sections
MORE

കൈയിൽ 12, കാലിൽ 14; പത്തിലധികം വിരലുകളുള്ള കുടുംബാംഗങ്ങൾ, ദുരിതമിങ്ങനെ

Members of this MP family have 12 fingers in hand & feet  |  Photo Credit: ANI
ചിത്രത്തിന് കടപ്പാട് : എഎൻഐ
SHARE

കൈകാലുകളിൽ വിരലിന്റെ എണ്ണം കൂടുന്നത് ഭാഗ്യമായി ചിലർ കരുതാറുണ്ട്. എന്നാൽ കൈകളിൽ 12 വിരലുകളും കാലുകളിൽ 14 വിരലുകളുമുള്ളതിന്റെ ബുദ്ധിമുട്ടുകളേക്കുറിച്ചാണ് ഒരു കുടുംബത്തിലെ 25 പേർക്ക് പറയാനുള്ളത്. മധ്യപ്രദേശിലാണ് സംഭവം. ഒരു കുടുംബത്തിലെ 25 അംഗങ്ങൾക്ക് ഈ അവസ്ഥയുണ്ടായതിനെത്തുടർന്ന് കുടുംബം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കുടുംബാംഗം ബാൽദേവ് യവാലെ പറയുന്നതിങ്ങനെ :- 

'' കുടുംബാംഗങ്ങളിൽ മിക്കവർക്കും കൈകാലുകളിൽ പത്തിലധികം വിരലുണ്ട്. കുഞ്ഞുങ്ങളെ സ്കൂളിൽ അയച്ചെങ്കിലും അവർ പഠനം പൂർത്തിയാക്കാൻ തയാറാകുന്നില്ല. സഹപാഠികൾ കളിയാക്കുന്നുവെന്നു പറഞ്ഞാണ്

അവർ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന ഞങ്ങൾ സർക്കാരിനോട് സഹായം അഭ്യർഥിച്ചെങ്കിലും അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.''

ജനിതകപരമായ പ്രശ്നം കൊണ്ട് തനിക്ക് കൈകളിൽ 12 ഉം കാലുകളിൽ 14 ഉം വിരലുകളുണ്ടെന്നും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടു തന്നെ ജോലിയൊന്നും ലഭിക്കുന്നില്ലെന്നുമാണ് കുടുംബത്തിലെ മറ്റൊരംഗത്തിന്റെ പരാതി. ഈ പ്രശ്നം മൂലം ദൈനംദിന കാര്യങ്ങൾക്കുവരെ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും പാകമായ ചെരുപ്പു കിട്ടാനാണ് ഏറെ പ്രയാസമെന്നും അവർ പറയുന്നു.

'' സാധാരണ സ്ലിപ്പറുകളും ഷൂസുകളുമൊന്നും എന്റെ കാലിനു ചേരില്ല. ഞാൻ 10–ാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. ഒരിക്കൽ ഒരു ആർമി റിക്രൂട്ട്മെന്റ് പരീക്ഷയിൽ പങ്കെടുത്തിരുന്നെങ്കിലും ഫിസിക്കൽ ടെസ്റ്റിൽ ഞാൻ പരാജയപ്പെട്ടു.''- കുടുംബത്തിലെ മറ്റൊരംഗം സന്തോഷ് പറയുന്നു. ജോലിയിൽ നിന്നും സ്വാഭാവിക ജീവിതത്തിൽ നിന്നും അകറ്റി നിർത്തുന്ന ഈ ജനിതക വൈകല്യം തന്നെയാണ് ഗ്രാമത്തിൽ തങ്ങളെ പ്രശസ്തരാക്കിയതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

പക്ഷേ ഇത്തരം വൈകല്യങ്ങളെ നെഗറ്റീവായെടുക്കാതെ പോസിറ്റീവ് ആയിക്കണ്ട് സ്വന്തം ജീവിതത്തിൽ വിജയം കൊയ്തവരും ഈ ലോകത്തിലുണ്ടെന്നാണ് ചില വാർത്തകൾ സൂചിപ്പിക്കുന്നത്. പ്രശസ്ത വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം സർ ഗർഫീൽഡ് സോബേഴ്സിന് ഇരുകൈകളിലുമായി പത്തിലധികം വിരലുണ്ടായിരുന്നു. പിന്നീട് അദ്ദേഹം സർജറിയിലൂടെ അത് നീക്കം ചെയ്യുകയായിരുന്നു. ഹോളിവുഡ് താരം ഹാലി ബെറിയ്ക്കും ഇടത് കാലിൽ അധികം വിരലുകളുണ്ടായിരുന്നു. ബോളിവുഡ് താരം ഹൃത്വിക് റോഷന് വലതുകൈയിൽ അധികം വിരലുകളുണ്ട്.

ഏഷ്യയിലെ ഏറ്റവും സെക്സിയെസ്റ്റ് പുരുഷനായി യുഎസ് വീക്ക്‌ലി തിരഞ്ഞെടുത്ത ഹൃത്വിക് താന്റെ വിരലുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് താൻ ഭാഗ്യവാനാണെന്ന് പലകുറി പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് അദ്ദേഹം ഫെയ്സ്ബുക്ക് പേജിൽ കുറിച്ചതിങ്ങനെ :-

'' ഞാൻ ഭാഗ്യവാനാണ്. ഏറ്റവും സെക്സിയസ്റ്റ് പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടല്ല. കാരണം എന്നെയും എന്നെപ്പോലെയുള്ള മനുഷ്യരെയും ഒരു കാര്യം ഓർ‌മ്മിപ്പിക്കാനാണ് ദൈവം ഇങ്ങനെയൊരു കുറവു തന്നത്. നമ്മുടെ കുറവുകൾ നമ്മെ എത്രത്തോളം സൗന്ദര്യമുള്ളവരാക്കുന്നുവെന്നാണ് അത് ഓർമപ്പെടുത്തുന്നത്. സ്കൂളിലൊക്കെ പഠിക്കുമ്പോൾ എന്റെ കൈ വിരൽ എനിക്കേറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇന്ന് നിങ്ങളുടെയൊക്കെ സ്നേഹം ലഭിക്കുന്ന ഒരാളായി ഞാൻ മാറി. സുന്ദരമായ ഒരു പോരായ്മയാണത്. ഈ സുന്ദരമായ ജീവിതം തന്നതിന് ദൈവത്തിന് നന്ദി. നിങ്ങളുടെ കുറവുകളെ നിങ്ങളുടെ ശക്തിയാക്കി മാറ്റൂ. അഭിമാനത്തോടെ ജീവിക്കൂ. എന്നെ വിശ്വസിക്കൂ.'' - ഹൃത്വിക് കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA