ADVERTISEMENT

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഗൗരവമേറിയ വിഷയങ്ങള്‍ ഫ്രാന്‍സിലെ  ബെയറിറ്റ്സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കു വിഷയമായപ്പോഴും പിന്നണിയില്‍ രൂക്ഷമായ ഒരു പോരാട്ടത്തിന്റെ അരങ്ങിനു രൂപംകൊള്ളുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റും ഇമ്മാനുവല്‍ മാക്രോണും ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സനാരോയുമാണ് കഥാപാത്രങ്ങള്‍. അവര്‍ തമ്മിലടിക്കുന്നതാകട്ടെ അവരുടെ ഭാര്യമാരുടെ കാര്യത്തിലും. ജി 7 ഉച്ചകോടി ഇപ്പോള്‍ വിവാദമായിരിക്കുന്നത് പരിസ്ഥിതിവിഷയങ്ങളിലും ആമസോണ്‍ മഴക്കാടുകളില്‍ കെടാതെ പടരുന്ന കാട്ടുതീയുടെ കാര്യത്തിലും മാത്രമല്ല ഭാര്യമാരുടെ രൂപസൗഷ്ഠവത്തിന്റെ കൂടി പേരില്‍. 

 

കഴിഞ്ഞയാഴ്ച പല തവണയായി മാക്രോണും ബൊല്‍സെനാരോയും തമ്മില്‍ ഒന്നിലധികം തവണ ഭാര്യമാരുടെ വിഷയത്തില്‍ കൊമ്പുകോര്‍ത്തു. ഒടുവില്‍ തന്റെ ഭാര്യയെക്കുറിച്ച് ബൊല്‍സെനാരോ നടത്തിയ മോശം പരാമര്‍ശങ്ങളെ മാക്രോണ്‍ ശക്തമായി അപലപിക്കുകയും ചെയ്തു. അതും പരസ്യമായി. കാലാവസ്ഥാ മാറ്റം, പരിസ്ഥിതി സംരക്ഷണം, ആമസോണ്‍ കാട്ടുതീ തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരാനാണ് ഇത്തവണ ജി-7 ഉച്ചകോടിയുടെ തുടക്കംമുതല്‍ മാക്രോണ്‍ ശ്രമിക്കുന്നത്. ഇത് ഒട്ടും രസിച്ചിട്ടില്ല ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സെനാരോയ്ക്ക്. 

 

ആമസോണ്‍ തീപിടിത്തം തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ നിലപാട്. പ്രതിഷേധം രൂക്ഷമായപ്പോഴാണ് ബൊല്‍സെനാരോ നിലപാട് മാറ്റി കാട്ടുതീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടത്. പരിസ്ഥി വിഷയത്തില്‍ രണ്ടുപേരും രണ്ടു നിലപാടുകളുമായി മുന്നേറുന്നതിനിടെയാണ് മാക്രോണിന്റെ ഭാര്യ ബ്രിജിത്തിനെക്കുറിച്ച് മോശം പരാമര്‍ശവുമായി ബൊല്‍സെനാരോ എത്തിയത്. 65 വയസ്സുള്ള ബ്രിജിത്തിന്റെ രൂപത്തെയും ഭാവത്തെയും കുറിച്ചാണ് ബ്രസീല്‍ പ്രസിഡന്റ് മോശം അഭിപ്രായം പറഞ്ഞത്.

 

ഞായറാഴ്ച സമൂഹമാധ്യമത്തില്‍ ബൊല്‍സെനാരോയുടെ ഒരു അനുയായി ഒരു പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്നാണ് വഴക്ക് രൂക്ഷമായത്. 65 വയസ്സുകാരിയായ ബ്രിജിത്തിനെ ബ്രസീല്‍ പ്രസിഡന്റിന്റെ ഭാര്യയുമായി താരതമ്യം ചെയ്തായിരുന്നു പോസ്റ്റ്. രണ്ടുപേരും തമ്മില്‍ 28 വയസ്സിന്റെ വ്യത്യാസമുണ്ട്. ഒരാള്‍ ചെറുപ്പക്കാരിയും സുന്ദരിയുമെങ്കില്‍ മറ്റൊരാള്‍ വാര്‍ധക്യത്തിലെത്തിയെങ്കിലും  പ്രൗഢയായ വനിത. ഫ്രാന്‍സ്, ബ്രസീല്‍ പ്രസിഡന്റുമാരുടെ ഭാര്യമാരുടെയും ചിത്രം കൊടുത്തതിനുശേഷം ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായിക്കാണുമല്ലോ എന്തുകൊണ്ടാണ് മാക്രോണ്‍ ബൊല്‍സെനാരോയെ പീഡിപ്പിക്കുന്നത് എന്നായിരുന്നു അനുയായിയുടെ ചോദ്യം. മിഷേല്‍ എന്നാണ് ബൊല്‍സെനാരോയുടെ ഭാര്യയുടെ പേര്. സുന്ദരിയും ചെറുപ്പക്കാരിയും. ഈ പോസ്റ്റിനെക്കുറിച്ച് ബൊല്‍സെനാരോ തന്റെ അഭിപ്രായം പറഞ്ഞു: ദയവായി അവരെ പിന്നെയും അക്ഷേപിക്കാതിരിക്കൂ ... . 

 

ഇതേത്തുടര്‍ന്ന് മാക്രോണ്‍ പരസ്യമായിത്തന്നെ രംഗത്തെത്തി. തന്റെ ഭാര്യയെക്കുറിച്ച് ഒരു പ്രസിഡന്റ് നടത്തിയ അസാധാരണമായ ക്രൂരമായ പരാമര്‍ശം അദ്ദേഹത്തെ ചൊടിപ്പിച്ചു. അദ്ദേഹം നടത്തിയതു ക്രൂരമായ പരാമര്‍ശങ്ങളാണ്. ഞാന്‍ എന്തു പറയാനാണ്. എനിക്കദ്ദേഹത്തോടു സഹതാപം തോന്നുന്നു. ബ്രസീലിയന്‍ ജനതയോടും... മാക്രോണ്‍ അഭിപ്രായപ്പെട്ടു. 

 

തങ്ങളുടെ പ്രസിഡന്റ് സ്ത്രീകളെ ആക്ഷേപിക്കുകയാളാണെന്ന് അറിയുമ്പോള്‍ ബ്രസീലിലെ സ്ത്രീകളായിരിക്കും നാണിച്ചുതലതാഴ്ത്താന്‍പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രസീലിയന്‍ ജനതയോട് സ്നേഹവും സൗഹൃദവുമുള്ളതിനാല്‍ എനിക്കൊന്നേ ആശംസിക്കാനുള്ളൂ...അവര്‍ക്ക് വേഗം മറ്റൊരു മികച്ച പ്രസിഡന്റിനെ ലഭിക്കട്ടെ... 

 

വഴക്കു രൂക്ഷമാകുമ്പോള്‍ ലോകം ചിന്തിക്കുന്നതു ബ്രജിത്തിനെക്കുറിച്ചാണ്. പ്രായം കൂടിയതിന്റെ പേരില്‍, ചെറുപ്പക്കാരനായ പ്രസിഡന്റിന്റെ പ്രായം കൂടിയ ഭാര്യയായതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുമ്പോഴുള്ള മാനസികാവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com