sections
MORE

തുന്നലുകൾ ഭ്രാന്തമായി വേദനിപ്പിക്കുന്നു; ആരാധകരോടുള്ള വാക്ക് പാലിച്ച് സമീറ റെഡ്ഢി

Sameera Reddy is sharing her postpartum struggles with fans
സമീര റെഡ്ഢി പ്രസവശേഷം പങ്കുവച്ച ചിത്രം, സമീറ പെൺകുഞ്ഞിനൊപ്പം
SHARE

ഗർഭകാലത്തിലെ സന്തോഷങ്ങളും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷങ്ങളും മാത്രമല്ല അതിനു ശേഷമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും ആരാധകരോട് പങ്കുവയ്ക്കാമെന്ന് തെന്നിന്ത്യൻ താരം സമീറ റെഡ്ഢി ആരാധകർക്ക് വാക്കു നൽകിയിരുന്നു. കുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിവസം തന്നെ ആ വാക്ക് പാലിച്ചിരിക്കുകയാണ് സമീര. #imperfectlyperfect ( ഇംപെർഫെക്റ്റ്‌ലി പെർഫെക്റ്റ്) എന്ന ഹാഷ്ടാഗോടെയാണ് സമീര പുതിയ ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്.

പ്രസവ ശസ്ത്രക്രിയ പുതിയ അമ്മമാർക്കുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സമീരയുടെ തുറന്നു പറച്ചിൽ.

'' ഇംപെർഫെക്റ്റ്‌ലി പെർഫെക്റ്റ് (#imperfectlyperfect ) എന്ന ക്യാംപെയിന്റെ ഭാഗമായി പ്രസവശേഷമുള്ള എന്റെ ആരോഗ്യത്തെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാമെന്ന് ഞാൻ വാക്കു നൽകിയിരുന്നു. ആ യാത്ര ഇവിടെ തുടങ്ങുകയാണ്. സിസേറിയനു ശേഷം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകൾ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും തുടർച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കും. വയറിലെ നീരു കുറയാൻ കുറച്ചു ദാവസമെടുക്കും. ഇത് സിസേറിയനു ശേഷം അഞ്ചു ദിവസം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണ്. മകളെ കിട്ടിയതിന്റെ ത്രിൽ തീർച്ചയായും എനിക്കുണ്ട്. പക്ഷേ ഹോർമോൺ മാറ്റങ്ങൾ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം തിരികെ കൊണ്ടുവരുന്നതാണ് ആ വെള്ളിവരകൾ''.

പെൺകുഞ്ഞിന്റെ അമ്മയായ സന്തോഷം പങ്കുവച്ച് നവജാതശിശുവിന്റെ ചിത്രം സമീറ തിങ്കളാഴ്ച പങ്കുവച്ചിരുന്നു. കുഞ്ഞിനെ കൈയിലെടുത്തു നിൽക്കുന്ന ചിത്രത്തിനൊപ്പം സമീറ കുറിച്ചതിങ്ങനെ :-

'' ഈ കുഞ്ഞുപെൺകുട്ടി എനിക്ക് നൽകുന്നത് കാട്ടുകുതിരയുടെ ശക്തിയാണ്. എന്നെ വീണ്ടും കണ്ടെത്താൻ അവളെന്നെ സഹായിച്ചു.അവൾക്കറിയാമായിരുന്നു എന്നെ എനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്. ഇപ്പോൾ അവളാണ് എന്നിലേക്കുള്ള വഴികൾ കാട്ടിത്തരുന്നത്. അമ്മയാകുന്ന സന്തോഷം കണ്ടെത്തി ഞാൻ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ശരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പൊതുധാരണയെ മാറ്റാനും കൂടുതലാളുകളിലേക്കെത്തി ആളുകൾക്ക് അവരവരെക്കുറിച്ചു തന്നെ മതിപ്പു തോന്നിപ്പിക്കാനുമാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. ആളുകളിൽ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ ഒരു പെൺകുഞ്ഞിനു വേണ്ടി പ്രാർഥിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ അനുഗ്രഹീതരായി''.

തന്റെ ആദ്യ പ്രസവം ഒട്ടും എളുപ്പമല്ലായിരുന്നുവെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. '' പ്ലസന്റ് പ്രെവിയ എന്ന അവസ്ഥയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഗർഭകാലത്തിന്റെ ആദ്യത്തെ നാലഞ്ചു മാസങ്ങൾ ബെഡ്റെസ്റ്റിലായിരുന്നു. അതിനു ശേഷം ശരീരഭാരം ക്രമാതീതമായി കൂടാൻ തുടങ്ങി. ഗർഭകാലത്ത് ശരീരത്തിന് സംഭവിച്ച മാറ്റങ്ങളെ പലപ്പോഴും എനിക്കുതന്നെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല. മകൻ ജനിച്ചതിനു ശേഷം ശരീരഭാരം 102 കിലോയായി. 32 കിലോയോളം കൂടിയപ്പോൾ എനിക്കെന്നെത്തന്നെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ആകെക്കൂടെ എല്ലാം കൂടിക്കുഴഞ്ഞ ഒരവസ്ഥയിലായിരുന്നു ഞാൻ''.

2014 ൽ ആയിരുന്നു ബിസിനസ്സ്മാനായ അക്ഷയ്‌വർധയുമായുള്ള സമീറയുടെ വിവാഹം. 2015 ൽ ആണ് ഇരുവരുടെയും ആദ്യത്തെ കുട്ടി ജനിക്കുന്നത്.  അടുത്തിടെ നവജാത ശിശുവിന്റെയും ആദ്യത്തെ കുട്ടിയുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമീറ പറഞ്ഞതിങ്ങനെ :- ' എനിക്കിനിയും വിശ്വസിക്കാനായിട്ടില്ല, എനിക്ക് രണ്ടു കുട്ടികളുണ്ടെന്ന്'.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA