ADVERTISEMENT

പോളണ്ടിലെ ഒരു ഗ്രാമം ആ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയാണ്. ഒരുപക്ഷേ ഒരു രാജ്യത്തും ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിചിത്രമായ ഒരു പ്രതിഭാസമാണ് പോളിഷ് ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നത്. ഗ്രാമത്തിലെ മേയർ ശാസ്ത്രജ്ഞൻമാരുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പ്രതിഫലവും പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ സംഘങ്ങൾ ഗ്രാമങ്ങളിൽ തമ്പടിച്ച് ഓരോ വീട്ടിലും കയറി പരിശോധന നടത്തുന്നു. പക്ഷേ, പ്രശ്നത്തിന് കാരണം കണ്ടെത്താനോ പരിഹാരം നിർദേശിക്കാനോ ആകാതെ കുഴയുകയാണ് ഗ്രാമവും പോളണ്ടും. 

 

ഗ്രാമത്തിന്റെ പ്രശ്നം അവിടുത്തെ ജനസംഖ്യയാണ്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അവിടെ ഒരു ആൺകുട്ടിപോലും ജനിച്ചിട്ടില്ല. അതാണു ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നത്. പ്രാദേശികമായി നടത്തിയ ഒരു പരിശീലന പരിപാടിക്ക് ഗ്രാമം അയച്ച സംഘത്തിൽ‌ പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഈ വാർത്ത പുറത്തുവന്നപ്പോഴാണ് മാധ്യമങ്ങൾ വിചിത്രമായ പ്രതിഭാസം ശ്രദ്ധിക്കുന്നതും കാരണങ്ങൾ അന്വേഷിക്കാൻ തുടങ്ങുന്നതും. അഗ്നിശമന സേനാ വിഭാഗത്തിലെ വോളന്റിയർമാരാകാൻവേണ്ടി ഗ്രാമം അയച്ച സംഘത്തിൽ പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. 

 

96 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്. നാലു ടെലിവിഷൻ ക്യാമറാ സംഘങ്ങൾ തമ്പടിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ ഗ്രാമത്തിൽ പെൺകുട്ടികൾ മാത്രം ജനിക്കുന്നതെന്ന അന്വേഷണമാണ് നടക്കുന്നത്. ശാസ്ത്രജ്ഞൻമാരും ചർച്ച തുടങ്ങിക്കഴിഞ്ഞു. പ്രശ്നം പഠിച്ച് പരിഹാരം നിർദേശിക്കാൻ പലരും മുന്നോട്ടുവന്നിട്ടുമുണ്ട്. ആൺകുട്ടികൾ ജനിക്കാനുള്ള നിർദേശങ്ങൾ കൊടുക്കാൻ തയാറാണെന്നു പറഞ്ഞുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡോക്ടർമാർ‌ വിളിക്കുന്നുണ്ടെന്ന് മേയറും വെളിപ്പെടുത്തി. കാൽസ്യം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് ആൺകുട്ടികളുണ്ടാകുമെന്നും അതിനാൽ കാൽസ്യം അടങ്ങിയ ഭക്ഷണം യുവതികൾ കൂടുതലായി കഴിക്കണമെന്നും ഒരു ഡോക്ടർ പറയുന്നു. 

 

കഴിഞ്ഞ 10 വർഷത്തിനിടെ 12 കുട്ടികൾ ഇവിടെ ജനിച്ചു. എല്ലാവരും പെൺകുട്ടികൾ. കൃഷിയാണ് ഇവിടെയുള്ളവരുടെ ഉപജീവനമാർഗം. ഇനി ഏതു ദമ്പതികൾക്കാണോ ആൺകുട്ടി ജനിക്കുന്നത് അവർക്ക് സമ്മാനം കൊടുക്കുമെന്നാണ് മേയറിന്റെ പ്രഖ്യാപനം. പോളണ്ടിലെ മറ്റു ഗ്രാമങ്ങളിലെപ്പോലെ ഇവിടെയും ജനസംഖ്യ കുറവാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷവും കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്കുശേഷവും തുടർച്ചയായി ജനസംഖ്യ കുറയുന്ന പ്രവണതയാണു കാണുന്നത്. 

 

അഗ്നിശമന സേനാ വിഭാഗത്തിലെ വോളന്റിയറായി പരിശീലനം നടത്തുന്ന 10 വയസ്സുകാരിയായ മാൽവിന ഗ്രാമത്തിൽ ആൺകുട്ടികൾ ജനിക്കുന്നില്ലെന്നത് ഇതുവരെ ഗൗരവമായി കണ്ടിട്ടേയില്ല. അവർ ബഹളക്കാരും വികൃതികളുമാണ്– മാൽവിന പറയുന്നു. ആ പെൺകുട്ടിക്ക് ആശ്വാസമാണെങ്കിലും മേയർക്കുൾപ്പെടെ ഉറക്കമില്ലാത്ത രാവുകളാണ്. ഒരു ആൺകുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണവർ. ആ ഗ്രാമവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com