ADVERTISEMENT

ഉത്തർ പ്രദേശ് ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകളുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതര സമുദായത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച തന്റെ ജീവനു ഭീഷണിയുണ്ടെന്നും അച്ഛനും ഗുണ്ടകളും ചേർന്ന് തന്നെയും ഭർത്താവിനെയും ഭർതൃ വീട്ടുകാരെയും അപകടപ്പെടുത്തുമെന്നായിരുന്നു പെൺകുട്ടി വിഡിയോയിൽ പറഞ്ഞിരുന്നത്. അച്ഛനെയും സഹോദരനെയും അഭിസംബോധന ചെയ്തുകൊണ്ടും അവരിൽ നിന്ന് രക്ഷിക്കണമെന്ന് നിയമപാലകരോട് അപേക്ഷിച്ചുകൊണ്ടുമായിരുന്നു ആ ദൃശ്യങ്ങൾ അവസാനിച്ചത്.

മകൾ സാക്ഷി മിശ്രയുടെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയ എംഎൽഎയ്ക്കു പറയാനുണ്ടായിരുന്നത് മറ്റു ചില കാര്യങ്ങളായിരുന്നു. മകൾ ദലിത് യുവാവിനെ വിവാഹം കഴിച്ചതല്ല തന്റെ പ്രശ്നമെന്നും അവർ തമ്മിലുള്ള പ്രായവ്യത്യാസമാണ് ഒരച്ഛനെന്ന നിലയിൽ തന്നെ അലട്ടുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അവർ തമ്മിൽ 9 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ' ഒരച്ഛനെന്ന നിലയിൽ മകളുടെ ഭാവിയെക്കുറിച്ചോർക്കുമ്പോൾ ആശങ്കയുണ്ട്. അവർ വീട്ടിലേക്ക് തിരികെ വരണമെന്നാണ് എന്റെ ആഗ്രഹം'- അദ്ദേഹം പറയുന്നു.മകൾ പ്രായപൂർത്തിയായ വ്യക്തിയായതിനാൽ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടെന്ന് എഴുതി നൽകാനും അദ്ദേഹം മടിച്ചില്ല.

മകൾ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ :- 

' പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഇക്കാര്യത്തെക്കുറിച്ച് മകളോടൊന്നും സംസാരിച്ചിട്ടില്ല. ആരോപണങ്ങളെല്ലാം കളവാണ്'. 

സംഭവങ്ങളുടെ തുടക്കമിങ്ങനെ :- 

സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് സാക്ഷി  എംഎൽഎ ആയ അച്ഛനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

വിഡിയോയിൽ പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് വിശേഷിപ്പിക്കുന്നത്. ‘ബഹുമാനപ്പെട്ട പാപ്പു, വിക്കി.. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം. ഞാൻ ശരിക്കും വിവാഹിതയാണ്. സിന്ദൂരം ഫാഷനുവേണ്ടി അണിഞ്ഞിരിക്കുന്നതല്ല. പപ്പാ, രാജീവ് റാണയെപ്പോലെ നിങ്ങൾ നിങ്ങളുടെ ഗുണ്ടകളെ എനിക്ക് പിന്നാലെ അയച്ചു. ഒളിച്ചിരുന്നത് ഞാനും ഭർത്താവ് അജിതേഷ് കുമാറും മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം. സുരക്ഷിതയും സന്തോഷവതിയും ആയിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ – സാക്ഷി വിഡിയോയിൽ പറയുന്നു.

എനിക്കോ ഭർത്താവിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ എന്റെ പിതാവും വിക്കിയുമായിരിക്കും ഉത്തരവാദികൾ. എന്റെ പിതാവിനെ സഹായിക്കുന്നവർ ദയവുചെയ്ത് അത് അവസാനിപ്പിക്കണം. അദ്ദേഹം കാരണം ഞങ്ങളുടെ ജീവൻ അപകടത്തിലാണ്'.

 തങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നും രക്ഷിക്കണമെന്നും അവർ പൊലീസിനോടും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സാക്ഷി മിശ്ര ദലിതനായ അജിതേഷ് കുമാറിനെ വിവാഹം ചെയ്തത്.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും സാക്ഷിക്കും ഭർത്താവിനും വേണ്ട സുരക്ഷ നൽകുമെന്ന് നിയമപാലകർ ഉറപ്പു നൽകുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com