sections
MORE

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ; ദമ്പതികൾ വേറെ ലെവലാണ്

couple recycle plastic waste into bus shelters
പ്രതീകാത്മക ചിത്രം
SHARE

തിരക്കേറിയ ടൗണില്‍, റോഡിലെ തിരക്ക് ഒഴിവാക്കാന്‍, കച്ചവടക്കാര്‍ക്കുവേണ്ടി കിയോസ്കുകള്‍ ( പൊതു സ്ഥലങ്ങളിലും,മാളുകളിലും മറ്റും, പത്രങ്ങള്‍ , ടിക്കറ്റുകള്‍,പരസ്യങ്ങള്‍ എന്നിവ തുറസ്സായി പ്രദര്‍ശിപ്പിക്കാനും വിൽക്കുവാനുമള്ള ചെറിയ ബൂത്തുകൾ) നിര്‍മിക്കുന്നത് പുതുമയൊന്നുമല്ല. പക്ഷേ, ആന്ധ്രാപ്രദേശിലെ സിര്‍സില്ലയില്‍ കഴിഞ്ഞമാസം അവസാനം ഉദ്ഘാടനം ചെയ്ത 8 കിയോസ്കുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവ നിര്‍മിച്ചിരിക്കുന്നത് പുനഃസംസ്കരിച്ച പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നു നിര്‍മിച്ച ബോര്‍ഡുകള്‍ കൊണ്ടാണ്. 

സമൂഹത്തിനു നേരിടേണ്ടിവന്ന വലിയ ഒരു ഭീഷണിയെ ജനങ്ങള്‍ക്ക് ഉപകരിക്കുന്ന, മാതൃകയാക്കാവുന്ന പദ്ധതിയായി പരിവര്‍ത്തിപ്പിച്ചതിന്റെ മികച്ച ഉദാഹരണം. ടൗണില്‍ പല  ഭാഗത്തായി 55 പുതിയ കിയോസ്കുകള്‍ കൂടി വരാനിരിക്കുന്നു. 22,000 കിലോ പ്ലാസ്റ്റിക് പുനഃസംസ്കരിച്ചാണ് ബോര്‍ഡുകള്‍ ഉണ്ടാക്കി അവ കിയോസ്കുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചത്. അടുത്തതായി സിദ്ദാപെട്ട് ടൗണിലും ഇത്തരം പുതിയ കിയോസ്കുകള്‍ ഉദ്ഘാടനം ചെയ്യും. ഈ നൂതന പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഹൈദരാബാദ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ പ്രശാന്ത് ലിംഗവും ഭാര്യ അരുണയുമാണ്. മുള കൊണ്ടുള്ള വീടു നിര്‍മാണമായിരുന്നു ദമ്പതികളുടെ ആദ്യത്തെ പരീക്ഷണം. ഉപയോഗം കഴിഞ്ഞ ടയറുകളും ബോട്ടിലുകളുമൊക്കെ ഉപയോഗിച്ചുള്ള നിര്‍മാണത്തിലും അവര്‍  കൈവച്ചു. 

ഉപ്പലില്‍ സ്വരൂപ് നഗറിലെ പ്രശാന്തിന്റെയും അരുണയുടെയും ഓഫിസ് സന്ദര്‍ശിച്ചാല്‍ തന്നെ ദമ്പതികളുടെ ബദല്‍ നിര്‍മാണ മാര്‍ഗങ്ങളെക്കുറിച്ചും പ്ലാസ്റ്റിക് പുനഃസംസ്കരണത്തെക്കുറിച്ചുമെല്ലാം അറിയാം. ഓഫിസിന്റെ ഒരു ഭാഗം മുള കൊണ്ടാണ് നിര്‍മിച്ചത്. ടേബിളും കസേരകളുമെല്ലാം പ്ലാസ്റ്റിക് പുനരുപയോഗിച്ചതും. കട്ടിയുള്ള പ്ലാസ്റ്റിക് മുതല്‍ പാല്‍ക്കവറുകള്‍ വരെ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. റബറില്‍നിന്നു നിര്‍മിച്ച സാമഗ്രികളും ഓഫിസിലുണ്ട്., ഇവയെല്ലാം ഒറ്റനോട്ടത്തിലോ ഉപയോഗത്തിലോ ഏതു സാധനങ്ങള്‍കൊണ്ടാണ് നിര്‍മിച്ചതെന്നു തിരിച്ചറിയാന്‍ കഴിയാത്തതും കാഴ്ചയ്ക്കു മനോഹരവും ഈടുനില്‍ക്കുന്നതുമാണ്. ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന സാധനങ്ങളേക്കാള്‍ ഗുണമേന്‍മ കൂടിയത്. 

