ADVERTISEMENT

സ്ക്രീനിലെ കെമിസ്ട്രി കണ്ട് പലരും താരജോടികളെ ദമ്പതികളായി തെറ്റിദ്ധരിക്കാറുണ്ട്. ആരാധകരുടെ അത്തരംതെറ്റിദ്ധാരണ മൂലം സ്വന്തം ഭർത്താവിന്റെ കൂടെ പുറത്തു പോകുമ്പോൾ നേരിടേണ്ടി വരുന്ന വിചിത്രമായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഒരു ഭാര്യ. ഭാര്യയുടെ പേര് ഗൗതമി. സിനിമ–സീരിയൽ താരമായ രാം കപൂറിന്റെ ഭാര്യ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗൗതമിയുടെ വെളിപ്പെടുത്തൽ.

'' 'ബഡേ അച്ഛേ ലഗ്തേ ഹെയ്ൻ' എന്ന സീരിയലിൽ രാം കുമാറിനൊപ്പം അഭിനയിക്കുന്ന സാക്ഷി തൻവാർ ആണ് അദ്ദേഹത്തിന്റെ യഥാർഥ ഭാര്യയെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.  മുൻപൊക്കെ കുടുംബത്തോടൊപ്പം വിദേശരാജ്യങ്ങളിലേക്ക് യാത്രകൾ പോകുമ്പോൾ ആളുകൾ വിചിത്രജീവിയെപ്പോലെ എന്നെ നോക്കും. സാക്ഷിക്കു പകരം രാംകപൂറിനൊപ്പമുള്ളതാരാണ് എന്നായിരിക്കും അപ്പോൾ അവരുടെ ചിന്ത. ഇപ്പോൾ ഞാൻ നന്ദി പറയുന്നത് സമൂഹമാധ്യമങ്ങൾക്കാണ്. കാരണം സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തിന്റെ യഥാർഥ ഭാര്യ ഞാനാണെന്ന് ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്''.

ഭർത്താവിന്റെ ആരാധകരായ സ്ത്രീകളെക്കുറിച്ചും ഗൗതമിക്ക് ഏറെ പറയാനുണ്ട്. '' അദ്ദേഹത്തിന്റെ സ്ത്രീ ആരാധകരോട് എനിക്ക് സ്നേഹം മാത്രമേയുള്ളൂ. അവരുടെ ഉന്മാദങ്ങളെയും ഭ്രാന്തുകളെയുമൊക്കെ കൂൾ ആയാണ് ഞാൻ നേരിടുന്നത്. ഒരു ഭാര്യ എന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ അഭിമാനം മാത്രമേയുള്ളൂ. അദ്ദേഹം എത്രത്തോളം കഠിനാധ്വാനം ചെയ്താണ് ഇവിടെവരെയെത്തിയതെന്ന് എനിക്ക് നന്നായറിയാം. വിപുലമായ സ്ത്രീ ആരാധകർ മാത്രമല്ല പുരുഷ ആരാധകരും അദ്ദേഹത്തിനുണ്ട്. അവരും അദ്ദേഹത്തിന് സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കാറുമുണ്ട്. പലപ്രായത്തിലുള്ളവർ അദ്ദേഹത്തിന് ആരാധകരായുണ്ട്. അതിൽ എനിക്കഭിമാനമുണ്ട്''.

അതിശയകരമായ രൂപമാറ്റത്തോടെയാണ് രാംകപൂർ അടുത്തിടെ വാർത്തകളിലിടം പിടിച്ചത്. ഭാരം കുറയ്ക്കാൻ ഭർത്താവ് നടത്തിയ ശ്രമങ്ങളെക്കുറിച്ചും അതിൽ വിജയം കൈവരിച്ചതിനെക്കുറിച്ചും ഗൗതമി പറയുന്നതിങ്ങനെ :-

''ആദ്യമൊക്കെ അദ്ദേഹത്തിന്റെ ആ തീരുമാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം ഭക്ഷണത്തെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് നല്ല മാറ്റമുണ്ട്. ഫിറ്റ്നസ് ഒരു അഡിക്‌ഷൻ പോലെ ആയിട്ടുണ്ട്. റാമിനെ സംബന്ധിച്ച് അദ്ദേഹം എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അതിനായി ഇറങ്ങിത്തിരിച്ചിരിക്കും. ഒരു ഭക്ഷണപ്രിയനായതുകൊണ്ടു തന്നെ ഭാരം കുറയ്ക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയായിരുന്നു. ഒരുപാടു സമയമെടുത്താണ് അദ്ദേഹം ശരീര ഭാരം കുറച്ചത്. ഫുഡ് സപ്ലിമെന്റുകളൊന്നും ഉപയോഗിക്കാതെ സ്വാഭാവിക രീതിയിലാണ് അദ്ദേഹം ശരീരഭാരം കുറച്ചത്. ഭാരം കുറച്ചതുകൊണ്ട് ഞങ്ങളുടെ മകന് അവന്റെ അച്ഛനെ നന്നായി കെട്ടിപ്പിടിക്കാനാകുന്നുണ്ട്.''- അവർ പറയുന്നു.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഭാരം കുറയ്ക്കാനുള്ള തീരുമാനത്തെപ്പറ്റി രാംകപൂർ പറഞ്ഞതിങ്ങനെ :- '' ഭാരം കുറയ്ക്കാൻ തീരുമാനിച്ച സമയത്ത് 130 കിലോയായിരുന്നു എന്റെ ശരീരഭാരം. എനിക്ക് 25 മുതൽ 30 കിലോയോളം കുറയ്ക്കണമായിരുന്നു. ഏകദേശം രണ്ട് വർഷം മുൻപ് 43–ാമത്തെ വയസ്സിലാണ് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ആറുമാസം മുതൽ ഒരുവർഷം വരെ സമയമെടുത്താണ് എന്റെ ലക്ഷ്യത്തിൽ ഞാനെത്തിയത്'' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com