ADVERTISEMENT

ആവശ്യമില്ലാത്ത വസ്തുക്കള്‍ പോലും ആരും വലിച്ചെറിയാത്തത് അവ മറ്റാരെങ്കിലും എടുക്കുമെന്ന് പേടിച്ചിട്ടാണെന്ന് എഴുതിയത് ഐറിഷ് എഴുത്തുകാരന്‍ ഓസ്കര്‍ വൈല്‍ഡ് ആണ്. ഓരോരുത്തരും ചില വസ്തുക്കള്‍ ആവശ്യമില്ലെങ്കിലും സൂക്ഷിച്ചുവയ്ക്കുന്നുണ്ടെന്നുതന്നെയാണ് അദ്ദേഹം സൂചിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം, വീടുകളിലും ഓഫിസുകളിലും സൂക്ഷിച്ചുവച്ചിട്ടുള്ള ആവശ്യമില്ലാത്ത വസ്തുക്കളെക്കുറിച്ച് ജപ്പാന്‍കാരി മേരി കോണ്ടോയും എഴുതി. ബെസ്റ്റ് സെല്ലറുകളായ പുസ്തകങ്ങളിലൂടെ പ്രശസ്തയും കണ്‍സള്‍ട്ടന്റുമായ മേരി കോണ്ടോ. 

 

വാങ്ങിച്ചുകൂട്ടിയെങ്കിലും ആവശ്യമില്ലാതെയായ വസ്തുക്കളെക്കുറിച്ച് പറഞ്ഞ് ആശയരംഗത്തും ജീവിതരീതിയിലും സ്വീകരിക്കേണ്ട പുതിയൊരു വിപ്ലവത്തെക്കുറിച്ചാണ് മേരി കോണ്ടോ എഴുതിയത്. മിനിമലിസം എന്ന ജീവിതരീതി അതോടെ ലോകമെങ്ങും ചര്‍ച്ചയുമായി. ആവശ്യമില്ലാത്ത വസ്തുക്കൾ നിഷ്കരുണം ഉപേക്ഷിക്കണമെന്നു പറയുമ്പോള്‍ സ്വാഭാവികമായും, ആവശ്യമില്ലാത്തത് എന്താണെന്ന സംശയമുണ്ടാകും. ആവശ്യമില്ലാത്തത് കണ്ടെത്തുന്നത് ശ്രമകരമായ ജേലി തന്നെയാണ്. സന്തോഷം തരാത്ത വസ്തുക്കളാണ് ആവശ്യമില്ലാത്തതെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതായത്, സന്തോഷം തരാത്ത ഒരു വസ്തുവിനെയും അത് വിലയേറിയതാണെന്നതിനാലോ മറ്റേതെങ്കിലും കാരണത്താലോ സൂക്ഷിച്ചുവയ്ക്കരുത്. വാങ്ങുമ്പോഴുണ്ടായ അതേ സന്തോഷത്തോടെ അവ ഉപേക്ഷിക്കാനും കഴിയുമ്പോഴേ വലിയൊരു ഭാരം ഒഴിഞ്ഞ സുഖം ലഭിക്കൂ. നാം ഉപേക്ഷിക്കുന്ന വസ്തുക്കള്‍ക്ക് ആവശ്യക്കാരേറെയുണ്ടെന്നതും മറക്കാതിരിക്കാം. 

 

ആറ് മാസമായി ഉപയോഗിക്കാത്ത സാധനങ്ങൾ ഒഴിവാക്കൂ എന്ന് വൃത്തിയുടെ റാണിയായ മേരി കേണ്ടോ പറഞ്ഞതിനു പിന്നിലെ മനഃശാസ്ത്രം, ആറ് മാസമായി ഉപയോഗിക്കാത്ത സാധനങ്ങൾ നിങ്ങൾ ഉപയാഗിക്കാന്‍ സാധ്യതയില്ല എന്നുതന്നെയാണ്. മിനിമലിസം ആഴം കുറഞ്ഞ ആശയമാണെന്ന് അതിനെ എതിർക്കുന്നവർക്ക് പോലും അഭിപ്രായവുമില്ല. മിനിമലിസം ലാളിത്യത്തിന്റെ പ്രചാരണമാണ്. ആ ആശയത്തെ ഇഷ്ടപ്പെടുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ക്കു മാത്രം അനുവര്‍ത്തിക്കാന്‍ കഴിയുന്ന പ്രത്യയശാസ്ത്രം. 

 

ഒരു മിനിമലിസ്റ്റിക് യാത്രയ്ക്ക് ബാഗ് ഒരുക്കുന്നതുപോലും അതീവ ലളിതമായിട്ടായിരിക്കും. ഭാരം കുറഞ്ഞ ബാഗാണെങ്കില്‍ യാത്ര സുഖകരമാകുമെന്ന് മിനിമലിസ്റ്റുകള്‍ക്കു മുമ്പേ അംഗീകരിക്കപ്പെട്ട സത്യമാണ്. അനുഭവം കൊണ്ടും പലരും പഠിച്ച സത്യവും. ബാഗില്‍ മാത്രമല്ല, ഭക്ഷണത്തിലും ലാളിത്യം തന്നെയാണ് മിനിമലിസ്റ്റുകള്‍ പിന്തുടരുക. ഇതിലൂടെ ഒരു നിശ്ചിത തുക  എല്ലാ മാസവും സമ്പാദിക്കാനുമാകാം. പണം കൂടുതലായുണ്ടാക്കുക എന്ന സമ്മര്‍ദത്തെക്കൂടി  ഒഴിവാക്കാനും അതിജീവിക്കാനും കഴിയും. സമ്മര്‍ദമൊഴിഞ്ഞ മനസ്സില്‍ തുറസ്സായ സ്ഥലത്തെ കാറ്റും വെളിച്ചവും എന്നപോലെ ആശയങ്ങള്‍ സ്വച്ഛന്ദമായി സഞ്ചരിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കാനുമാകാം. 

 

വിപ്ലവകരമായ ആശയമെന്നു തോന്നാമെങ്കിലും മിനിമലിസത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ പെട്ടെന്നൊരുനാള്‍ ആര്‍ക്കും തീരുമാനമെടുക്കാനാവില്ല. എന്തിനു മിനിമലിസ്റ്റ് ആകണം എന്നു സ്വയം കണ്ടെത്താന്‍ കഴിയണം. വ്യക്തമായ ഉത്തരങ്ങള്‍ ലഭിക്കുന്നവര്‍ക്കുമാത്രമേ മിനിമലിസ്റ്റ് ആകാനും കഴിയൂ. നിര്‍ബന്ധം കൊണ്ടോ ഇഷ്ടം കൊണ്ടോ മാത്രം കഴിയില്ലെന്നര്‍ഥം. 

 

മിനിമലിസത്തിലേക്കുള്ള ഒരു വ്യക്തിയുടെ യാത്ര സാവധാനത്തിലാക്കുന്നതാണ് നല്ലത്. കുടുംബത്തിലും അങ്ങനെതന്നെ. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാളെപ്പോലെയല്ല കുടുംബത്തിനകത്തുള്ള ഒരാളുടെ മിനിമലിസത്തിലേക്കുള്ള യാത്ര. കൂടുതലായുള്ള സാധനങ്ങൾ ഒഴിവാക്കുന്നതാണ് മിനിമലിസം എന്നൊരു തെറ്റിദ്ധാരണ ചിലർക്കെങ്കിലുമുണ്ട്. അത് തെറ്റാണ്. ലളിതമായ ജീവിതരീതിയാണ് മിനിമലിസം, മാറ്റം ആദ്യം വരേണ്ടത് വ്യക്തിയുടെ മനസ്സിലും. മനസ്സില്‍ അഗാധമായി സ്പര്‍ശിക്കാത്ത, ഉപരിപ്ലവമായ വിപ്ലവങ്ങള്‍ കാലത്തെ അതിജീവിക്കില്ലെന്ന പാഠം പഠിപ്പിച്ചത് ഏതെങ്കിലും പ്രചാരകരല്ല, കാലം തന്നെയാണ്. 

 

മിനിമലിസം എന്ന ആശയത്തിന് വളരെയധികം പ്രചാരമുണ്ട് ജപ്പാനിൽ. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. സെൻ ബുദ്ധിസം ഏറെ പ്രചാരത്തിലുള്ള ജപ്പാനിൽ ലളിത ജീവിത രീതി ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്.  അടിക്കടിയുണ്ടാകുന്ന ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങളുടെ  ഇരകളാണ് ജപ്പാൻകാർ. അതുകൊണ്ട് തന്നെ ഭൗതികവസ്തുക്കളോടുള്ള മാനസികമായ അടിമത്തം ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ  അവർക്ക് നന്നായി അറിയാം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ സംഭവിച്ച മഹാപ്രളയം മലയാളികളെ പഠിപ്പിച്ചതും ഇതേ പാഠം തന്നെ. 

 

ലോകത്തിലെ  ഏറ്റവും കണിശക്കാരയ മിനിമലിസ്റ്റിക്കുകൾ  പലരും  ജപ്പാൻകാരാണ്. ഇവരിൽ പലരുടെയും കിടപ്പുമുറികളിൽ കട്ടിലോ, സ്വീകരണ മുറികളിൽ സെറ്റിയോ  കാണില്ല. അടുക്കളയിൽ അത്യാവശ്യത്തിന് പാചകം  ചെയ്യാൻ വേണ്ട പാത്രങ്ങൾ മാത്രമേ കാണു.  ഫ്രിഡ്ജ് ഒരിക്കലും അലമാരയ്ക്ക് പകരമായി ഉപയോഗിക്കുന്ന ഒന്നല്ല. ലളിതവും പോഷകങ്ങൾ നിറഞ്ഞതുമാണ് ഭക്ഷണം, നമ്മുടെ മുൻതലമുറക്കാർ ചെയ്ത പോലെ നിലത്തിരുന്ന്  ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. അത്രെയൊന്നുമില്ലെങ്കിലും അടുക്കളയിൽ അൽപം മിനിമലി സം കൊണ്ടുവരാൻ സ്ത്രീകൾ വിചാരിച്ചാൽ നടക്കില്ലെ? ആ തീരുമാനം സൃഷ്ടിക്കുന്ന സന്തോഷം എത്ര വലുതായിരിക്കും ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com