ADVERTISEMENT

പരസ്പരം അഗാത പ്രണയമുണ്ടെങ്കിൽ മാത്രം ദാമ്പത്യജീവിതം സ്മൂത്ത് ആയി മുന്നോട്ടു പോകില്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. ദാമ്പത്യത്തിൽ പ്രണയത്തിന് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം പ്രാധാന്യം വിശ്വസ്തതയ്ക്കുമുണ്ടെന്നാണ് അവർ പറയുന്നത്. വിശ്വാസം നഷ്ടപ്പെട്ടാൽ ദാമ്പത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിയുമെന്നാണ് അവർ നൽകുന്ന മുന്നറയിപ്പ്.

 

ദാമ്പത്യജീവിതത്തിൽ പരസ്പരം വിശ്വാസം കെട്ടിപ്പടുക്കാൻ അവർ നിർദേശിക്കുന്ന 5 വഴികളിങ്ങനെ :-

 

1. വാക്കുകളിൽ സത്യസന്ധത പുലർത്തുക

 

നിങ്ങൾ പറയുന്നത് പങ്കാളി മുഖവിലക്കെടുക്കുന്നുണ്ടെങ്കിൽ നിങ്ങളെ തീർച്ചയായും വിശ്വസിക്കാം. വാഗ്ദാനങ്ങൾ പാലിക്കുന്നതിലൂടെ മാത്രമല്ല വിശ്വാസം നേടിയെടുക്കാനാകുന്നത്. മറിച്ച് ഒരിക്കലും പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാതിരിക്കുമ്പോൾ കൂടിയാണ്. വാക്കുകളിൽ സത്യസന്ധത പുലർത്തുന്നതിലൂടെ മാത്രമേ മറ്റുള്ളവരിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അവർക്കു കാട്ടിക്കൊടുക്കാനാകൂ. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ സത്യസന്ധമായ പെരുമാറ്റവും വിശ്വസ്തതയും നിങ്ങൾക്ക് തിരികെ പ്രതീക്ഷിക്കാം.

 

2. ഫലപ്രദമായ ആശയ വിനിമയം

 

പരസ്പരമുള്ള വിശ്വാസം വളർത്തിയെടുക്കാനുള്ള ഉത്തമമായ മാർഗമാണ് മികച്ച ആശയവിനിമയം. ഉള്ളിലുള്ള വികാരങ്ങളെ മികച്ച രീതിയിൽ പ്രകടിപ്പിക്കാനായാൽ അവിടെ പരസ്പര വിശ്വാസത്തിനുള്ള ഒരു സാധ്യത മുന്നിട്ടു നിൽക്കും. മിടുക്കുകളും ദൗർബല്യങ്ങളും പരസ്പരം മനസ്സിലാക്കാനാകും. ആശയ വിനിമയം ശരിയായ രീതിയിലല്ലെങ്കിൽ നിങ്ങളുദ്ദേശിക്കുന്ന കാര്യങ്ങൾ മികച്ച രീതിയിൽ കൈമാറ്റം ചെയ്യപ്പെടുകയില്ലെന്നു മാത്രമല്ല പരസ്പരം തെറ്റിദ്ധാരണകളുണ്ടാകാനും സാധ്യത കൂടുതലാണ്. പലപ്പോഴും നിങ്ങൾ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങളാവില്ല അപ്പുറത്തു നിൽക്കുന്ന ആളിന് മനസ്സിലാകുന്നത്. ഈ ആശയക്കുഴപ്പങ്ങൾ പരസ്പരമുള്ള വിശ്വാസത്തിന് കോട്ടം തട്ടാൻ കാരണമാകും.

 

3.രഹസ്യങ്ങൾ സൂക്ഷിക്കാൻ പഠിക്കണം

 

നിങ്ങളെ വിശ്വസിച്ച് പങ്കാളി പറയുന്ന രഹസ്യങ്ങൾ മനസ്സിൽത്തന്നെ വയ്ക്കണം. തീർത്തും സ്വകാര്യമായി പങ്കുവച്ച കാര്യങ്ങൾ ഒരിക്കലും പൊതുസ്ഥലത്തുവച്ച് ചർച്ച ചെയ്യാൻ മുതിരരുത്. അവർ അത് പരസ്യമാക്കാൻ ഇഷ്ടപ്പെടാത്തിടത്തോളം അത് സ്വകാര്യമായിത്തന്നെ സൂക്ഷിക്കുക. പങ്കാളി പറയുന്ന രഹസ്യങ്ങൾ പരസ്യപ്പെടുത്തുകയല്ല നിങ്ങളുടെ ജോലിയെന്ന് മനസ്സിലുറപ്പിക്കുക. ദാമ്പത്യത്തിൽ മാത്രമല്ല സൗഹൃദത്തിലും ബിസിനസ്സിലുമെല്ലാം ഇങ്ങനെ വിശ്വസ്തരായ മനസാക്ഷി സൂക്ഷിപ്പുകാരാകാം.

 

4.തള്ളിപ്പറയാതെ പിന്തുണ നൽകുക

 

പരസ്പരമുള്ള വിശ്വാസം വളർത്തിയെടുക്കാൻ ഏറ്റവും നല്ല മാർഗമാണ് പിന്തുണ. ഒരു ബന്ധത്തിലായിരിക്കുമ്പോൾ വെല്ലുവിളികൾ ഏറ്റെടുക്കാനും, പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും തെറ്റുകൾ വരുത്താനുമൊക്കെ പലർക്കും ഭയമുണ്ടാകും. എന്നാൽ പങ്കാളിയുടെ പിന്തുണയുണ്ടെന്നറിഞ്ഞാൽ ഏതു സാഹസിക ദൗത്യത്തിനും അവർ ഊർജ്ജസ്വലതയോടെ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും. ഈ പിന്തുണ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തും മോശം സമയത്തും ഒരുപോലെ നൽകണം എന്നതാണ് ഏറ്റവും പ്രധാനം. എന്തു സംഭവിച്ചാലും താങ്ങായി ഒരാളുണ്ടെന്ന ബോധ്യം നൽകുന്നത് അപാരമായ ധൈര്യവും ആത്മവിശ്വാസവുമായിരിക്കും.

 

5.മുന്നിലെത്തുന്നവരെ മുൻവിധിയോടെ അളക്കരുത്

 

എന്തെങ്കിലും കാര്യങ്ങൾ തുറന്നു പറയാൻ പങ്കാളി ശ്രമിച്ചാൽ അവരെ സംശയത്തോടെ നോക്കുകയോ മുൻവിധിയോടെ അവരുടെ പ്രശ്നങ്ങളെ കാണുകയോ ചെയ്യരുത്. അത് നിങ്ങളെ അവിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനു തുല്യമാകും. മുറിവേറ്റ മനസ്സുമായോ, ക്ഷമപറയാനുള്ള സന്നദ്ധതയോടെയോ അവർ‌ എന്തെങ്കിലും പ്രധാന കാര്യം നിങ്ങളുമായി പങ്കുവച്ചാൽ അവർ പറയുന്ന കാര്യം വിശ്വസിക്കുകയും അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഒരുകാര്യം എപ്പോഴും മനസ്സിൽ വയ്ക്കുക വിശ്വാസം വളർത്തിയെടുക്കാൻ വളരെ സാവധാനമേ കഴിയൂ. അതിന് ആത്മാർഥമായ ശ്രമങ്ങളുമുണ്ടാവണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com