ADVERTISEMENT

അമ്മയെ കെട്ടിപ്പിടിച്ച് സെൽഫിയെടുക്കുമ്പോഴും അമ്മസ്നേഹത്തെ വാഴ്ത്തി സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതുമ്പോഴും ഉള്ളിന്റെയുള്ളിൽ അമ്മയുടെ ചില സ്വഭാവങ്ങളോട് സമരം പ്രഖ്യാപിക്കാറുണ്ട് ചിലർ. അമ്മമാർ തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ വല്ലാതെ കൈകടത്തുന്നുണ്ടെന്ന് ചിലർ തുറന്നു പ്രഖ്യാപിക്കുമ്പോൾ അമ്മയോടുള്ള പിണക്കം മനസ്സിൽ സൂക്ഷിക്കും ചിലർ. ചില നേരത്തെങ്കിലും അമ്മമാർ മോശമായി പെരുമാറുന്നുണ്ടെങ്കിൽ അതിനു കാരണമുണ്ടെന്നും അങ്ങനെ മോശം പെരുമാറ്റമുണ്ടാകുമ്പോഴും അമ്മമാരുമായുള്ള ബന്ധം എങ്ങനെ കാത്തു സൂക്ഷിക്കണമെന്നും പറയുകയാണ് മാനസിക വിദഗ്ധർ.

മുതിർന്നിട്ടും അമ്മ ഒരു വ്യക്തിയായി അംഗീകരിക്കുന്നില്ലേ?

മക്കൾ മുതിർന്നാലും അവരെ വ്യക്തികളായി അംഗീകരിക്കാൻ ചില അമ്മമാർക്കു കഴിയാറില്ല. അത് ചിലപ്പോൾ മക്കളുടെ വ്യക്തിത്വത്തെത്തന്നെ മോശമായി ബാധിച്ചേക്കാം. ബന്ധങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലായിരിക്കും അത്തരം അമ്മമാരെന്നാണ് മാര്യേജ് ഫാമിലി തെറാപ്പിസ്റ്റ് ആയ ഷെയ്‌ല ടക്കർ പറയുന്നത്. മക്കളോട് മൽസരിക്കുന്ന, അവരെ വിമർശിക്കുന്ന, അവരെ മറ്റുള്ളവരോട് താരതമ്യം ചെയ്യുന്ന, എപ്പോഴും എന്തെങ്കിലുമൊക്കെ നിബന്ധനകൾ മുന്നോട്ടു വച്ചുകൊണ്ടേയിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരായിരിക്കും അവർ. സ്നേഹവും പരിപാലനവും നൽകേണ്ടവർ ചിലപ്പോൾ ശത്രുക്കളെപ്പോലെ പെരുമാറുന്നത് അവർ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ കൊണ്ട് കൂടിയാണെന്ന് വ്യക്തമാക്കുകയാണ് ഷെയ്‍ല.

മോശം പെരുമാറ്റത്തിനു പിന്നിലെ കാരണം തേടാം

നിങ്ങളുടെ സ്വഭാവത്തിലെ ഏതു കാര്യമാണ് അമ്മയെ ദേഷ്യം പിടിപ്പിക്കുന്നതെന്ന് കണ്ടെത്താം. ഒരു തെറാപ്പിസ്റ്റിന്റെയോ, സുഹൃത്തിന്റെയോ സഹായം തേടാം. എന്നാൽ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെയാണ് അമ്മ നിങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതെങ്കിൽ അമ്മയുടെ പ്രശ്നം കണ്ടെത്തി സ്വയം തിരുത്താൻ അമ്മയെ സഹായിക്കാം. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ അനുഭവിച്ച മോശം അനുഭവങ്ങളിൽ നിന്നുണ്ടായ ദേഷ്യമായിരിക്കാം അമ്മ നിങ്ങളോടുള്ള പെരുമാറ്റത്തിൽ പ്രകടിപ്പിക്കുന്നത്. യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ അമ്മയുമായുള്ള ബന്ധം ഊഷ്മളമായി തുടരാം.

mother-daughter-02

പരിധികൾ ലംഘിക്കാതിരിക്കുക

നിങ്ങളുടെ പരിമിതികളും പരിധികളും വ്യക്തമായി മനസ്സിലാക്കിയ ശേഷം പ്രശ്നപരിഹാരത്തിന് ഇറങ്ങി പുറപ്പെടുക. അമ്മയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ച് ഒടുവിൽ എന്നെന്നേക്കുമായി അകലാൻ ഇടവരും വിധം ബന്ധങ്ങൾ കലുഷിതമാക്കാതിരിക്കുവാൻ ശ്രമിക്കുക. തിരഞ്ഞെടുക്കുന്ന മാർഗങ്ങളെക്കുറിച്ച് പിന്നീട് ആലോചിക്കുമ്പോൾ കുറ്റബോധം തോന്നാതിരിക്കുക എന്നതാണ് വളരെ പ്രധാനം.

ഭൂതകാലത്തെ മോശം അനുഭവങ്ങളെ മറന്നേക്കുക

എന്നാലും പണ്ട് അമ്മ എന്നോടങ്ങനെ ചെയ്തു, എന്നെത്തല്ലി എന്നൊക്കെ പതം പറയാതെ ഭൂതകാലത്തിലുണ്ടായ മോശം അനുഭവങ്ങളെ പൂർണമായും മറന്നു കളയുക. അങ്ങനെയുള്ള പെരുമാറ്റം എന്തുകൊണ്ട് ഉണ്ടായി എന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ച് അത്തരം സാഹചര്യങ്ങൾ പുനർസൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കാം.

മുൻഗണനകൾ നൽകാം കുറവുകൾ എണ്ണാതെ

അയ്യോ എന്നാലും എനിക്കിങ്ങനെ വന്നു പോയല്ലോ എന്ന് പഴിക്കാതെ ജീവിതത്തിൽ ഇപ്പോഴുള്ള ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ പഠിക്കുക. ഇന്നിൽ ജീവിക്കാൻ പഠിച്ചാൽത്തന്നെ ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാം. അമ്മയിലുള്ള കുറ്റങ്ങളിൽ ഫോക്കസ് ചെയ്യാതെ ജീവിതത്തിൽ ഇന്ന് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന കാര്യത്തിന് ശ്രദ്ധ കൊടുക്കുക.

mother-daughter-04

അമ്മയോടു സംസാരിക്കാം മനസ്സുതുറന്ന്

നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അമ്മയോടു തുറന്നു പറയാം. എന്തുകൊണ്ടാണ് ബാല്യകാലത്ത് അമ്മ വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറിയതെന്ന് അമ്മയോടു തന്നെ ചോദിച്ചു മനസ്സിലാക്കാം. ചിലപ്പോൾ നിങ്ങൾക്ക് ഒരുപാട് വേദനിച്ചു എന്നു തോന്നുന്ന കാര്യങ്ങൾ അമ്മയുടെ ഓർമയിൽ പോലും ഉണ്ടായിയെന്നു വരില്ല. എന്നിരുന്നാലും എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ പരസ്പരം മനസ്സു തുറന്നുള്ള സംസാരങ്ങളിലൂടെ അതിനെ ഇല്ലാതാക്കാം.

അമ്മയെ അംഗീകരിക്കാൻ പഠിക്കാം

അമ്മ എങ്ങനെയാണോ അങ്ങനെതന്നെ അംഗീകരിക്കാൻ പഠിക്കാം. ഭൂതകാലത്തിലുണ്ടായ മോശം അനുഭവങ്ങളുടെ ബലത്തിൽ മാത്രം അമ്മയെ അളക്കരുത്. നിങ്ങൾ ശ്രമിച്ചാൽ അമ്മയുടെ സ്വഭാവം അടിമുടി മാറും എന്നും വിചാരിക്കരുത്. അംഗീകരിക്കാനും, ആവശ്യമായ സ്പേസ് കൊടുക്കാനും തയാറായാൽത്തന്നെ അമ്മയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒരു പരിധിവരെ പരിഹരിച്ച് മുന്നോട്ടു പോകാം.

അമ്മകാരണമാണ് എന്റെ സ്വഭാവം ഇങ്ങനെയായതെന്ന് പറയാതിരിക്കുക

നിങ്ങളുടെ സ്വഭാവത്തിൽ എന്തെങ്കിലും പോരായ്മകളോ ബലഹീനതകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പഴി അമ്മയുടെമേൽ ചാരാതിരിക്കുക. അമ്മമാരിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായ മക്കൾ പിന്നീട് അമ്മമാരാകുമ്പോൾ അവരുടെ മക്കളോട് അതിലും മോശമായി പെരുമാറുന്ന പ്രവണതയുമുണ്ട്. അതും ശരിയല്ല. മോശം അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് മറ്റുള്ളവരോട് നന്നായി പെരുമാറാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.

mother-daughter-03

മാറ്റം വേണ്ടത് അമ്മയുടെ പെരുമാറ്റത്തിലോ?, നിങ്ങളുടെ ചിന്തയിലോ?

അമ്മയുടെ സ്വഭാവത്തിലാണ് മാറ്റം വരേണ്ടത് എന്ന് വാശിപിടിക്കാതെ എങ്ങനെ സ്വയം മാറാം എന്ന് ചിന്തിക്കാം. ചിന്തകളിലും കാഴ്ചപ്പാടുകളിലും മാറ്റം വന്നാൽ തീർച്ചയായും ആ മാറ്റം ജീവിതത്തിലും പ്രതിഫലിക്കും.

എല്ലാത്തിനും അമ്മ വേണമെന്നു ശഠിക്കാതെ കുറേ കാര്യങ്ങൾ തനിയെ ചെയ്യാൻ പഠിക്കാം

നിങ്ങളെ കേൾക്കാത്ത, പരിഗണിക്കാത്ത, പ്രോത്സാഹിപ്പിക്കാത്ത അമ്മയാണുള്ളതെന്ന് പരിഭവം പറയാതെ സ്വയം കാര്യങ്ങൾ ചെയ്യാൻ പഠിക്കാം. തിരക്കുകൾ മൂലമോ, മറ്റെന്തെങ്കിലും കാരണം മൂലമോ അമ്മയ്ക്ക് നിങ്ങളുടെ കാര്യങ്ങളിൽ വേണ്ടത്ര കരുതൽ കാണിക്കാൻ പറ്റിയില്ലെങ്കിൽ അതിനെക്കുറിച്ചോർക്കാതെ സ്വന്തം കാര്യങ്ങളിൽ സ്വയം ശ്രദ്ധപുലർത്തുകയും അത് അമ്മയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com