ADVERTISEMENT

വയറിലെ സ്ട്രച്മാർക്കുകൾ കാട്ടിക്കൊണ്ട് ചിത്രങ്ങളെടുത്ത് അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക, വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായിട്ടും 40 വയസ്സിനു ശേഷം വീണ്ടും പ്രണയം കണ്ടെത്തുക. തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ ഒരു യുവാവിനെ വിവാഹം ചെയ്യാൻ തയാറെടുക്കുക. സദാചാരക്കാരുടെ മുന്നിൽ ബോളിവുഡ് താരം മലൈക അറോറ ചെയ്ത മഹാഅപരാധങ്ങളാണിതൊക്കെ. മനസ്സു പറയുന്നതു കേട്ടുമാത്രം ജീവിക്കാൻ ശീലിച്ച മലൈക ഇത്തരം ആരോപണങ്ങളെ ചിരിച്ചു തള്ളിക്കൊണ്ട് ജീവിതം ആഘോഷിക്കുകയാണിപ്പോൾ.

ജീവിതത്തെക്കുറിച്ചും പ്രായത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും മകനെക്കുറിച്ചും വീണ്ടും പ്രണയം കണ്ടെത്തിയതിനെക്കുറിച്ചും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മലൈക തുറന്നു പറഞ്ഞതിങ്ങനെ :-

40 കളിലും കൗമാരക്കാരി

എനിക്ക് 43 വയസ്സായി. എന്റെ ശരീരം ഇപ്പോഴും ഫിറ്റാണ്. ഞാൻ ആരോഗ്യവതിയാണ്. കൗമാരപ്രായത്തിലേക്കു തിരികെപ്പോകാൻ കൊതിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. പക്ഷേ നാൽപ്പതുകളിലും കൗമാരക്കാരിയായിരിക്കാനാണ് ‍ഞാനിഷ്ടപ്പെടുന്നത്. കൗമാരപ്രായത്തിലിരുന്നതു പോലെയല്ല എന്നെ കാണാൻ ഇപ്പോൾ. തീർച്ചയായും ‍ഞാനത് അംഗീകരിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ സന്തോഷത്തോടെ അംഗീകരിക്കുന്ന ഒരാളാണ് ഞാൻ.

പ്രായമാകുന്നതിൽ നിന്ന് ശരീരത്തെ തടയാൻ നമുക്കാർക്കും കഴിയില്ല. പ്രായമാകുന്തോറും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുക എന്നതാണ് എന്റെ നയം. ചുക്കിച്ചുളിഞ്ഞ എന്നെ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ. സ്ട്രച്ച്മാർക്കുകൾ പുറത്തു കാണുംവിധമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അന്ന് എനിക്ക് നിരവധി കമന്റുകൾ ലഭിച്ചു. വൃത്തികേട് എന്നൊക്കെ ചിലർ പറഞ്ഞു. അതിൽ എന്തു വൃത്തികേടാനുള്ളത്?.അതു കാണുമ്പോൾ പുഞ്ചിരിയോടെ ഞാനെന്റെ സുന്ദരനായ ആൺകുഞ്ഞിനെയോർക്കും.

കുഞ്ഞുങ്ങൾ ജനിച്ചാൽ അമ്മമാരുടെ ശരീരത്തിൽ ചില മാറ്റങ്ങളുണ്ടാകും. എന്തിനാണ് നാണക്കേടു വിചാരിച്ച് അത് മറച്ചു വയ്ക്കുന്നത്.  അത് വെറും സ്ട്രെച്ച് മാർക്കുകളല്ല. അമ്മയ്ക്കു ലഭിക്കുന്ന അംഗീകാരങ്ങളാണവ.

ഞാൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ചിലർ മോശം അഭിപ്രായം പറയാറുണ്ട്. എനിക്ക് യോജിക്കുമെന്നു തോന്നുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. അത്തരം കാര്യങ്ങളൊക്കെ ഒരാളുടെ വ്യക്തിപരമായ സംഗതികളാണ്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വസ്ത്രം ധരിക്കാത്തതും, വിവാഹമോചനേ നേടിയതും, ഞാൻ വീണ്ടും പ്രണയം കണ്ടെത്തിയതും, എന്റെ പങ്കാളി എന്നേക്കാൾ പ്രായം കുറഞ്ഞ ആളായതുമെല്ലാം നിങ്ങൾക്ക് പ്രശ്നമായി തോന്നിയേക്കാം. ഞാൻ അതൊന്നും തന്നെ ശ്രദ്ധിക്കുന്നില്ല. സമൂഹമാധ്യമങ്ങളിലെ മുഖമില്ലാത്ത പേരില്ലാത്ത ആളുകളെ സന്തോഷിപ്പിക്കാനല്ല ഞാൻ ജീവിക്കുന്നത്.

പ്രായമല്ല പ്രശ്നം പെണ്ണാണ് എന്നതാണ്

എനിക്ക് തോന്നുന്നത് സ്ത്രീകളെ വിമർശിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല എന്നാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. സ്വതന്ത്രമായി ചിന്തിക്കുന്ന ധൈര്യത്തോടെ ജീവിക്കുന്ന പെൺകുട്ടികളാണ് കൂടുതലും വിമർശിക്കപ്പെടുക. 17–ാമത്തെ വയസ്സു മുതൽ ജോലി ചെയ്തു ജീവിക്കാൻ തുടങ്ങിയ ആളാണ് ഞാൻ. അന്നു മുതൽ വ്യക്തി ജീവിതത്തിൽ നടത്തിയ പല തിരഞ്ഞെടുപ്പുകളുടെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

ഒരമ്മയായ ഞാൻ ചില തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല എന്നാണ് പലരുടെയും ഉപദേശം. ഒരമ്മയ്ക്ക് സെക്സിയായി വേഷം ധരിക്കാൻ അവകാശമില്ലേ?. സെക്സിയാകുന്നത് ഒരു മോശം കാര്യമാണോ?. ഒരു സ്ത്രീ ഭാര്യയും അമ്മയും മാത്രമല്ല അവരും മനുഷ്യരാണ്. സ്ത്രീകൾക്ക് മേധാവിത്വമുള്ള ഒരു കുടുംബത്തിലാണ് ഞാൻ വളർന്നത്. ഇന്ന് കാണുന്ന സ്ത്രീയായി എന്നെ വളർത്തിയത് ആ കുടുംബമാണ്. ആരെങ്കിലും എന്നെ സെക്സി എന്നോ ഹോട്ട് എന്നോ വിശേഷിപ്പിച്ചാൽ ഞാൻ അഭിമാനിക്കുകയേയുള്ളൂ.

ആദ്യമൊക്കെ ആളുകൾ എന്തു ചിന്തിക്കും പറയും എന്ന കാര്യങ്ങളൊക്കെ എന്നെ അലട്ടിയിരുന്നു. എന്നാൽ‌ പ്രായം കൂടുംതോറും ഞാൻ അതിനെയൊക്കെ അവഗണിക്കാൻ പഠിച്ചു. എന്റെ ബില്ലുകളൊന്നും പേ ചെയ്യുന്നത് അവരല്ലല്ലോ?.  പിന്നെന്തിനാണ് മോശം പറയുന്നവർക്ക് ഞാൻ വിശദീകരണങ്ങൾ നൽകുന്നത്. എന്റെ ചുറ്റും നീർക്കുമിളകൾ സൃഷ്ടിച്ചല്ല ഞാൻ നെഗറ്റീവുകളെ പഠിക്കു പുറത്തു നിർത്തിയത്. മറിച്ച് അത്തരം ശബ്ദങ്ങളെ അകറ്റി നിർത്താനാണ് ‍ഞാൻ ശ്രമിച്ചത്.

പുതിയ കാര്യങ്ങളെന്തെങ്കിലും പരീക്ഷിക്കണമെങ്കിൽ പണ്ടൊക്കെ 10 പ്രാവശ്യം ഞാൻ ചിന്തിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാൻ മടിയൊന്നുമില്ല. എന്റെ പ്രായത്തിലുള്ളവർക്കും ജോലി ചെയ്യാൻ നിരവധി അവസരങ്ങൾ ബോളിവുഡിലുണ്ട്. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം.

പ്രായമറിയാതിരിക്കനല്ല വ്യായാമം

ഫിറ്റ്നസ് എന്നത് ഏതു പ്രായത്തിലും പ്രധാനപ്പെട്ട ഒന്നാണ്. കേവലം പ്രായത്തെ തടയിടാനുള്ള ഒരു മാർഗ്ഗമായി അതിനെ കാണരുത്. വ്യായമത്തിലൂടെ നല്ല ഹോർമോൺസ് ശരീരത്തിൽ ഉൽപാദിക്കപ്പെടുകയും അതിലൂടെ മനസ്സിന് സന്തോഷം ലഭിക്കുകയും ചെയ്യും. ജീവിതത്തോടുള്ള സമീപനത്തെയും വൈകാരിക സ്ഥിരതയെയും അത് സ്വാധീനിക്കും. പുറത്തുള്ളവർക്ക് നമ്മുടെ ശരീരത്തിനു പുറമേയുള്ള മാറ്റങ്ങളെ മാത്രമേ കാണാൻ സാധിക്കൂ. നല്ല വ്യായാമം മനസ്സിനെയും ശരീരത്തെയും ഒരുപോലെ സ്വാധീനിക്കും.

കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ വ്യായാമ കാര്യങ്ങളിൽ നല്ലതുപോലെ ശ്രദ്ധിക്കുന്നുണ്ട്. പുലർച്ചെ നേരത്തെ ഉണരാനും വീട്ടിൽ തന്നെ പാകം ചെയ്ത ആഹാരങ്ങൾ കഴിക്കാനും, സമയത്തു തന്നെ ആഹാരം കഴിക്കാനും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. 7 മണിക്ക് മുൻപ് അത്താഴം കഴിക്കാനും നേരത്തെ ഉറങ്ങാനും ഇപ്പോൾ ശ്രമിക്കാറുണ്ട്. ഞാൻ പുകവലിക്കാറില്ല. പാർട്ടികളിലും മറ്റും പങ്കെടുക്കുമ്പോൾ വല്ലപ്പോഴും വൈൻ കഴിക്കാറുണ്ട്.

പ്രണയത്തോടുള്ള സമീപനം 

പ്രണയത്തോടുള്ള എന്റെ മനോഭാവത്തിൽ തന്നെ നല്ല മാറ്റം വന്നിട്ടുണ്ട്. വിവാഹമോചിത എന്ന അവസ്ഥയിൽ നിന്ന് പുതിയൊരു പ്രണയത്തിലേക്ക് കടക്കുക എന്നത് വളരെ പ്രയാസമായിരുന്നു. മുറിവുകളിൽ നിന്ന് സ്വയം സംരക്ഷിക്കണമായിരുന്നു. അത്തരം പ്രശ്നങ്ങളിൽ നിന്നൊക്കെ കരകയറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പുതിയ ഒരു ഞാൻ ആയതുകൊണ്ടാണ് എന്നെക്കൊണ്ട് അതൊക്കെ സാധ്യമായത്.

ഒരു ബന്ധത്തിൽ പ്രണയവും, അടുപ്പവും, പരിപാലനവും എല്ലാം വേണം. ഇപ്പോഴുള്ള എന്റെ പ്രണയത്തിൽ അതെല്ലാമുണ്ട് എന്നതിൽ എനിക്കൊരുപാടു സന്തോഷമുണ്ട്. ഈ ബന്ധത്തിൽ ആയിരിക്കുന്നതു തന്നെ സുന്ദരമാണ്.

സിംഗിൾ ആയിരിക്കുന്നതിൽ സന്തോഷിക്കുന്ന ഒരുപാടു സ്ത്രീകളുണ്ട്. പക്ഷേ ജീവിതത്തിൽ പ്രണയം വീണ്ടും വേണമെന്നാഗ്രഹിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. പേടിക്കരുത്. പുറത്തിറങ്ങി പ്രണയം കണ്ടെത്തണം. പ്രണയം മനോഹരമായ ഒരു അവസ്ഥയാണ്. പ്രണയത്തെ വിട്ടുകളയരുത്. പ്രണയത്തിന് തീർച്ചയായും ഒരു സെക്കൻറ് ചാൻസ് നൽകണം. ചിലപ്പോൾ മൂന്നോ നാലോ അഞ്ചോ അവസരങ്ങൾ നൽകണം. പ്രണയം വർക്കൗട്ട് ആകുന്നതുവരെ അവസരങ്ങൾ നൽകിക്കൊണ്ടേയിരിക്കണം. പ്രണയത്തിന് പ്രായമില്ല. ഞാൻ പറയുന്നത് വിശ്വസിക്കണം.

അർജ്ജുനുമായുള്ള പ്രണയം

വിവാഹബന്ധം അവസാനിച്ചപ്പോൾ ഇനിയൊരു ബന്ധം ജീവിതത്തിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ എനിക്കൊരുറപ്പുമില്ലായിരുന്നു. വീണ്ടും ഹൃദയം തകർക്കുന്ന അനുഭവങ്ങളുണ്ടാകുമോയെന്നു ഞാൻ ഭയന്നിരുന്നു. പക്ഷേ എന്റെ ഹൃദയം പ്രണയവും പരിഗണനയും ആഗ്രഹിച്ചിരുന്നു. ഈ ബന്ധം എനിക്ക് ആത്മവിശ്വാസം നൽകി ആശങ്കകളിൽ നിന്ന് പുറത്തു കടന്ന് പ്രണയത്തിന് ഒരവസരം കൂടി നൽകാൻ എന്നെ പ്രേരിപ്പിച്ചു. ആ തീരുമാനത്തിൽ ഞാൻ സന്തോഷവതിയാണ്.

പ്രായ വ്യത്യാസം ഒരു പ്രശ്നമല്ലേ?

പ്രണയത്തിൽ പ്രായം ഒരു പ്രശ്നമാണെന്നു തോന്നിയിട്ടില്ല. രണ്ടു മനസ്സും രണ്ടു ഹൃദയങ്ങളും തമ്മിൽ യോജിക്കുകയാണവിടെ. നിർഭാഗ്യവശാൽ കാലത്തിനൊത്ത് ചിന്തകളിൽ മാറ്റം വരാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ പ്രായക്കൂടുതലുള്ള ഒരു പുരുഷന് പ്രായക്കുറവുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്യാം. പക്ഷേ പങ്കാളികളിൽ സ്ത്രീയ്ക്കാണ് പ്രായക്കൂടുതലെങ്കിൽ അവരെ പല മോശം പേരുകളിലാണ് വിശേഷിപ്പിക്കുക.

മകന്റെ പ്രതികരണം

ഏതു വിഷയത്തെയും സത്യസന്ധതയോടെ സമീപിക്കുന്നതിലാണ് എനിക്ക് വിശ്വാസം. എന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് എന്റെ പ്രിയപ്പെട്ടവർ അറിയണം. ഞാൻ എല്ലാം അവരോടു പറയുകയും അത് ഉൾക്കൊള്ളാനുള്ള സമയം കൊടുക്കുകയും ചെയ്തു. ഇപ്പോൾ എന്റെ തീരുമാനത്തിൽ എന്നേക്കാൾ സന്തോഷത്തിലാണ് എന്റെ കുടുംബം.

വിവാഹ തീയതിയെക്കുറിച്ചുള്ള ചോദ്യത്തിന് താൻ മറുപടി തരില്ലെന്നും അത് വ്യക്തിപരമാണെന്നുമായിരുന്നു മലൈകയുടെ ഉത്തരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com