ADVERTISEMENT

ചൈനയിലെ 11 കുടുംബാംഗങ്ങള്‍ ഒരുമാസത്തിനിടെ പരസ്പരം നടത്തിയത് 23 വിവാഹങ്ങള്‍. വിവാഹം കഴിക്കാനുള്ള അത്യധികമായ ആസക്തികൊണ്ടോ പണം മോഹിച്ചോ ഒന്നുമില്ല ഈ വിചിത്ര വിവാഹങ്ങള്‍ അരങ്ങേറിയത്. പകരം സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വീടുകള്‍ക്കുവേണ്ടി. 

ചൈനയുടെ കിഴക്ക് ഷീജിയാങ് പ്രവിശ്യയിലാണ് കെട്ടുകഥകളില്‍പോലും കേട്ടിട്ടില്ലാത്ത വിചിത്രവിവാഹങ്ങള്‍ അരങ്ങേറിയത്. ഇവിടെ സര്‍ക്കാരിന്റെ ഒരു വികസനപദ്ധതി വരുന്നുണ്ട്. അതിന്റെ ഭാഗമായി നിലവിലുള്ള വീടുകള്‍ പൊളിക്കുകയാണ്. പകരം പ്രദേശവാസികളും വിവാഹിതരുമാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 40 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ സര്‍ക്കാര്‍ നല്‍കും. ഇത്തരത്തില്‍ അനുവദിക്കുന്ന വീടുകള്‍ സ്വന്തമാക്കാന്‍വേണ്ടിയാണ് സഹോദരീ-സഹോദരന്‍മാര്‍ തമ്മിലും കസിന്‍സും തമ്മില്‍ തമ്മില്‍ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും വീണ്ടും വിവാഹിതരാകുകയും ചെയ്തത്. 

പാന്‍ എന്ന പുരുഷനാണ് വിദഗ്ധമായി തയാറാക്കിയ പദ്ധതി ആദ്യം വിജയകരമായി നടപ്പാക്കിയത്. ഷി എന്നായിരുന്നു പാനിന്റെ ഭാര്യയുടെ പേര്. ഇവര്‍ വിവാഹമോചിതരായിരുന്നു. പക്ഷേ, ഷിയെത്തന്നെ പാന്‍ വീണ്ടും വിവാഹം കഴിച്ചു. മാര്‍ച്ച് ആറിനായിരുന്നു വിവാഹം. ഷിജിയാങ് പ്രവിശ്യയിലെ താമസക്കാരിയാണെന്ന സര്‍ട്ടഫിക്കറ്റ് ഷി ക്ക് ഉണ്ടായിരുന്നു. സൗജന്യ പാര്‍പ്പിടം സ്വന്തമാക്കാന്‍ വേണ്ട രേഖയും അതുതന്നെയായിരുന്നു; പ്രദേശവാസിയാണെന്ന സാക്ഷ്യപത്രം. 

ആറു ദിവസത്തിനുശേഷം പാനും ഷിയും വീണ്ടും വിവാഹമോചിതരായി. അപ്പേഴേക്കും ഷീക്ക് പാര്‍പ്പിടത്തിന്റെ അവകാശം ലഭിച്ചിരുന്നു. 15 ദിവസത്തിനകം പാന്‍ വീണ്ടും വിവാഹം കഴിച്ചു. ഇത്തവണ ഭാര്യയായിരുന്ന ഷി യുടെ സഹോദരിയെ. ഇതിനിടെ, ഷി മറ്റൊരു പുരുഷനെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. സഹോദരന്‍മാരും സഹോദരിമാരും അടുത്ത ബന്ധുക്കളും. അവരെല്ലാം വിവാഹം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്തു കൊണ്ടേയിരുന്നു. മൊത്തം 23 വിവാഹങ്ങളാണ് ഒരുമാസത്തിനുള്ളില്‍ നടന്നത്. ഒടുവില്‍ അധികൃതര്‍ പദ്ധതി പൊളിച്ചു. അവര്‍ യാഥാര്‍ഥ്യം കണ്ടെത്തി.

സൗജന്യമായി ലഭിക്കുന്ന വീടുകള്‍ക്കുവേണ്ടി നടത്തിയ പദ്ധതിയാണെന്നും ഖേദമുണ്ടെന്നുമായിരുന്നു പ്രതികളുടെ പ്രതികരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com