ADVERTISEMENT

മരുമകളോടുള്ള ഇഷ്ടത്തെക്കുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചും വെളിപ്പെടുത്തി തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ അമ്മ ഗീതാ പുഷ്കരൻ എഴുതിയ ഫെയ്സ്ബുക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. സ്വന്തം ഇഷ്ടങ്ങൾ മറന്ന് ജീവിതം തള്ളിനീക്കുന്ന സ്ത്രീകളിൽ നിന്ന് വ്യത്യസ്തയായി ഇഷ്ടമുള്ള കാര്യങ്ങൾ ഭംഗിയായി, വൃത്തിയായി ചെയ്യുന്ന സ്ത്രീയായതുകൊണ്ടാണ് മരുമകളെ ഏറെയിഷ്ടമെന്ന് ഗീത പുഷ്കരൻ കുറിക്കുന്നു.

അഭിനേത്രി, നർത്തകി, അസിസ്റ്റന്റ് ഡയറക്ടർ എന്നിങ്ങനെ ഒരുപാടു വിശേഷണങ്ങൾ സ്വന്തമാക്കിയ ഉണ്ണിമായയെക്കുറിച്ചാണ് ഗീതാ പുഷ്കരന്റെ കുറിപ്പ്. സ്വകാര്യയിഷ്ടങ്ങളെയും നിലപാടുകളെയും അഭിരുചികളെയും കണ്ടെത്തി പരിപോഷിപ്പിക്കുന്ന മരുമകളെ അഭിനന്ദിച്ചുകൊണ്ടുള്ള ഗീതയുടെ കുറിപ്പ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

മഹേഷിന്റെ പ്രതികാരം, പറവ, മായാനദി, വൈറസ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിമായ തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം, മായാനദി എന്ന ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.

ഗീതാ പുഷ്കരന്റെ ഫെയ്സ്ബുക് കുറിപ്പിങ്ങനെ:-

''കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്?

എന്നോടു തന്നെയാ ചോദ്യം ..

ആ... ആർക്കറിയാം..

കഞ്ഞീം കറീം വച്ചു കളിച്ചു.

കെട്ടിയോനുമായി വഴക്കുണ്ടാക്കി.

മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.

ഇൻലാൻഡും കവറും വിറ്റു.

വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.

വേറെ എന്താ ചെയ്തിരുന്നേ..

ഒന്നുല്ല അല്ലേ...

അതുകൊണ്ടാ എനിക്കെന്റെ മരുമോളെ

പെരുത്തിഷ്ടം.

അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത്

വൃത്തിയായി,ഭംഗിയായി ചെയ്യുന്നു.

ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.

അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ 

അഭിരുചികളെ അവൾ കണ്ടെത്തി

പരിപോഷിപ്പിക്കുന്നു.

അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്.

അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന

ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ

നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു

സഹിച്ചു്, ഒരു പാട്ടു പോലും മൂളാതെ

ഒരു യാത്ര പോകാതെ

പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ

ഒരു ഐസ് ക്രീം പോലും കഴിക്കാതെ

ഒരു ചാറ്റൽമഴ പോലും നനയാതെ

ആകാശവും ഭൂമിയും മേഘങ്ങളും പുഴയും

കാണാതെ

ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ

ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം

ഏതെന്നു പോലും കണ്ടെത്താനാവാതെ

ഒരു നിലാവുള്ള രാവു പോലും കാണാതെ

കാടും കടലും തിരിച്ചറിയാതെ

ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം''..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com