ADVERTISEMENT

ഒൻപതു വര്‍ഷം മുന്‍പാണ് മോണിക്ക- അരവിന്ദ് വോറ ദമ്പതികളുടെ പോരാട്ടം ആരംഭിക്കുന്നത്. മകന്‍ ആര്യന്റെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടം. പനിയിലായിരുന്നു തുടക്കം. വിട്ടുമാറാത്ത പനി ടൈഫോയ്ഡും അണുബാധയുമായി മാറുകയും ഒടുവില്‍ ഹീമോഗ്ലോബിന്‍ നില ഗണ്യമായി കുറയുകയും ചെയ്തതോടെ പരിശോധനകള്‍ക്കൊടുവില്‍ അവര്‍ ആ വാര്‍ത്ത അറിഞ്ഞു- മകന് ലുക്കീമിയ അഥവാ രക്താര്‍ബുദമാണെന്ന്. 

2011 ല്‍ ആര്യന് അഞ്ചുവയസ്സ്. ജീവിതത്തലെ ഏറ്റവും വലിയ ഷോക്കിന് വിധേയരായപ്പോഴാണ് ഇതുപോലെ വേറെ എത്രയോ മാതാപിതാക്കള്‍ അനുഭവിച്ചിരിക്കാനിടയുള്ള ഞെട്ടലിനെക്കുറിച്ച് മോണിക്ക-അരവിന്ദ് ദമ്പതികള്‍ ചിന്തിക്കുന്നത്. അവരില്‍ പാവപ്പെട്ടവര്‍ ഉണ്ടാകും. ദാരിദ്ര്യരേഖയ്ക്കും താഴെ കഴിയുന്നവര്‍. ഓരോ ദിവസത്തെയും വേതനത്തിനു വേണ്ടി അന്നന്നു പണിയെടുക്കുന്നവര്‍. സമ്പാദ്യമില്ലാത്തവര്‍.

സമൂഹത്തെക്കുറിച്ചുള്ള ചിന്ത നയിച്ചത് ഒരു കൂട്ടായ്മയിലേക്ക്- ലുക്കീമിയ ക്രൂസേഡേഴ്സ് (എല്‍സി). രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിക്കാനും ചികില്‍സാച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനും. 2013 ല്‍ ഡല്‍ഹി സ്വദേശികളായ മോണിക്കയും അരവിന്ദും സംഘടനയ്ക്കു തുടക്കമിട്ടു. അതിനുശേഷം 1240 കുട്ടികളെ അവര്‍ സഹായിച്ചു. 17 സംസ്ഥാനങ്ങളിലായി 42 ആശുപത്രികളില്‍ ജീവിതത്തിനുവേണ്ടി മല്ലടിച്ചുകൊണ്ടിരുന്നവരെ. പണം കുറവാണ് എന്നതിന്റെ പേരില്‍ ഒരു കുട്ടിയുടെയും ചികില്‍സ മുടങ്ങരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. 

രോഗം തിരിച്ചറിയുന്ന ആദ്യത്തെ മൂന്നു നാലു മാസങ്ങളാണ് ഏറ്റവും കഠിനം. കീമോതെറാപ്പിയും ചികില്‍സാച്ചെലവുകളും പരിചരണവും ആരോഗ്യവും സമ്പാദ്യവും ഇല്ലാതാക്കുന്ന അവസ്ഥ. 14 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് രോഗം ബാധിക്കുന്നതെങ്കില്‍ രക്ഷപ്പെടാനുള്ള സാധ്യത 90 ശതമാനത്തില്‍ അധികമാണ്- മോണിക്ക പറയുന്നു. 

കാന്‍സര്‍ സ്ഥിരീകരിക്കുന്ന ഒരു കുട്ടിക്ക് 3 മുതല്‍ 8 ലക്ഷം വരെ ചികില്‍സാച്ചെലവ് വേണ്ടിവരുന്നതെന്ന് മോണിക്ക പറയുന്നു. ഏതുതരം രോഗമാണ്, എത്രനാളത്തെ ചികില്‍സ വേണം തുടങ്ങിയവ വ്യത്യാസപ്പെടുന്നതനുസരിച്ച് ചെലവിലും വ്യത്യാസമുണ്ടാകും. ആര്യന്റെ രോഗം സുഖപ്പെടുന്നതിനുമുമ്പുതന്നെ മോണിക്കയും ഭര്‍ത്താവും മറ്റുകുട്ടികളെയും സഹായിക്കാന്‍ തുടങ്ങി. കാന്‍സര്‍ ബാധിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുണ്ട്.

പക്ഷേ പലര്‍ക്കും ഇതേക്കുറിച്ച് ശരിയായ അറിവില്ല. ആരോഗ്യമന്ത്രിയുടെ കാന്‍സര്‍ പേഷ്യന്റ് ഫണ്ട് തന്നെ ഉദാഹരണം. കുട്ടികളുടെ കുടുംബം ചികില്‍സച്ചെലവിനുള്ള മാര്‍ഗം കണ്ടെത്തുന്നതുവരെ, ഒരു മാസത്തോളം ചികില്‍സ ലുക്കീമിയ ക്രൂസേഡേഴ്സ് ഏറ്റെടുക്കുന്നു. തുടക്കത്തിലെ ചികില്‍സയാണ് ഏറ്റവും പ്രധാനം. നിര്‍ണായകവും. അതു മുടങ്ങിയാല്‍ കുട്ടികളുടെ ജീവിതം തന്നെ അപകടത്തിലാകും. ശരാശരി 30,000 മുതല്‍ 75,000 രുപ വരെ ഓരോ കുട്ടിക്കും വേണ്ടി ക്രൂസേഡേഴ്സ് ചെലവാക്കാറുണ്ട്. തുടക്കത്തില്‍ മൊബൈല്‍ ഫോണ്‍ കമ്പനിയുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. പിന്നീട് വിവിധ കമ്പനികളുടെ കോര്‍പറേറ്റ് റെണ്‍പോണ്‍സിബിലിറ്റി പദ്ധതികളുടെ ഭാഗമായുള്ള സഹായവും സ്വീകരിച്ചു. 

വ്യാജ ആവശ്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്രൂസേഡേഴ്സ് ആശുപത്രിക്കാണ് പണം കൈമാറുന്നത്. രോഗം ബാധിച്ച കുട്ടിക്കോ മാതാപിതാക്കള്‍ക്കോ അല്ല. ചികില്‍സാ സഹായം നല്‍കിയ എല്ലാ കുട്ടികളും മോണിക്കയ്ക്ക് പ്രിയപ്പെട്ടവരാണെങ്കിലും ഒരിക്കലും മറക്കാനാവില്ല 15 വയസ്സുകാരനായ ദുഷ്യന്തിനെ.

ഭര്‍ത്താവിന്റെ സഹായി ഒരു ദിവസം രാത്രിയാണ് മകന്റെ രോഗവിവരവുമായി എത്തുന്നത്. ആശുപത്രിയില്‍ എത്തിക്കാനുള്ള പണം പോലും അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. കുട്ടിയെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് മോണിക്ക ചികില്‍സ ഏര്‍പ്പാട് ചെയ്തു. രോഗം ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ പോലും ഉപേക്ഷിച്ചതാണ്. ഒടുവില്‍ അദ്ഭുതകരമായി ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ദുഷ്യന്ത് ഇപ്പോള്‍ പഠിക്കുന്നത് 10-ാം ക്ലാസില്‍. ഇന്നും എല്ലാ ദിവസവും അവന്റെ ആരോഗ്യത്തെക്കുറിച്ച് പിതാവ് മോണിക്കയ്ക്ക് സന്ദേശം അയയ്ക്കും- ദുഷ്യന്ത് സുഖമായിരിക്കുന്നു എന്ന്. 

മോണിക്കയുടെ മകന്‍ ആര്യന് ഇപ്പോള്‍ 13 വയസ്സ്. രോഗം ഇപ്പോള്‍ അവന്റെ ഓര്‍മയില്‍ത്തന്നെയില്ല. സംസ്ഥാന തലത്തില്‍ നടക്കുന്ന ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലെ ഒരു മല്‍സരാര്‍ഥി കൂടിയാണ് ഇപ്പോള്‍ ആര്യന്‍. ജീവിതത്തില്‍ സന്തോഷത്തിനൊപ്പം സങ്കടങ്ങളും തിരിച്ചടികളും ഉണ്ടാകും. തിരിച്ചടികളെ അതിജീവിക്കുന്നവരാണ് പിന്നീട് സ്വന്തമായ അടയാളം അവശേഷിപ്പിക്കുന്നത്. മോണിക്കയും അരവിന്ദും തളരാതെ പോരാടിയവരാണ്. അവരുടെ പോരാട്ടം ആയിരങ്ങള്‍ക്ക് ഇന്ന് ഊര്‍ജം പകരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com