ADVERTISEMENT

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നു പറയാറുണ്ടെങ്കിലും പരസ്പരമുള്ള സ്നേഹവും കരുതലും പ്രണയവും കൊണ്ട് ആ വിവാഹബന്ധം ജീവിതകാലം മുഴുവൻ നിലനിർത്തിക്കൊണ്ടു പോകേണ്ടത് ഭൂമിയിലുള്ളവരുടെ ഉത്തരവാദിത്തമാണെന്ന് ഓർമപ്പെടുത്തുകയാണ് ഇവിടെ രണ്ടുപേർ. മധ്യപ്രദേശിലാണ് സംഭവം. മൽസരപരീക്ഷകളോടുള്ള അമിതമായ പ്രണയം മൂലം സ്വന്തം ഭാര്യയെ ശ്രദ്ധിക്കാതിരുന്ന ഒരു ഭർത്താവാണ് വാർത്തയുടെ ശ്രദ്ധാകേന്ദ്രം. ഭർത്താവിന്റെ അവഗണന സഹിക്കവയ്യാതെ ഭാര്യ സ്വന്തം വീട്ടിലേക്കി മടങ്ങി. തന്റെയരികിലേക്കു മടങ്ങാൻ കൂട്ടാത്ത ഭാര്യയിൽ നിന്ന് വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭർത്താവ് കോടതിയെ സമീപിച്ചപ്പോഴാണ് വിചിത്രമായ ഈ ദാമ്പത്യ കലഹത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്.

വിവാഹമോചനത്തിന്റെ നിയമനടപടികളിലേക്ക് കടക്കും മുൻപുള്ള കൗൺസിലിങ് സെക്ഷനിലാണ് വിവാഹംദിനം മുതൽ താൻ നേരിടുന്ന അവഗണനയെക്കുറിച്ച് യുവതി തുറന്നു പറഞ്ഞത്. ഡിസ്ട്രിക് ലീഗൽ സർവീസ് അതോറിറ്റിക്കു മുൻപിൽ യുവതി പറഞ്ഞതിങ്ങനെ. :-

''മൽസര പരീക്ഷകൾക്കുവേണ്ടി ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനാണ് ഭർത്താവ്. അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും പരീക്ഷയെക്കുറിച്ചുള്ള ചിന്ത മാത്രമേയുള്ളൂ. പിഎച്ച്ഡി നേടിയ അദ്ദേഹം അച്ഛനമ്മമാരുടെ ഒരേയൊരു മകനാണ്. മാതാപിതാക്കളിലൊരാൾക്ക് അസുഖമായതിനെത്തുടർന്നാണ് അദ്ദേഹം ധൃതിയിൽ വിവാഹത്തിന് സമ്മതിച്ചത്''.

എന്നാൽ വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചുകൊണ്ട് യുവതിയുടെ ഭർത്താവ് പറയുന്നതിങ്ങനെ :-

''സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയ ഭാര്യ തിരിച്ചു വരാൻ കൂട്ടാക്കുന്നില്ല. സ്വന്തം വീട്ടിലേക്കു മടങ്ങിയതു മുതൽ അവരുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് വിവാഹമോചനം അനുവദിക്കണം''. ബന്ധുക്കളും കൗൺസിലേഴ്സുമുൾപ്പടെയുള്ളവർ ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഠിനമായിത്തന്നെ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയുള്ള 4 കൗൺസിലിങ് സിറ്റിങ്ങുകളും പരാജയമായിരുന്നു. പക്ഷേ എന്തുവിലകൊടുത്തും ദമ്പതികൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ തങ്ങൾ ശ്രമിക്കുമെന്നാണ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് അതോറിറ്റിയിലെ കൗൺസിലർ നൂറന്നിസ ഖാൻ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com