ADVERTISEMENT

അമ്മയും മോളും തമ്മിലുള്ള ഗുസ്തി രാവിലെ തുടങ്ങിയോ? പലവീടുകളും ഈ തമാശചോദ്യമുയരുമ്പോൾ ഇടുക്കിയിലെ വീട്ടിലിരുന്ന് അമ്മ ജിൻസിയും മകൾ ആൻസ്‌ലറ്റും കാര്യമായി ഗുസ്തി തുടങ്ങിയിരിക്കും. ആ ഗുസ്തിപിടുത്തമാണ് ഇരുവരെയും ദേശീയ ചാംപ്യൻമാർ ആക്കിയിരിക്കുന്നത്. പഞ്ചഗുസ്തിയിൽ ദേശീയ ചാംപ്യൻപട്ടം നേടി ഇടുക്കി സ്വദേശി ജിൻസി ജോസിനെക്കുറിച്ചും മകൾ ആൻസലറ്റിനെക്കുറിച്ചുമാണ് പറഞ്ഞു വരുന്നത്.

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടിയാണ് ഇടുക്കി സ്വദേശികളായ അമ്മയും മകളും വാർത്തയിൽ നിറയുന്നത്. ഭൂമിയാംകുളം മുണ്ടനാനിക്കൽ ജിൻസി ജോസും മകൾ ആൻസലറ്റുമാണ്  അപൂർവനേട്ടത്തിന് ഉടമകൾ. തുടർച്ചയായി ആറാം വർഷം  ജിൻസി  ദേശീയ ചാംപ്യൻ പട്ടം നേടിയപ്പോൾ  ആൻസലറ്റ് നാലാം വർഷമാണ് ദേശീയ ചാംപ്യനാകുന്നത്. ആൻസലറ്റിന്റെ വിജയത്തിന് ഇരട്ടി മധുരമുണ്ട്. ജൂനിയർ വിഭാഗത്തിൽ വിവിധ കാറ്റഗറികളിലായി സ്വർണം നേടിയ മറ്റു മത്സരാർഥികളെ പരാജയപ്പെടുത്തി ചാംപ്യൻമാരുടെ ചാംപ്യൻപട്ടവും ആൻസലറ്റ് സ്വന്തമാക്കി. ഛത്തീസ്ഗഡിലെ ഭിലായിയിൽ  ദേശീയ മത്സരത്തിലാണ് ഇവരുടെ മികവേറ്റം.  

സീനിയർ വിഭാഗത്തിലും മാസ്റ്റേഴ്‌സിലും ജിൻസി സ്വർണം നേടിയപ്പോൾ  ജൂനിയർ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡിലും റൈറ്റ് ഹാൻഡിലുമാണ് ആൻസലറ്റിന്റെ സുവർണനേട്ടം.  കേരളത്തിന് ഏറ്റവുമധികം പോയിന്റ് സമ്മാനിച്ചതും ഇവർതന്നെ. ഒക്‌ടോബറിൽ റുമാനിയയിൽ  ലോക പഞ്ചഗുസ്തി മത്സരവേദിയിൽ സുവർണ സാന്നിധ്യമാകണമെന്നതാണു സ്വപ്നം. 

കഴിഞ്ഞ സെപ്റ്റംബർ 5ന് കരിമ്പനു സമീപം വാഹനാപകടത്തിൽ ജിൻസിയുടെ ഭർത്താവ് ജോസിന് ഇരുകാലുകളും നഷ്ടപ്പെട്ടു.  ജോസിന്റെ അപകടവും ചികിത്സയും ഇവരെ വല്ലാതെ തളർത്തി. 

ആ വേദനയെ കണ്ണീർച്ചിരിയാൽ മായ്ക്കുന്നതായി ഈ നേട്ടം. ജോസാണ്  ഇരുവരുടെയും ഗുരു. 3 മക്കളിൽ ഇളയവളായ ആൻസലറ്റ് മുരിക്കാശ്ശേരി പാവനാത്മാ കോളജിൽ ബികോം ഒന്നാംവർഷ വിദ്യാർഥിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com