sections
MORE

അലറിവിളിച്ച് യാത്രക്കാർ; കലിയടങ്ങാതെ ലാപ്ടോപ് കൊണ്ട് പങ്കാളിയെ എറിഞ്ഞ് യുവതി

woman smashes boyfriend with laptop
പങ്കാളിയെ ചീത്തവിളിച്ചും മർദ്ദിച്ചും വിമാനത്തിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന യുവതി. ചിത്രത്തിന് കടപ്പാട് :യുട്യൂബ്
SHARE

ഒരു യുവതിയുടെ മുൻകോപവും അപമര്യാദയായ പെരുമാറ്റവും മൂലം ആകെക്കൂടി അലങ്കോലമായിപ്പോയ ഒരു വിമാനയാത്രയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കൻ എയർലൈൻസിലെ യാത്രക്കാർ പകർത്തിയഒരു ദൃശ്യങ്ങളിലൂടെയാണ് സംഭവത്തെപ്പറ്റി പുറംലോകമറിഞ്ഞത്. മിയാമിയിൽ നിന്ന് ലോസാഞ്ചലസിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് അത്യന്തം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

പങ്കാളി മറ്റൊരു സ്ത്രീയെ നോക്കിയെന്നാരോപിച്ചാണ് ഒരു യുവതി വിമാനത്തിൽ വലിയ കോലാഹലങ്ങളുണ്ടാക്കിയത് മോശം വാക്കുകളും അശ്ലീലപദങ്ങളുമൊക്കെയുപയോഗിച്ച് പങ്കാളിയെ അപമാനിച്ച യുവതി ഒരു ഘട്ടത്തിൽ പങ്കാളിയെ മർദ്ദിക്കുകയും അദ്ദേഹത്തെ ലാപ്ടോപ് കൊണ്ട് എറിയുകയും ചെയ്യുന്നുണ്ട്. മോശം വാക്കുകളുപയോഗിച്ച് സ്ത്രീ പങ്കാളിയെ ചീത്തവിളിക്കുമ്പോൾ വിമാന ജീവനക്കാർ യുവതിയും പങ്കാളിയുമിരിക്കുന്ന സീറ്റിനരുകിലെത്തുകയും യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

യാത്രക്കാർക്കിടയിൽ ചെറിയ കുട്ടികളുമുണ്ട് അതുകൊണ്ട് ദയവായി മോശം വാക്കുകളും അശ്ലീലപ്രയോഗങ്ങളും നിർത്തണമെന്ന് വിമാനജീവനക്കാർ യുവതിയോട് അപേക്ഷിക്കുന്നുണ്ട്. അതൊന്നും കേട്ടതായിപ്പോലും ഭാവിക്കാതെ യുവതി വഴക്കു തുടരുമ്പോൾ പങ്കാളിയോട് സീറ്റിൽ നിന്ന് എഴുന്നേറ്റ് തങ്ങൾക്കൊപ്പം വരാൻ വിമാനജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. അത് യുവതിയെ പ്രകോപിപ്പിച്ചു. 'നീ പോകുമോ' എന്ന് ദേഷ്യത്തോടെ അയാളോട് യുവതി ചോദിക്കുന്നു. 'നീ എന്നെ അപമാനിക്കുകയാണ്. ഞാൻ പോവുകയാണ്' എന്ന് പറഞ്ഞ് പങ്കാളി എഴുന്നേറ്റു വിമാനത്തിലെ ജീവനക്കാർക്കൊപ്പം പോവുകയും ചെയ്യുന്നു. 'അതേ, നിന്നെ ഞാൻ അപമാനിക്കുകയാണ്' എന്നു പറഞ്ഞുകൊണ്ട് യുവതി ലാപ്ടോപ് കൊണ്ട് പങ്കാളിയെ എറിയുന്നു. ഈ രംഗങ്ങൾ കണ്ട് വിമാനത്തിലെ മറ്റുയാത്രക്കാർ അലറി വിളിക്കുന്നു. എന്നിട്ടും കലിതീരാതെ യുവതി പങ്കാളിയുടെ പുറത്ത് തലകൊണ്ടിടിക്കുന്നു. 

പിന്നെ തിരികെ സീറ്റിനരികിൽ വന്ന ശേഷം തന്റെ ലഗേജെടുത്ത് പുറത്തേക്കു നടക്കുന്നു. യുവതി കാണിച്ച അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടുമെന്ന താക്കീത് വിമാനജീവനക്കാർ നൽകിയെങ്കിലും, 'കൊള്ളാം വേറെയെന്താണ്' എന്ന ധിക്കാരപരമായ മറുപടിയാണ് യുവതി നൽകുന്നത്.

ദൃശ്യങ്ങൾ പകർത്തിയ ജൂലിയ സ്കോറുപ്കോ എന്ന യാത്രക്കാരി സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ :- '' ടേക്ക് ഓഫിന് മുൻപാണ് ഈ സംഭവങ്ങളൊക്കെയുണ്ടായത്. തുടർന്ന് രണ്ടു മണിക്കൂറോളമാണ് വിമാനം വൈകിയത്. വിദ്വേഷം നിറഞ്ഞ, വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകളുപയോഗിച്ചാണ് അവർ അയാളെ അധിക്ഷേപിച്ചത്. അയാളുടെ പൈതൃകത്തെയും ചുറ്റുപാടുകളെയും ജീവിക്കുന്ന സാഹചര്യങ്ങളെയുമെല്ലാം അധിക്ഷേപിക്കുന്ന തരത്തിലാണ് അവർ സംസാരിച്ചത്''.

സംഭവത്തെക്കുറിച്ച് മിയാമി–ഡെയ്ഡ് പൊലീസ് സ്റ്റേഷഷനിലെ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ :- ''ദൃശ്യങ്ങളിലുള്ള യുവതിയുടെ പേര് റ്റിഫാനി മക്‌ലേമോർ എന്നാണ്. അവരുടെ മദ്യാപാനത്തെ പങ്കാളി ചോദ്യം ചെയ്തതോടെയാണ് വഴക്കിന്റെ തുടക്കം. തന്നെ അവഗണിച്ച് പങ്കാളി എഴുന്നേറ്റു പോകുന്നതുകണ്ട് പ്രകോപിതയായാണ് അവർ പങ്കാളിക്കുനേരെ ലാപ്ടോപ് വലിച്ചെറിഞ്ഞത്. പക്ഷേ ആ ലാപ്ടോപ് ഏറിൽ പരുക്കു പറ്റിയത് മറ്റു രണ്ടുപേർക്കാണ്. ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനും യാത്രക്കാരനുമാണ് യുവതിയുടെ ഏറു കൊണ്ടത്. അവരിരുവരും പക്ഷേ പരാതി നൽകിയിട്ടില്ല''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA