ADVERTISEMENT

ഒരാളെ എത്രവട്ടം പ്രണയിക്കാൻ പറ്റും. അതും ഒരിക്കൽ പ്രണയിച്ചു വേണ്ട എന്നു വച്ച ഒരാളെ. ജീവിതം കാത്തുവച്ച യാദൃച്ഛികതയെക്കുറിച്ചും ഒരിക്കൽ കൈവിട്ടു പോയ പ്രണയത്തെ വീണ്ടെടുത്ത നിമിഷത്തെക്കുറിച്ചും ഹൃദയത്തിൽ തൊട്ടൊരു കുറിപ്പെഴുതിയിരിക്കുകയാണ് മുംബൈ സ്വദേശിനിയായ ഒരു യുവതി. ഒരിക്കൽ നഷ്ടപ്പെട്ടു പോയി എന്നുറപ്പിച്ച തന്റെ കൗമാരപ്രണയത്തെ വീണ്ടെടുത്തുകൊണ്ട് ജീവിതം തനിക്കു തന്ന സെക്കന്റ് ചാൻസിനെക്കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് യുവതി വിവരിക്കുന്നത്.

'' കുട്ടിക്കാലം മുതലേ എനിക്കവനെ അറിയാം. നാട്ടിൽ നടന്ന ഒരു പരിപാടിയിൽ വച്ചാണ് പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. അന്നെനിക്ക് 13 വയസ്സ്. അവന് 17 ഉം. അന്ന് ഏറെ നേരമെടുത്ത് ഞാൻ ഭംഗിയായി അണിഞ്ഞൊരുങ്ങുമായിരുന്നു. അവനെ കാണാൻ അല്ലെങ്കിൽത്തന്നെ നല്ല ഭംഗിയുണ്ട്. ആ ഫങ്ഷൻ നടന്ന രാത്രി മുഴുവൻ അവൻ എന്നിൽ നിന്ന് കണ്ണെടുത്തതേയില്ല. ഞാനും അങ്ങനെ തന്നെ അവനെ നോക്കിക്കൊണ്ടേയിരുന്നു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഞങ്ങളുടെ വീടിനടുത്തുള്ള ഒരിടത്ത് ഒരു ബഞ്ചിൽ ഇരിക്കുമ്പോഴാണ് ആദ്യം അവനെന്നോട് ആ ചോദ്യം ചോദിച്ചത്.' നിനക്കെന്റെ ഗേൾഫ്രണ്ട് ആകാമോ?'. എന്ന്. ഞാൻ ‍ഞെട്ടിപ്പോയി. എനിക്കവനെ ഇഷ്ടമായിരുന്നെങ്കിലും എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. 'നാളെ സ്കൂളിൽ നിന്നു വരുമ്പോൾ ഞാൻ മറുപടി പറയാം'. എന്ന് ഞാൻ അവനോട് പറഞ്ഞു. അടുത്ത ദിവസം തന്നെ അവന്റെയടുത്തേക്ക് എന്റെ ഇളയ സഹോദരനെ ഞാൻ പറഞ്ഞയച്ചു. ' ഫ്രിയയുടെ മറുപടി യെസ് എന്നാണ്' എന്ന് അവനെക്കൊണ്ടു പറയിപ്പിച്ചു.

പിന്നെയുള്ള ജീവിതം ഫെയറിടെയിലിനേക്കാൾ മനോഹരമായിരുന്നു. എല്ലാ ദിവസവും സ്കൂളിൽ നിന്നു മടങ്ങി വരുമ്പോൾ ഞാൻ ഉറക്കെ വിസിലടിക്കും. അതുകേട്ട് അവൻ ജനാലയ്ക്കരികിൽ വരും. പരസ്പരം കണ്ണുനിറയെ കണ്ടുകൊണ്ട് മണിക്കൂറുകളോളം ഞങ്ങൾ സംസാരിച്ചുകൊണ്ടു നിൽക്കും. അന്നൊന്നും ആരും, ഒന്നും ഞങ്ങൾക്കൊരു പ്രശ്നമേ അല്ലായിരുന്നു. ഞങ്ങൾ കോളജിൽ പോകുന്നതു വരെ എല്ലാം ഒക്കെ ആയിരുന്നു. കോളജിൽ എനിക്കൊരുപാടു സുഹൃത്തുക്കളെ കിട്ടി. ഞങ്ങളുടെ സമയം ഒരുപാടു പേർക്കായി വീതിക്കപ്പെട്ടു. അവനും നിറയെ സൗഹൃദങ്ങളുണ്ടായി. ഞങ്ങളുടെ ചെറിയ ലോകത്തിൽ നിന്ന് എങ്ങനെയോ ഞങ്ങൾ പുറത്തു കടന്നു. ഞങ്ങൾക്ക് വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങി. ചോദ്യങ്ങളും കുറ്റപ്പെടുത്തലുമായി പരസ്പരം ബുദ്ധിമുട്ടിച്ചൊടുവിൽ ഞങ്ങൾ പരസ്പരം പിരിയാൻ തീരുമാനിച്ചു. 

ഒരു വർഷത്തിനകം ‍‍ഞങ്ങൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. ഇരുവരും വേറെ വേറെ പ്രണയം കണ്ടെത്തി. പക്ഷേ അധികം വൈകാതെ ആ പ്രണയബന്ധങ്ങളും തകർന്നു. ഏകദേശം ആ സമയത്താണ്. പ്രണയിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ ഇരുന്നുകൊണ്ടിരുന്ന ബെഞ്ചിൽ ഹനോസ് ഇരിക്കുന്നത് ഞാൻ കണ്ടത്. അവന്റെയൊപ്പം അവന്റെ വളർത്തു നായയായ ലിയോയും ഉണ്ടായിരുന്നു. ഓടിച്ചെന്ന് അവന്റെയരുകിൽ ഇരിക്കാൻ എന്റെ മനസ്സ് കൊതിച്ചു. അപ്പോഴേക്കും ഞങ്ങളുടെ പ്രണയം തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു.

എന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത വന്ന നിമിഷത്തിലാണ് 'മിസ്സ് യൂ' എന്ന അവന്റെ സന്ദേശം എന്റെ ഫോണിലേക്ക് വന്നത്. അത് വളരെ യാദൃച്ഛികമായി എനിക്കു തോന്നി. അവന്റെയരുകിൽ ചെന്നിരുന്ന എന്നോട് അവൻ പറഞ്ഞു. ' ഇനിയൊരിക്കൽക്കൂടി നിന്നെ ഞാൻ നഷ്ടപ്പെടുത്തില്ല.''. എന്റെ മനസ്സിൽ അവനോട് അപ്പോഴും പ്രണയമുണ്ടായിരുന്നെങ്കിലും. ചരിത്രം ആവർത്തിക്കപ്പെടുമോയെന്ന ഭയത്താൽ പ്രണയത്തിലേക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്ന മറുപടിയാണ് ഞാനവന് നൽകിയത്.

പക്ഷേ മനസ്സിനെ പിന്തിരിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ‍ഞങ്ങൾ വീണ്ടും വീണ്ടും കണ്ടുമുട്ടിക്കൊണ്ടിരുന്നു. കാലം ഞങ്ങളുടെ മനസ്സിനെയും പെരുമാറ്റത്തെയും കൂടുതൽ പക്വതയുള്ളതാക്കി. ഇപ്പോൾ ഞങ്ങൾ പഴയ കുട്ടികളല്ല. കൗമാരപ്രണയത്തിൽ ഞങ്ങൾക്കിടയിലുണ്ടായ പ്രശ്നങ്ങളൊന്നും പ്രശ്നങ്ങളേയല്ലെന്ന് ‍ഞങ്ങൾ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ അനിവാര്യമായത് സംഭവിച്ചു. വീണ്ടും ഒരുമിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

വീണ്ടും പ്രണയിച്ചു തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിട്ടു. അതിനു ശേഷം 4 മാസം കൂടി കഴിഞ്ഞപ്പോൾ ഞങ്ങൾ വിവാഹിതരായി. അവനോടൊപ്പമുള്ള ഓരോ ദിവസവും എനിക്ക് സ്പെഷലാണ്. അവൻ എനിക്കുള്ളതായിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അവനെ എനിക്കു നഷ്ടപ്പെട്ടെങ്കിലും ഞാൻ ഭാഗ്യമുള്ള ഒരു പെൺകുട്ടിയാണ്. കാരണം അവന്റെ പ്രണയമനുഭവിക്കാൻ എനിക്കൊരു സെക്കന്റ് ചാൻസ് കിട്ടി. ഇനിയൊരിക്കലും അവനെ ഞാൻ വിട്ടുകളയില്ല''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com