ADVERTISEMENT

അമ്മയുടെ പിറന്നാൾ ദിനത്തിലാണ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു സ്വർണ്ണം സ്വന്തമാക്കിയത്. അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമാണ് തന്റെ ഈ സ്വർണ്ണമെന്നും താരം പറഞ്ഞിരുന്നു. 

 

'' ഈ അവാർഡ് ഞാനെന്റെ അമ്മയ്ക്ക് സമർപ്പിക്കുന്നു. അമ്മയുടെ പിറന്നാളാണിന്ന്. പിറന്നാൾ ആംശസകൾ അമ്മേ''.- ബാസലിൽ നടന്ന മൽസരത്തിൽ സ്വർണം സ്വന്തമാക്കിയ സിന്ധു പറഞ്ഞതിങ്ങനെ. ഹൃദയം കവരുന്ന അംഗവിക്ഷേപങ്ങളോടെ സിന്ധു ഇതു പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ആളുകൾ സിന്ധുവിന്റെ അമ്മയ്ക്കുവേണ്ടി പിറന്നാൾ ഗാനം ആലപിച്ചു. ആനന്ദത്തോടെയാണ് സിന്ധു അവിടെ നിന്ന് മടങ്ങിയത്. ഇതേസമയം ഹൈദരാബാദിൽ സിന്ധുവിന്റെ കുടുംബാംഗങ്ങൾ ഈ ദൃശ്യങ്ങൾ ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. 2017 ലെയും 18 ലെയും പരാജയത്തെ അതിജീവിച്ച് മകൾ സ്വർണ്ണം സ്വന്തമാക്കുന്ന കാഴ്ചയാണ് അവർ കൺനിറയെ കണ്ടു.

 

'' ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഈ സ്വർണ്ണമെഡലിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അവൾ അത്രത്തോളം കഠിനാധ്വാനം ചെയ്തിരുന്നു''.-  മൽസരം കണ്ട ശേഷം പി.വി സിന്ധുവിന്റെ അമ്മ പി. വിജയ പറഞ്ഞു.

 

ലോകചാംപ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാംവട്ടമാണ് സിന്ധു മൽസരിച്ചത്. 2017 ൽ ഒകുഹാരയോടും 2018 ൽ കരോലിന മാർലിനോടും സിന്ധു പരാജയപ്പെട്ടിരുന്നു. ഫൈനലിൽ ചുവടുപിഴക്കുന്ന താരമെന്ന് സിന്ധുവിനെക്കുറിച്ച് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു തുടങ്ങിയിരുന്നു. ഫൈനലിൽ വീണുപോകുന്ന താരമെന്ന കളങ്കത്തിനാണ് സ്വർണംകൊണ്ട് ഇക്കുറി സിന്ധു മറുപടി പറഞ്ഞത്. തന്നെ പരാജയത്തിന്റെ കയ്പുനീർ കുടിപ്പിച്ച ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപ്പിച്ചുകൊണ്ടായിരുന്നു സിന്ധുവിന്റെ സുവർണ നേട്ടം. ലോക അഞ്ചാം നമ്പർ താരമായ സിന്ധു, നാലാം നമ്പർ താരമായ ഒകുഹാരയെ വെറും 38 മിനിറ്റിനുള്ളിൽ വീഴ്ത്തിയാണ് വിജയമാഘോഷിച്ചത്. സ്കോർ: 21–7, 21–7. 

 

‘കഴിഞ്ഞ രണ്ടു തവണയും ഞാൻ ഫൈനലിൽ തോറ്റു. അതുകൊണ്ടുതന്നെ ഈ വിജയം എനിക്കേറെ പ്രധാനപ്പെട്ടതാണ്. ഞാൻ വളരെ സന്തോഷവതിയാണ്. എനിക്ക് പിന്തുണ നൽകിയ കാണികളോട് ഞാൻ നന്ദി പറയുന്നു. എല്ലായ്പ്പോഴും അവരെന്നോടൊപ്പമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടിയാണ് എന്റെ ഈ നേട്ടം. ഇന്ത്യക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു’ – മൽസരത്തിനു ശേഷം സിന്ധു പറഞ്ഞു.

 

മാതാപിതാക്കളോടും പരിശീലകരായ ഗോപീചന്ദിനോടും കിം ജി ഹ്യൂനുനോടുമാണ് തന്റെ വിജയത്തിന് സിന്ധു നന്ദി പറയുന്നത്. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയാണിത്. സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലും. ഇതിൽ രണ്ടെണ്ണം വെള്ളിയും രണ്ടെണ്ണം വെങ്കലവുമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com