sections
MORE

വയ്യാത്ത പെണ്ണിനെ കെട്ടേണ്ടെന്ന് വീട്ടുകാർ; എതിർപ്പിനെ പ്രണയംകൊണ്ട് തോൽപ്പിച്ചവർ

Photo Credit : Facebook. Humans Of Bombay
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

പരസ്പരം പ്രണയം വെളിപ്പെടുത്താൻ വൈകിയതു മുതൽ വീട്ടുകാരുടെ എതിർപ്പുവരെ അവരുടെ പ്രണയത്തിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ ഒടുവിൽ എല്ലാ തടസ്സങ്ങളും അവരുടെ പ്രണയത്തിനു മുന്നിൽ വഴിമാറി നിന്നു. പോളിയോ ബാധിച്ച ശരീരത്തെക്കുറിച്ചും തന്റെ ജീവന്റെ നേർപാതിയായ ആത്മ പങ്കാളിയെക്കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് അവർ തുറന്നു പറഞ്ഞത്.

'' ജനിച്ച് മൂന്നാം മാസമാണ് എനിക്ക് പോളിയോ സ്ഥിരീകരിച്ചത്. വളരുന്തോറും എന്റെ വൈകല്യത്തെ ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ എന്റെ കുടുംബവും കൂട്ടുകാരുമെല്ലാം പ്രോത്സാഹനവുമായി എനിക്കൊപ്പം നിന്നു. പക്ഷേ െങ്കിലും ഒരു ഭയം എന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. എന്നെങ്കിലും എനിക്കൊരു ജീവിത പങ്കാളിയെ ലഭിക്കുമോ എന്നായിരുന്നു അത്. വർഷങ്ങൾ പിന്നിട്ടു. ഞാൻ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലം.

ഒരു ദിവസം വീട്ടിലെ ജനാലയ്ക്കരികിൽ ഞാനിരിക്കുമ്പോൾ എതിർവശത്തുള്ള ഫ്ലാറ്റിന്റെ ജനാലയ്ക്കരികിൽ സുന്ദരനായ ഒരാൾ ഇരിക്കുന്നതു കണ്ടു. അയാൾ ആരാണെന്നൊന്നും അറിയില്ലായിരുന്നെങ്കിലും ഞാൻ അയാളെ കുറേ നേരം നോക്കിയിരുന്നു. ചുറ്റുപാടുമുള്ളവരോട് അന്വേഷിച്ചപ്പോൾ അയാൾ ആന്റിയുടെ വീട്ടിൽ താമസിക്കാനെത്തിയതാണെന്ന് മനസ്സിലായി. അങ്ങനെയിരിക്കുമ്പോഴാണ് ആ ഫ്ലാറ്റ് സമുച്ചയത്തിലുള്ളവർ ഒരു വിനോദയാത്രയ്ക്കു പോയത്. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ഞാൻ മറച്ചുവച്ചു.

മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു. അതിനു ശേഷം ഞാൻ കോളേജ് സ്കിപ് ചെയ്യുകയും പൂന്തോട്ടത്തിൽ സമയം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. എനിക്കേറെ പ്രിയപ്പെട്ട ഭക്ഷണശാലകളിൽ അദ്ദേഹമെന്നെ കൊണ്ടുപോകുമായിരുന്നു. കുറേ നാൾ അങ്ങനെയൊക്കെ മുന്നോട്ടുപോയി. പക്ഷേ പെട്ടന്നൊരു ദിവസം അദ്ദേഹം അപ്രത്യക്ഷനായി. അതേപ്പറ്റി അദ്ദേഹത്തിന്റെ ആന്റിയോടു ചോദിച്ചപ്പോൾ അദ്ദേഹം ജോലി കിട്ടി ഗുജറാത്തിൽ പോയി എന്നറിയാൻ കഴിഞ്ഞു.

മാസങ്ങൾ കഴിഞ്ഞു എന്നെത്തേടി അദ്ദേഹത്തിന്റെ കത്തോ, ഫോൺവിളികളോ വരുന്നതും കാത്തു ഞാനിരുന്നു. എന്നെ കൂട്ടിക്കൊണ്ടു പോകാൻ അദ്ദേഹം വരുമെന്നും ഞാൻ പ്രതീക്ഷിച്ചു. ഒടുവിൽ എങ്ങനെയോ ധൈര്യം സംഭരിച്ച് ഞാൻ അദ്ദേഹത്തിന്റെ അച്ഛനെ വിളിച്ചു. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പർ തരുമോയെന്നു ചോദിച്ചു. ഭാഗ്യത്തിന് അദ്ദേഹത്തിന്റെ അച്ഛൻ നമ്പർ തരുകയും രണ്ടു വർഷങ്ങൾക്കു ശേഷം പരസ്പരം സംസാരിക്കാൻ ‍ഞങ്ങൾക്കവസരം ലഭിക്കുകയും ചെയ്തു.

എന്നെ ഇടയ്ക്കു വിളിക്കാൻ സാധിക്കാത്തതിന് അദ്ദേഹം ക്ഷമ ചോദിച്ചു. ജോലിസംബന്ധമായ സമ്മർദ്ദങ്ങളിലായിരുന്നുവെന്നും എന്നെ എങ്ങനെ കോൺടാക്റ്റ് ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവൻ ഒന്നിച്ചുണ്ടാകാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നും എന്നോടു പറഞ്ഞു. അദ്ദേഹത്തെ ലഭിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി എനിക്കു തോന്നി.

പെട്ടന്നു തന്നെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും എന്റെ കാര്യം വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ വൈകല്യമുള്ള ഒരാളെ അദ്ദേഹം വിവാഹം കഴിക്കുന്നതിനോട് അവർ വിയോജിച്ചു. നാളെ ദുഖിക്കേണ്ടി വരുമെന്ന് അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ അദ്ദേഹം ഞങ്ങൾക്കൊരുമിച്ചു ജീവിക്കാനായി വീട്ടുകാരോടു യുദ്ധം ചെയ്തു. വൈകല്യത്തിനു പുറമേയുള്ള എന്നെ അദ്ദേഹത്തിനറിയാമെന്നും എന്നോടുള്ളത് സത്യസന്ധമായ സ്നേഹമാണെന്നും ഒരിക്കലുമെന്നെ വലിച്ചെറിഞ്ഞിട്ടു പോകില്ലെന്നും അദ്ദേഹം വാക്ക് നൽകി.

അങ്ങനെ ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ ‍ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 34 വർഷമായി. ഞങ്ങൾക്ക് സുന്ദരികളായ രണ്ട് പെൺമക്കളുണ്ട്. ഞങ്ങളിരുവരും ചേർന്നാണ് അവരെ പോറ്റിവളർത്തിയത്. അദ്ദേഹത്തിന് സ്ഥിരവരുമാനമുള്ള ഒരു ജോലിയുണ്ട്. ഞാൻ വീട്ടിലിരുന്നും ജോലി ചെയ്യുന്നുണ്ട്.ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. മതേരാൻ എന്ന മലയോരവിനോദ സ‍ഞ്ചാരകേന്ദ്രത്തിലേക്ക് പോകണമെന്നത് എന്റെ വലിയ മോഹമായിരുന്നു. അടുത്തിടെ എന്നെ അദ്ദേഹം അങ്ങോട്ടു കൊണ്ടുപോയി.

ഇന്നും അദ്ദേഹം ജോലിക്കു പോയിക്കഴിയുമ്പോൾ ‍അദ്ദേഹം തിരിച്ചു വരുന്നതും നോക്കി ഞാൻ ജനാലയ്ക്കരികിൽ കാത്തിരിക്കും.എന്നെ സന്തോഷിപ്പിക്കാനായി ഓരോ കാര്യങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടേയിരിക്കും. തലയിൽ വയ്ക്കാൻ പൂക്കൾ കൊണ്ടുവരും, എനിക്കേറെയിഷ്ടമുള്ള സ്ഥലങ്ങളിലേക്കെല്ലാം എന്നെ കൊണ്ടുപോകും. എത്ര പ്രയാസകരമായ കാര്യമാണെങ്കിലും അദ്ദേഹം എനിക്കായി അദ്ദേഹം അതു ചെയ്യും. അദ്ദേഹത്തിൽ ‍ഞാൻ കാണുന്നത് ഒരു ഭർത്താവിനെയല്ല, ഒരു ആത്മപങ്കാളിയെയാണ്. എന്നെ കൈപിടിച്ചുയർത്തുന്ന, പറക്കാൻ സഹായിക്കുന്ന ആളെ. എന്റെ കുറവുകളെ പ്രണയിച്ച ആളെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA