ങിക്കിടക്കുന്നതിന് കാരണമാകാറുണ്ട്.

ഒരു ബന്ധത്തിൽ തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണെങ്കിലും മോശം ബന്ധങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇരകളെ രക്ഷിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് സമൂഹത്തിന് ഒഴിഞ്ഞു മാറാനാവില്ല. അത്തരം അവസ്ഥയിൽപ്പെട്ടവരെ പരിഹസിക്കാതെ, സഹതാപത്തോടെ നോക്കാതെ അവരെ വിധിക്കാതെ ഒപ്പം നിന്ന് വേണ്ട സഹായങ്ങൾ നൽകാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മുൻവിധിയോടെ ഒരാളെ സമീപിക്കുന്നതും ഉത്തരവാദിത്തത്തോടെ ഒരാളെ സഹായിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും അവർ ഓർമ്മപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA