ADVERTISEMENT

മുംബൈ നഗരത്തില്‍ വാഷിയിലാണ് ഫിസിയൊതെറാപിസ്റ്റ് ഡോ. റീമ ലെവിസ് എന്ന 38 വയസ്സുകാരിയുടെ വീട്.  ബെംഗളുരുവില്‍ ജനിച്ച് വളര്‍ന്ന് വിവാഹത്തോടെ മുംബൈയിലെത്തിയ റീമ ആരോഗ്യത്തിലേക്കുള്ള പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്ത് മാതൃകയാകുമാകുന്നു. സ്വന്തം വീടിനെ ഗ്രീന്‍ ഹൗസ് ആക്കിയതിലൂടെ പ്രകൃതിസൗഹൃദമാകുക മാത്രമല്ല ചെയ്തിരിക്കുന്നത്, വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വലിയൊരു തുക ലാഭിച്ച് പുത്തന്‍ മാതൃകയുമാകുന്നു. 

2010-ല്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് റീമയും ഭര്‍ത്താവും പുതിയ വീട് വാങ്ങുന്നത്. ജനിക്കാനിരിക്കുന്ന മകന് സമ്മാനമായി വീടിനെ ഗ്രീന്‍ ഹൗസ് ആക്കാന്‍ അന്നേ ജോലി തുടങ്ങി. സോളര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുന്ന തായിരുന്നു ആദ്യത്തെ പടി. നാലു വര്‍ഷം മുമ്പ് സോളര്‍ പിവി പാനലുകള്‍ സ്ഥാപിച്ച് വീട്ടിലെ എല്ലാ ആവശ്യത്തിനുമുള്ള ഊര്‍ജം സൗരോര്‍ജത്തില്‍നിന്നാക്കി. 

സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിനുമുമ്പ് വൈദ്യുതി ചാര്‍ജ് 10,000  രൂപയായിരുന്നു. വേനല്‍ക്കാലത്ത് ഈ പരിധി കടന്നും കുതിക്കുമായിരുന്നു. പക്ഷേ, സോളര്‍ പാനല്‍ സ്ഥാപിച്ചതോടെ ഭീമമായ വൈദ്യുതി ചാര്‍ജില്‍നിന്നു മോചനം ലഭിച്ചു. ഇപ്പോള്‍ ശരാശരി 1000 രൂപയാണ് വൈദ്യുതി ചാര്‍ജ്. ചില മാസങ്ങളില്‍ സ്ഥിരം തുകയായ 300 രൂപ മാത്രവും. കാര്‍മേഘങ്ങളില്ലാതെ നിറയെ സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളില്‍ സൗരോര്‍ജത്തെ മാത്രം ആശ്രയിച്ച് എല്ലാ കാര്യങ്ങളും നടത്താം. എല്ലാറ്റിനും കൂടി ചെലവായത് രണ്ടര ലക്ഷം രൂപ. രണ്ടുവര്‍ഷത്തെ വൈദ്യുതി ചാര്‍ജ്. പക്ഷേ, അതിലൂടെ ഒരു ജീവിതകാലത്തേക്കുള്ള വൈദ്യുത ആവശ്യം നിറവേറ്റാന്‍ കഴിയുന്നു എന്നതാണ് ഗുണം. 

പെട്രോള്‍ വാഹനം ഉപേക്ഷിച്ച് റീമ ഇലക്ട്രിക് കാറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നേരത്തേ ഒന്‍പതിനായിരം രൂപയോളം മാസം പെട്രോളിനു ചെലവാക്കിയ റീമയ്ക്ക് ഇപ്പോള്‍ 500 രൂപയില്‍ താഴെ മാത്രം മതി വാഹനം ഓടിക്കാന്‍. ഒരു ഇരുചക്ര വാഹനവും റീമയ്ക്കുണ്ട്. ആറു മണിക്കൂര്‍കൊണ്ട് 100 ശതമാനം ചാര്‍ജ് ആകും. നൂറു മണിക്കൂറിലേറെ വാഹനം ഓടിക്കാനുമാകും. 

ടെറസില്‍ വലിയൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമുണ്ട്. മാലിന്യം ജൈവവളമാക്കിയാണ് ചെടികളും മരങ്ങളും പച്ചക്കറിയും വളര്‍ത്തുന്നത്.പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വീട്ടില്‍ വന്നു ശേഖരിക്കുന്ന സംഘങ്ങളിലൂടെ കൈമാറും. 

വീട് ഗ്രീൻ ഹൗസ് ആക്കുക എന്നു കേട്ടാല്‍ സമയം വേണ്ടിവരുന്ന പ്രവൃത്തിയാണെന്നാണ് എല്ലാവരും കരുതുന്നത്. വീട്ടമ്മയും ഫിസിയൊതെറാപിസ്റ്റും സംരംഭകയുമായി ജോലി ചെയ്യുന്നതിനൊപ്പം പ്രകൃതി സൗഹൃദമാകാന്‍ റീമയ്ക്ക് ദിവസം 10 മിനിറ്റ് മാത്രം മതി. ഗ്രാമങ്ങള്‍ പോലും നഗരങ്ങളായിക്കൊണ്ടിരിക്കുന്ന കാലത്ത് ഡോ.റീമയുടെ ജീവിതം ഒരു സന്ദേശമാണ്. പ്രകൃതിയോട് ഒത്തിണങ്ങി, ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ലളിതമായ സന്ദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com