1093330826
പ്രതീകാത്മക ചിത്രം

ആറു വര്‍ഷം മുമ്പ് പ്രശാന്തിന്റെയും അരുണയുടെയും നൂതന സംരംഭം ഗ്രേറ്റര്‍ ഹൈദരാബദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹികതലത്തില്‍ ബദല്‍ പരീക്ഷണത്തിന് അംഗീകാരം കിട്ടിയത്. ശില്‍പരാമം, സ്വരൂപ് നഗര്‍ എന്നിവടങ്ങളില്‍ ബസ് ഷെല്‍റ്ററുകള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. അതു ശ്രദ്ധിക്കപ്പെടുകയും അംഗീകാരം നേടുകയും െചയ്തതോടെ പുതിയ പദ്ധതികളുടെ വരവായി. ഇപ്പോള്‍ ഗുജറാത്തില്‍ ഒരു ഫാക്ടറിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് പുനരുപയോഗിച്ചാണ് തങ്ങള്‍ക്കുവേണ്ട അളവുകളില്‍ ബോര്‍ഡുകളും മറ്റും പ്രശാന്ത് നിര്‍മിച്ചെടുക്കുന്നത്. 

എത്ര പ്ലാസ്റ്റിക് കിട്ടിയാലും അവ ഉപയോഗപ്രദമാക്കാനാകുമെങ്കിലും വീടുകളിലും ഓഫിസുകളിലും പ്ലാസ്റ്റിക് വേര്‍തിരിക്കുന്നില്ല എന്നതാണ് ഇപ്പോള്‍ ദമ്പതികള്‍ നേരിടുന്ന വലിയ പ്രശ്നം. ചിപ്സിന്റെയും മറ്റും പാക്കറ്റുകള്‍ ഒരു ലെയര്‍ മാത്രമുള്ള പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കസേരകളും ബക്കറ്റുകളും മറ്റും പല ലെയര്‍ പ്ലാസ്റ്റിക് ഉപയോഗിച്ചും. ഇവ രണ്ടും വേര്‍തിരിച്ചുകിട്ടിയാലേ അവയുടെ പുനുരുപയോഗവും എളുപ്പമാകുകയുള്ളൂ. ഇതേക്കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്താനാണ് ഇപ്പോള്‍ പ്രശാന്തിന്റെ പുതിയ പുദ്ധതി. ഇതിനായി സ്കൂളുകളിലും കോളജുകളും ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും ദമ്പതികള്‍ ഒരുങ്ങുകയാണ്. 

1015658552
പ്രതാകാത്മക ചിത്രം

മീയാപ്പൂര്‍ എന്ന സ്ഥലത്ത് പ്രശാന്തും അരുണയും നിര്‍മിച്ച ബസ് വെയ്റ്റിങ് ഷെഡിന്റെ വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളിലും വരികയും ലോകപ്രശസ്ത സംഘടനകള്‍ അന്വേഷണവുമായി എത്തുകയും ചെയ്തു. അവര്‍ക്കു വേണ്ടത് സാങ്കേതിക വിദ്യയാണ്. പക്ഷേ, സാങ്കേതിക വിദ്യ കൂടിയ വിലയ്ക്ക് വിറ്റ് അടങ്ങിയൊതുങ്ങിക്കഴിയാന്‍ ഈ ദമ്പതികള്‍ ഒരുക്കമല്ല. പകരം സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. 

പാര്‍ക്കുകളില നടപ്പാതകളിലും മറ്റും പാകിയ ഇന്റര്‍ലോക്ക് ടൈലുകള്‍ പോലും പ്രശാന്ത് പ്ലാസ്റ്റിക് മാലിന്യം കൊണ്ടു നിര്‍മിച്ചിട്ടുണ്ട്. കാഴ്ചയ്ക്കു മനോഹരവും ഉറപ്പില്‍ വിട്ടുവീഴ്ചയില്ലാത്തതും ഗുണമേന്‍മയുള്ളതുമായ ഉല്‍പന്നങ്ങള്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA