അമ്മ വിധവയല്ലേ? ശുഭകാര്യങ്ങൾക്കെങ്ങനെ പങ്കെടുപ്പിക്കും; കല്യാണംകൊണ്ട് മറുപടി

Wedding. Photo Credit: Facebook
ഷീബയുടെയും സുനിലിന്റെയും വിവാഹത്തിന് വരന്റെ അമ്മ താലിയെടുത്തു നൽകുന്നു വധുവിന്റെ അമ്മ കൈപിടിച്ചു നൽകുന്നു. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

വരന്റെ അമ്മ താലിയെടുത്തു നൽകി, വധുവിന്റെ അമ്മ കൈപിടിച്ചു നൽകി. അങ്ങനെയൊരു കല്യാണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. സാധാരണ അച്ഛന്മാരല്ലേ ഇതൊക്കെ ചെയ്യേണ്ടത്. അച്ഛൻ മരിച്ചു പോയെങ്കിൽ ആ സ്ഥാനത്തുള്ള കുടുംബത്തിലെ കാരണവന്മാരാരെങ്കിലുമല്ലേ അത് ചെയ്യേണ്ടത്. വിധവകളായ അമ്മമാർ ശുഭകാര്യങ്ങളിൽ പങ്കെടുക്കാമോ? ഇങ്ങനെയുള്ള കുനിഷ്ട് ചോദ്യക്കാർക്കുള്ള ഒരു മറുപടി കൂടിയാണ് ഈ കല്യാണം.

എത്ര പുരോഗമനം പറഞ്ഞാലും മനസ്സിൽ യാഥാസ്ഥിതികരായി ജീവിക്കുന്നവർ പിന്തുടരുന്ന ദുരാചാരത്തെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ഷീബ–സുനിൽ കുമാർ ദമ്പതികൾ തങ്ങളുടെ വിവാഹം നടത്തിയത്. വിവാഹച്ചടങ്ങിൽ അച്ഛന്മാർ ചെയ്യേണ്ട കടമകൾ നിറവേറ്റിയത് ദമ്പതികളുടെ അമ്മമാരാണ്. വരന്റെ അമ്മയാണ് താലിയെടുത്ത് മകന്റെ കൈയിൽക്കൊടുത്തത്.കന്യാദാനം നിർവഹിച്ചുകൊണ്ട് മകളുടെ കൈ പിടിച്ച് വരന്റെ കൈയിൽ ഏൽപ്പിച്ചത് വധുവിന്റെ അമ്മയും.

അച്ഛൻമരിച്ചുപോയ മക്കളുടെ വിവാഹത്തിന് അച്ഛന്റെ അസാന്നിധ്യം അറിയിക്കാതെ അച്ഛന്റെ കടമകളെല്ലാം ചെയ്തുകൊണ്ടാണ് ഇവിടെ രണ്ട് അമ്മമാർ മാതൃകയായത്. ശുഭകാര്യങ്ങളിൽ നിന്നും എന്നും വിധവകളെ മാറ്റി നിർത്തുന്ന പ്രവണതയെ തിരുത്തിക്കുറിച്ചുകൊണ്ട് വിവാഹദിനത്തിൽ വിധവകളായ അമ്മമാരെക്കൊണ്ട് വിവാഹത്തിന്റെ മുഖ്യചടങ്ങുകൾ നിർവഹിപ്പിച്ച വധു ഷീബ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോളെഴുതിയ കുറിപ്പിങ്ങനെ :-

'' അമ്മ വിധവ അല്ലേ...? എങ്ങനെ കല്യാണം ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും.. വിധവകൾ മംഗള കർമങ്ങളിൽ അശ്രീകരം ആണത്രേ..... അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാൽ മതിയല്ലോ..... ഞങ്ങളുടെ വിവാഹത്തിൽ പ്രധാനപെട്ട ഒരു പ്രശ്നം (ഞങ്ങളുടെ അല്ല ) ഇതായിരുന്നു.....

അച്ഛന്റെ മരണ ശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല.... എപ്പോഴും ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ. രണ്ടമ്മമാരും ഇങ്ങനെ തന്നെ. ഈ അമ്മമാർ താലി എടുത്തു തരുമ്പോഴും കൈപിടിച്ച് കൊടുക്കുമ്പോഴും കിട്ടുന്ന അനുഗ്രഹവും പ്രാർത്ഥനയും മറ്റൊന്നിൽ നിന്നും ഞങ്ങൾക്ക് കിട്ടാനില്ല. അതുകൊണ്ട് അച്ഛന്റെയും ദൈവത്തിന്റെയും പൂജാരിയുടെയും ഒക്കെ സ്ഥാനം ഞങ്ങൾ അമ്മമാരെ ഏൽപിച്ചു....... അവർ നടത്തിയ കല്യാണം ഭംഗിയായി നടന്നു. ഇന്ന് വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം.

വിധവകൾ അശ്രീകരം അല്ല. ഒരു ഭർതൃമതിയെക്കാൾ ഐശ്വര്യം തികഞ്ഞവർ ആണ്.ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണൽ ഇല്ലാതെ കുഞ്ഞുങ്ങളെ വളർത്തി.... കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലിൽ ജീവിക്കുന്നവർ...ഇവരെ ആണ് ചേർത്തു നിർത്തേണ്ടത്''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA